പ്രകൃതിയെ രക്ഷിക്കുന്നത് യജ്ഞം രക്ഷിക്കുന്നവന്‍ യജ്ഞവരാഹം

Friday 20 April 2018 2:10 am IST

ബ്രഹ്മപുത്രനായ സ്വായംഭൂവമനു ബ്രഹ്മാവിന്റെ പ്രതിപുരുഷനായിനിന്നുകൊണ്ട് ബ്രഹ്മനിയോഗാനുസൃതം സൃഷ്ടികര്‍മ്മം എന്ന ചുമതല ഏറ്റെടുക്കാന്‍ തയ്യാറായി. പ്രകൃതിയുടെ നിയോഗാനുസൃതം ഏതു ചുമതലയും നിര്‍വഹിക്കാന്‍ പ്രകൃതിസ്വരൂപിണിയായിത്തന്നെ ശതരൂപയും തയ്യാറായി. പ്രകൃതിയുടെ എല്ലാ സ്വരൂപവും ശതരൂപ ഉള്‍ക്കൊണ്ടു. ബ്രഹ്മാണ്ഡത്തെ മുഴുവന്‍ പിണ്ഡാണ്ഡവും ഉള്‍ക്കൊള്ളുന്നതിനാല്‍ അവള്‍ ശതരൂപയായി. മകളുടേയും മരുമകളുടേയും സഹോദരിയുടേയും ഭാര്യയുടേയും അമ്മയുടേയും മരുമകളുടേയും സഹോദരിയുടേയും എല്ലാം രൂപഭാവങ്ങള്‍ അവര്‍ നിര്‍വഹിച്ചു.

സൃഷ്ടികര്‍മത്തിനായി സ്വായംഭൂവമനു തയ്യാറായപ്പോഴാണ് ഒരു സംശയം ഉടലെടുത്തത്. എവിടെയാണ് സൃഷ്ടി നടത്തുക. അതിനുള്ള സ്ഥാനമേതാണ്. ഉണ്ടായിരുന്ന ഭൂമി ജ്യേഷ്ഠന്റെ പേരക്കുട്ടി തട്ടിക്കൊണ്ടുപോയിരിക്കുന്നു. മരീചി മഹര്‍ഷിയുടെ പുത്രന്‍ കശ്യപമഹര്‍ഷിയുടെ മകനായ ഹിരണ്യാക്ഷന്റെ കൈവശമാണ് ഇപ്പോള്‍ ഭൂമി. സ്വായംഭൂവമനു ആ കേസും വിധാതാവിന്റെ മുന്നില്‍ അവതരിപ്പിച്ചു.

ഭൂമിയെ പരിപാലിക്കാനുള്ള ചുമതല ഞാന്‍ നിന്നെ ഏല്‍പ്പിക്കുകയാണ് എന്ന് ബ്രഹ്മദേവന്‍ സ്വായംഭൂവമനുവിനോട് നിര്‍ദ്ദേശിച്ചപ്പോള്‍ ഭൂമി ഹിരണ്യാക്ഷന്‍ കയ്യേറിക്കഴിഞ്ഞതായി മനു ശ്രദ്ധില്‍പ്പെടുത്തി. ബ്രഹ്മദേവന്‍ ചിന്തിച്ചു.

ഹിരണ്യാക്ഷന്‍ ജലത്തില്‍ ഒളിച്ചിരിക്കുകയാണ്. അവന് ധനസമ്പാദനത്തില്‍ മാത്രമാണ് താല്‍പ്പര്യം.  ആരെപ്പറ്റിച്ചായാലും പണമുണ്ടാക്കണം. ഹിരണ്യത്തില്‍ (സ്വര്‍ണത്തില്‍)കണ്ണുറപ്പിച്ചവനാണ് ഹിരണ്യാക്ഷന്‍. അവനില്‍നിന്ന് ഭൂമിയെ മോചിപ്പിച്ചേ പറ്റൂ. ഹേ ജഗദീശ്വര, ആരുടെ ഹൃദയത്തില്‍നിന്നാണോ ഞാനുണ്ടായത്, ആ ഹൃദയേശ്വരന്‍ തന്നെയാണ് ഈ വിഷയത്തിലും പരിഹാരം കാണാന്‍ എനിക്ക് ഏകാശ്രയം.

മൈത്രേയര്‍ പറഞ്ഞു:

''ഇത്യഭിധ്യായതോ നാസാവിവരാത് 

സഹസാനഘ!

വരാഹതോകോ നിരഗാദ് അംഗുഷ്ഠ 

പരിമാണകഃ''

ഹേ നിഷ്പാപനായ വിദുരരേ, ബ്രഹ്മദേവന്റെ പ്രാര്‍ത്ഥന കേട്ട് പെട്ടെന്നുതന്നെ ഒരു കുഞ്ഞുവരാഹം വിധാതാവിന്റെ നാസാദ്വാരത്തില്‍നിന്നും പുറത്തുവന്നു. അപ്പോള്‍ അംഗുഷ്ഠ മാത്രം (തള്ളവിരലിന്റത്രയും) വലുപ്പമുണ്ടായിരുന്ന ആ വരാഹം, നോക്കി നില്‍ക്കെത്തന്നെ വലുതായി. ക്ഷണനേരം കൊണ്ട് അത് ആനയെപ്പോലെ വലുതായി.

ഇത് എന്റെ മൂക്കില്‍നിന്നു പുറത്തുവന്നതുതന്നെയോ എന്ന ബ്രഹ്മദേവന്‍ ഒരു അദ്ഭുതപ്പെട്ടുവോ?

''കിമേതത് സൗകരവ്യാജം സത്വം 

      ദിവ്യമവസ്ഥിതം

അഹോ ബതാശ്ചര്യമിദം നാസായാ 

      മേ വിനിഃസൃതം''

തീര്‍ച്ചയായും ഈ സൂകരരൂപം വ്യാജമാണ്. ഇത്  ദിവ്യം തന്നെയാണ്. ആശ്ചര്യകരമാംവിധം എന്റെ നാസികയില്‍ കൂടിപുറത്തുവന്നു എന്നുമാത്രം.

ഇപ്പോള്‍ ഗജരൂപത്തില്‍നിന്നും വളര്‍ന്ന് പര്‍വതാകാരമായിക്കാണുന്നു.

മഹത്തായ ഒരു യജ്ഞം തന്നെയാണ് ഈ ദിവ്യരൂപത്തിനു നിര്‍വഹിക്കാനുള്ളത് എന്ന് നിശ്ചയം.

ധനമോഹിയായ ഹിരണ്യാക്ഷനില്‍നിന്നും ഭൂമിയെ തിരിച്ചുപിടിച്ച് ഉദ്ധരിച്ചെടുക്കണം. സമ്പത്തു മുഴുവനും കൈക്കലാക്കിക്കഴിഞ്ഞ ആളോടാണ് നേരിടേണ്ടത്. അതും സംസ്‌കാരം തീരെയില്ലാതെ താഴ്ന്ന നിലവാരത്തില്‍ പെരുമാറുന്ന അസുരന്‍. തീര്‍ച്ചയായും ദിവ്യമായ ഒരു ചൈതന്യം തന്നെയാണിത്.

ഇതു മനസ്സിലാക്കി ബ്രഹ്മാവും മഹര്‍ഷിവര്യന്മാരും വരാഹമൂര്‍ത്തിയെ സ്തുതിച്ചു. ആ സ്തുതിയില്‍ പ്രസാദിച്ചുകൊണ്ട് ആ ചൈതന്യം ഉയര്‍ന്നുചാടി സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് ആഴ്ന്നിറങ്ങി.

ഭൂമിയെ തിരികെ രക്ഷിച്ചെടുക്കാനായി ഹിരണ്യാക്ഷനെ വധിക്കാനും യജ്ഞവരാഹമൂര്‍ത്തി തെല്ലും മടിച്ചില്ല.

ബ്രഹ്മാവ് ചിന്തിച്ചു. വാസ്തവത്തില്‍ ഞാന്‍ ആ ഭഗവാന്റെ അംശമാണോ? അതോ എന്റെ അംശമാണോ അത്. യഥാര്‍ത്ഥത്തില്‍ ഞാനും ആ ചൈതന്യവും ഒന്നുതന്നെയല്ലേ. അതില്‍നിന്നും ഞാനുണ്ടായി. എന്നില്‍നിന്നും അതുണ്ടായി. അതായത് രണ്ടും ഒന്നുതന്നെ. ഞാനും ഭഗവാനും വ്യത്യസ്തരല്ല.

എന്നിലെ ശ്രേഷ്ഠതകളെല്ലാം ഭഗവാനാണ്. എന്നിലെ ആസുരികതകളെല്ലാം ഹിരണ്യാക്ഷനും.  എന്നിലെ ശ്രേഷ്ഠതകള്‍ ആസുരികതയെ തകര്‍ത്തതോടെ ഞാന്‍ (അഹം) ശ്രേഷ്ഠ(വര)നായി. ശ്രേഷ്ഠനായ ഞാന്‍ തന്നെയാണ് വരാഹം. അതിനായി ചെയ്ത കര്‍മ്മമാണ് യജ്ഞം. അതിനാല്‍ യജ്ഞവരാഹമായി. ഇതെല്ലാം സത്യത്തില്‍ ഞാന്‍ തന്നെ. മായയാല്‍ മറക്കപ്പെടുമ്പോള്‍ അതു വിട്ടുപോകുന്നു.

''യജ്ഞോ യജ്ഞപതിര്‍യജ്വാ 

യജ്ഞാംഗോ യജ്ഞവാഹനഃ

യജ്ഞഭൃദ് യജ്ഞകൃത് യജ്ഞീ 

യജ്ഞഭുഗ് യജ്ഞസാധനഃ

യജ്ഞാന്തകൃത് യജ്ഞഗുഹൃം 

അന്നമന്നാദ ഏവച''

യജ്ഞസ്വരൂപവും യജ്ഞപ്രഭുവും യജ്ഞം ചെയ്യുന്നവനും യജ്ഞവസ്തുക്കളും നിര്‍വഹിക്കുന്നവനും നടത്തിക്കുന്നവനും നടത്തുന്നവനും യജ്ഞഭോക്താവും യജ്ഞം വിജയിപ്പിക്കുന്നവനും പൂര്‍ണാഹുതി ചെയ്യുന്നവനും യജ്ഞത്തിലൂടെ അറിയേണ്ടവനും എല്ലാം ഈ ഭഗവാന്‍ തന്നെ. ഭഗവാനല്ലാതെ മറ്റൊന്നുമില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.