ചറുപുഴയില്‍ അനധികൃത നിര്‍മ്മാണം ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദത്തില്‍

Thursday 19 April 2018 6:43 pm IST

 

ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉേദ്യാഗസ്ഥരുടെമേല്‍ കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തുന്നതായി ആരോപണം. ചെറുപുഴ പഞ്ചായത്തിലെ പ്രധാന ജലസ്രോതസായ തേജസ്വിനി പുഴയൂടെ ഉദ്ഭവസ്ഥാനത്ത് രാജഗിരിയില്‍ വന്‍കിട കമ്പനിയുടെ ക്വാറി ആരംഭിക്കുന്നതിനും പുഴയെ മലിനമാക്കുന്ന രീതിയില്‍ ചെറുപുഴ പുതിയ പാലത്തിന് സമീപം വന്‍കിട വാഹനങ്ങള്‍ക്കായി നിര്‍മ്മിക്കുന്ന സര്‍വ്വീസ് സ്‌റ്റേഷന്‍ അനുമതി നല്‍കുന്നതും നിയമവിധേയമല്ലാത്ത മാര്‍ഗത്തിലൂടെ അനുമതി നല്‍കുന്നതിനാണ് ശ്രമം നടക്കുന്നത്. 

രാജഗിരിയിലെ നൂറ് ഏക്കറോളം വരുന്ന സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന സര്‍ക്കാര്‍ ഭൂമിയിലെ പൈതൃകസ്വത്തായ കമ്മാളിക്കല്ല് സാറ്റലൈറ്റ് സര്‍വേയിലൂടെ കണ്ടെത്തി ക്വാറിയും ക്രഷറും തുടങ്ങാനുള്ള ശ്രമം വര്‍ഷങ്ങള്‍ക്കു മുന്‍പേ ആരംഭിച്ചിരുന്നു. ഭാഗീകമായി പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തതാണ്. എന്നാല്‍ രാജഗിരി കുന്നുകള്‍ക്കു മുകളില്‍ തൊപ്പി പോലെ നില്‍ക്കുന്ന പാറപ്പൊട്ടിച്ച് നീക്കം ചെയ്താല്‍ താഴ്ന്ന പ്രദേശങ്ങളില്‍ ജലസ്രോതസ്സുകളപ്പാടെ ഇല്ലാതാവുകയും കടുത്ത ജലക്ഷാമം ഉരുള്‍പ്പൊട്ടല്‍ ഉള്‍പ്പെടെയുള്ള പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തിലുള്ള പൈതൃക സംരക്ഷണ സമിതി പ്രക്ഷോഭവുമായി വന്നതോടെ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി അനുമതി നിഷേധിച്ച് ക്വാറിയുടെ ലൈസന്‍സ് റദ്ദ് ചെയ്തു. എന്നാല്‍ പുതിയ ഭരണസമിതിയുടെ നേതൃത്വത്തില്‍ ക്വാറി പ്രവര്‍ത്തനം തുടങ്ങാനുള്ള ശ്രമം ആരംഭിച്ചിരിക്കയാണ്. കഴിഞ്ഞ ദിവസം സ്ഥലപരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ പ്രതിഷേധം അറിയിക്കുകയും ചെയ്തു. 

അതുപോലെ തന്നെ ഏഴിമല നേവല്‍ അക്കാദമിക്കും പെരിങ്ങോം സിആര്‍പിഎഫ് ക്യാമ്പിനുമുള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ ഉപയോഗിക്കുന്ന ജലസ്രോതസായ തേജസ്വിനി പുഴയുടെ കരയില്‍ വന്‍കിട സര്‍വ്വീസ് സ്റ്റേഷന്‍ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ വരട്ട് കൊല്ലി തോട് മണ്ണിട്ട് നികത്തി കരിയോയിലുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ പുഴയിലേക്ക് തള്ളുന്ന തരത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും പഞ്ചായത്ത് ലൈസന്‍സ് നല്‍കാനുള്ള ശ്രമം നടക്കുകയും ചെയ്തപ്പോള്‍ പരിസ്ഥിതി പ്രവര്‍ത്തകരും രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തുവരുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് തത്ക്കാലം പ്രവര്‍ത്തനം നിര്‍ത്തിവച്ചുവെങ്കിലും വളഞ്ഞ വഴിയിലൂടെ കാര്യം നേടാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. എന്നാല്‍ സര്‍വ്വീസ് സ്‌റ്റേഷനായി പണിത വലിയ കുഴിക്ക് മുകളില്‍ പലകയിട്ട് അതിനു മുകളില്‍ മണ്ണ് നിരത്തി മറ്റൊരു പേരില്‍ പെര്‍മിറ്റ് നല്‍കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിനെതിരെ പ്രതികരിച്ചതിന് പത്രപ്രവര്‍ത്തകനായ ഓസ്റ്റിന്‍ കുര്യന് മര്‍ദ്ദനമേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

പുഴയെയും പരിസ്ഥിതിയെയും തകര്‍ക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ക്ക് അനുമതി നല്‍കാനാവില്ലെന്ന ഉറച്ച നിലപാട് ഉദ്യോഗസ്ഥര്‍ എടുക്കുമ്പോള്‍, സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങളെ പോലും അട്ടിമറിച്ചുകൊണ്ട് ഏതുവിധേനയും അനുമതി ലഭിക്കാനുള്ള ശ്രമത്തിലാണ് ഉന്നത രാഷ്ട്രീയ നേതൃത്വങ്ങള്‍. ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചില്ലെങ്കില്‍ ഭാവി തലമുറയ്ക്ക് നഷ്ടമാകുന്നത് പൈതൃക സമ്പത്താണ്.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.