ജീവിതദര്‍ശനമാകേണ്ട ശങ്കരദര്‍ശനം

Friday 20 April 2018 2:00 am IST

ദ്വൈതദര്‍ശനത്തിന്റെ പ്രചാരകനും ഭാരതീയ ജ്ഞാനവിജ്ഞാനങ്ങളെ വേദാന്തമെന്ന സമഗ്രദര്‍ശനത്തിലേക്ക് സമന്വയിപ്പിക്കുകയും ചെയ്ത ജഗത്ഗുരു ശ്രീശങ്കരാചാര്യസ്വാമികളുടെ ജന്മദിനം തത്ത്വജ്ഞാനി ദിനമായി ആചരിക്കുകയാണല്ലോ. 

നാരായണം പത്മഭുവം വസിഷ്ഠം

ശക്തിം ച തത്പുത്ര പരാശരം ച

വ്യാസം ശുകം ഗൗഡപദം മഹാന്തം

ഗോവിന്ദയോഗീന്ദ്രമഥാസ്യശിഷ്യം

ശ്രീശങ്കരാചാര്യമഥാസ്യ പത്മ

പാദം ച ഹസ്താമലകം ച ശിഷ്യം

തം തോടകം വാര്‍ത്തികകാരമന്യാന്‍

അസ്മാന്‍ ഗുരൂന്‍ സന്തതമാനതോളസ്മി

എന്നു തുടങ്ങുന്ന ഗുരുപരമ്പരാസ്‌തോത്രത്തില്‍ പ്രതിപാദിക്കുന്ന മഹത്തുക്കളുടെ അനുഗ്രഹവും അറിവുമാണ് മനുഷ്യന്‍ എന്ന നിലയില്‍ ഭാരതീയരായ നമുക്ക് ലഭിച്ചിട്ടുള്ള മഹിതമായ പൈതൃകവും പാരമ്പര്യവും.

ഈ ഗുരുപരമ്പരയിലെ മധ്യഗുരുവെന്ന് പുകഴ്‌പെറ്റ ശ്രീശങ്കരാചാര്യസ്വാമികള്‍ (ക്രി.വ.788-820) ഭാരതീയ ജനജീവിതത്തെ ആഴത്തില്‍ സ്വാധീനിക്കുകയും മനുഷ്യവ്യവഹാരത്തിലെ  പുഴുക്കുത്തേറ്റ ആചാരവിചാരങ്ങളുടെ നവീകരണത്തിന് തുടക്കം കുറിക്കുകയും ചെയ്തിട്ടുള്ള മഹാത്മാവാണ് . ഇതുകൊണ്ടാണ്, 

സദാശിവസമാരംഭാം ശങ്കരാചാര്യമധ്യമാം

അസ്മദാചാര്യപര്യന്തം വന്ദേ ഗുരുപരമ്പരാം

എന്ന് ഗുരുത്വമുള്ളവരെല്ലാം വാഴ്ത്തുന്നത്. ഗുരുത്വമില്ലാത്തവരാകട്ടെ  ജാതിവാദി, മായാവാദി എന്നൊക്കെപറഞ്ഞ് ആക്ഷേപിക്കുകയും ചെയ്യുന്നു. ഇപ്രകാരം വിവേകമതികളായവരുടെ ആദരവിനും അജ്ഞാനികളായവരുടെ അവഹേളനത്തിനും ഒരുപോലെ പാത്രമായ മറ്റൊരാചാര്യനും ഒരിടത്തും ഉണ്ടാവാനിടയില്ല.

ജന്മം കൊണ്ട് കേരളത്തേയും കര്‍മ്മംകൊണ്ട് ഭാരതത്തേയും ഉപദേശങ്ങളെക്കൊണ്ട് ലോകത്തേയും ധന്യമാക്കിയ ശ്രീശങ്കരന്‍ ലോകമാരാധിക്കുന്ന തത്ത്വജ്ഞാനികള്‍ക്കുപോലും വഴികാട്ടിയാണ്. 

ശ്രുതിയുടേയും യുക്തിയുടേയും അനുഭവത്തിന്റേയും വെളിച്ചത്തില്‍ ലോകത്തിന് പരമസത്യത്തെ അപാരമായ കാരുണ്യത്തോടെ പകര്‍ന്നുനല്‍കിയതുകൊണ്ടാണ്,

ശ്രുതിസ്മൃതിപുരാണാനാ- 

    മാലയം കരുണാലയം

നമാമി ഭഗവദ്പാദശങ്കരം ലോകശങ്കരം

എന്ന് ആദരപൂര്‍വ്വം ആചാര്യരെ നമിക്കുന്നത്. അഗ്നിക്ക് പ്രകാശമില്ലെന്നോ തണുപ്പാണെന്നോ നൂറുവേദം ഒന്നിച്ചു പറഞ്ഞാലും തന്റെ യുക്തിക്കോ അനുഭവത്തിനോ ബോധ്യമില്ലാത്തതിനെ പ്രമാണമായി സ്വീകരിക്കില്ലെന്ന യുക്തിബോധത്തിലധിഷ്ഠിതമായ കാഴ്ചപ്പാടുള്ളതിനാലാണ് മഹാത്മാഗാന്ധിയെ പോലുള്ളവര്‍ 'യുക്തിവാദികളുടെ രാജാവെന്ന്' ആചാര്യസ്വാമികളെ വിശേഷിപ്പിച്ചിട്ടുള്ളത്.

ഇപ്രകാരം ബഹുമുഖപ്രതിഭാശാലിയായ ശ്രീശങ്കരാചാര്യരുടെ സന്ദേശം എത്രമാത്രം  പ്രാധാന്യമുള്ളതാണെന്ന് ചിന്തിക്കുന്നത് അവസരോചിതമായിരിക്കും. വിശേഷിച്ച് മാതൃ-പിതൃ-ഗുരു-ദൈവനിന്ദയും, രാജ്യദ്രോഹചിന്തകളും അക്രമസ്വഭാവവും അലങ്കാരമായും പുരോഗമനത്തിന്റെ മാനദണ്ഡമായും കണക്കാക്കിപ്പോരുന്ന വര്‍ത്തമാനകേരളത്തില്‍. ഇവിടെയാണല്ലോ ജീവിതദര്‍ശനമാകേണ്ടിയിരുന്ന ശങ്കരദര്‍ശനത്തെ തെറ്റായി വ്യാഖ്യാനിച്ച് തലമുറയ്ക്ക് അന്യമാക്കിത്തീര്‍ത്തത്. ശങ്കരവാണിയില്‍ കിങ്കരവാണി തിരുകിക്കയറ്റി ജാതിവാദിയും, പിന്‍തിരിപ്പനും, ബ്രാഹ്മണമേധാവിയുമായി അവതരിപ്പിക്കാന്‍ കള്ളക്കഥകളുണ്ടാക്കി. ആരോ എഴുതിയ ശങ്കരസ്മൃതിയെന്ന കൃതി ശ്രീശങ്കരനുമേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിച്ചത് ഇതിന്റെ ഭാഗമായിരുന്നു. കേരളത്തില്‍ തീണ്ടലും അനാചാരങ്ങളും നടപ്പിലാക്കാന്‍  ശങ്കരാചാര്യരെഴുതിയതാണ് ശങ്കരസ്മൃതിയെന്ന് വൈക്കം സത്യാഗ്രഹം നടക്കുന്നു സമയത്ത് മഹാത്മാഗാന്ധിയുടെ മുന്നില്‍വച്ച്  വാദിച്ച ഇണ്ടംതുരുത്തിമനയിലെ നമ്പ്യാതിരിമാരായിരുന്ന ഈ കെട്ടുകഥ ആദ്യം അവതരിപ്പിച്ചത്. അധികാരവും പണവും ആള്‍ബലവുമുള്ള നവബ്രാഹ്മണരായ ഇണ്ടംതുരുത്തിക്കാര്‍ ഇന്നും ഇക്കഥ പാടിനടക്കുന്നുണ്ട്.

ശ്രീശങ്കരാചാര്യരെപോലുള്ള മഹാത്മാവിനോട് ഏതൊരു ഭാരതീയനും ഉണ്ടാകേണ്ടത് ആദരവാണ്. അതിനുപകരം അനാദരവ് കാട്ടുന്നതെന്തുകൊണ്ട് എന്നതിന് ഡോ. സുകുമാര്‍ അഴീക്കോട് 'ഗുരുവിന്റെ ദുഃഖം' എന്ന കൃതിയില്‍ പറഞ്ഞ മറുപടി ഇവിടെ പ്രസക്തമാണ്.

''മനുഷ്യസമൂഹത്തിന്റെ മഹാഭാഗ്യം മഹാന്മാര്‍ അവരുടെ ഇടയില്‍ പിറക്കുന്നുവെന്നതാണ്. മഹാന്മാരുടെ നിര്‍ഭാഗ്യം അവര്‍ മനുഷ്യരുടെ ഇടയില്‍ ജനിച്ചുപോകുന്നതാണ്. മഹാന്മാരുടെ പിറവിക്കായി എത്രകാലം നോമ്പുനോല്‍ക്കാനും മനുഷ്യര്‍ തയ്യാറാണ്. ദേവന്മാരെ കബളിപ്പിച്ച് അങ്ങനൊരാള്‍ മനുഷ്യര്‍ക്കിടയില്‍  അവതരിച്ചുപോയോ? പിന്നെ അവരെ ഇവിടുന്ന് തുരത്തി ദേവന്മാരുടെ ഇടയിലേക്ക് തിരിച്ചയയ്ക്കാനായിരിക്കും തിടുക്കം. ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ ഇവര്‍ ഇതിനായി തെരഞ്ഞെടുക്കും.''

ശ്രീബുദ്ധന്റെ, ക്രിസ്തുവിന്റെ, നബിയുടെ, ശ്രീശങ്കരാചാര്യരുടെ, ശ്രീനാരായണഗുരുവിന്റെ ഒക്കെ ദുഃഖമിതായിരുന്നുവെന്ന് അഴീക്കോട് മാഷ് വിസ്തരിക്കുന്നുണ്ട്.

(തുടരും)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.