ഭഗവാനും ബ്രഹ്മവും രണ്ടു വസ്തുക്കളാണോ? അല്ല

Friday 20 April 2018 2:02 am IST

ശ്രീശങ്കരാചാര്യര്‍ തന്നെ വിശദീകരിക്കുന്നു. ''യയാ ച  ഈശ്വരശക്ത്യാ ഭക്താനുഗ്രഹാദി പ്രയോജനായ ബ്രഹ്മപ്രതിഷ്ഠതേ-പ്രവര്‍ത്തതേ, സാ ശക്തിഃ ബ്രഹ്മ ഏവ അഹം'' =(യാതൊരു ഈശ്വരശക്തികൊണ്ടാണോ ഭക്താനുഗ്രഹം മുതലായവയ്ക്കുവേണ്ടി ബ്രഹ്മം പ്രവര്‍ത്തിക്കുന്നത്, ആ ബ്രഹ്മം തന്നെയാണ് ഞാന്‍.) ആചാര്യര്‍ തുടരുന്നു- ''ശക്തി ശക്തമതോഃ അനന്യത്വാത്. ശക്തിയും ശക്തിമാനും (ശക്തിയുള്ളവനും) തമ്മില്‍ വ്യത്യാസമില്ല.

''ശക്തിമാന്‍'' എന്നു പറയുമ്പോള്‍ ശക്തിയും ഉള്‍പ്പെടുന്നുണ്ടല്ലോ. സൂര്യന്‍ എന്നു പറയുമ്പോള്‍ സൂര്യന്റെ രശ്മികളും രശ്മികളില്‍നിന്ന് ലോകം മുഴുവനും വ്യാപിച്ചു നില്‍ക്കുന്ന വെയിലും (ആതപം ഉള്‍പ്പെടുന്നു. ഘനീഭൂതമായ പ്രകാശമാണല്ലോ സൂര്യഗോളം; അതുപോലെ-കര്‍പ്പൂരത്തില്‍ തന്നെയാണല്ലോ സുഗന്ധവും നിലനില്‍ക്കുന്നത്. അതുപോലെ ബ്രഹ്മഭാവവും പരമാത്മഭാവവും എന്നില്‍ പ്രതിഷ്ഠിതമാണ് എന്നുതന്നെയാണ് പ്രസ്പഷ്ടമായ അര്‍ത്ഥം. ശ്രീകൃഷ്ണനില്‍നിന്ന് ഭിന്നമായ വസ്തുവല്ല ബ്രഹ്മം എന്ന് നാം മനസ്സിലാക്കണം.

''ബ്രഹ്മഭൂയായകല്‍പതേ'' എന്ന് കഴിഞ്ഞ ശ്ലോകത്തില്‍ പറഞ്ഞത് യുക്തം തന്നെയാണ്.

ബ്രഹ്മപ്രാപ്തി ആദ്യത്തെ അനുഭൂതി

ഭഗവത് സാക്ഷാത്കാരത്തിന്റെ ആദ്യത്തെ അനുഭുതിയാണ് ബ്രഹ്മപ്രാപ്തി. ഈ അവസ്ഥയില്‍ ഭൗതികതയ്ക്കും അജ്ഞതയ്ക്കും ദുഃഖങ്ങള്‍ക്കും ആ ബ്രഹ്മജ്ഞാനി അതീതനാണ്. പക്ഷേ, പരിപൂര്‍ണമായ മോക്ഷാവസ്ഥയില്‍ എത്തിച്ചേര്‍ന്നിട്ടുമില്ല.

രണ്ടാമത്തെ അനുഭൂതിയാണ് പരമാത്മ സാക്ഷാത്കാരം (14-27)

ഭഗവാന്‍ ഓരോരുത്തരുടെയും ഹൃദയത്തില്‍ പരമാത്മാവായി വാഴുന്നുണ്ട്.

''ജീതാത്മാനഃ പ്രശാന്തസ്യ

പരമാത്മാ സമാഹിതഃ'' (6-7)

(=മനസ്സിനെ നിയന്ത്രിച്ച് അതിനാല്‍ തന്നെ മനസ്സ് ശാന്തമായവന്റെ അടുത്ത് തന്നെ പരമാത്മാവ് സ്ഥിതി ചെയ്യുന്നു) എന്ന് ആറാം അധ്യാത്തില്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്. അഷ്ടാംഗയോഗത്തിലൂടെ സിദ്ധാവസ്ഥയില്‍ എത്തിച്ചേര്‍ന്ന യോഗിക്ക് ആ സാന്നിദ്ധ്യം അനുഭൂതമാകുന്നു. സൂര്യന്റെ പ്രകാശധാരയില്‍ കുളിച്ച് നില്‍ക്കുന്ന ഒരു ഗൃഹത്തിന്റെ ഉള്ളറകളില്‍ ആ പ്രകാശത്തിന്റെ സാന്നിദ്ധ്യം ലഭിക്കുന്നതുപോലെ തന്നെ, ശ്രീകൃഷ്ണന്റെ തേജോമയമായ ബ്രഹ്മം, യോഗിയുടെ ഹൃദയത്തിലും പ്രകാശിക്കുന്നു.

''സ യോഗീമയിവര്‍ത്തതേ'' (ഗീ.6-3)

(ആ യോഗി എന്നില്‍ തന്നെയാണ് സ്ഥിതി ചെയ്യുന്നത് എന്നും ഭഗവാന്‍ പറഞ്ഞു.)

 9961157857

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.