അധൃഷ്യമായ ആത്മീയ ശക്തി

Friday 20 April 2018 2:12 am IST

''വ്യക്തിപരമായ തപസ്യയിലൂടെ ആദ്ധ്യാത്മികശക്തിയെ യഥാര്‍ത്ഥമായി പടുത്തുയര്‍ത്തിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അനശ്വരജ്ഞാനമാകുന്ന അരുവിയില്‍ നിമജ്ജനം ചെയ്യാം. അന്തര്‍ജ്ഞാനത്തില്‍ ഉദ്ദീപ്തരായാല്‍ കര്‍മ്മബന്ധങ്ങള്‍ നിങ്ങളെ ഒരിക്കലും സ്പര്‍ശിക്കുകയില്ല. നിസ്സാരങ്ങളായ കര്‍ത്തവ്യങ്ങള്‍പോലും വലിയ ഒരു ഭാരമായി ആരാണോ കരുതുന്നത് ജീവിതത്തിലെ പ്രശ്‌നങ്ങളെ പെരുപ്പിച്ചു കാണുന്നതാരാണോ,മുറുമുറുക്കുകയും പരാതിപ്പെടുകയും ചെയ്യുന്ന സ്വഭാവം ആര്‍ക്കാണോ ഉള്ളത് അവര്‍ ബലഹീനരാണ്. യോഗചര്യ അവര്‍ക്കു വേണ്ടിയുള്ളതല്ല.''

   ഒരു ഉല്‍ക്കൃഷ്ടഭാവത്തില്‍ ആമഗ്നയായി,ആദ്ധ്യാത്മിക തേജസ്സുകൊണ്ട് ജാജ്ജ്വല്ല്യമാനമായ നയനങ്ങളോടുകൂടി,ദിവ്യമാതാവ് ഇങ്ങിനെ അരുളിച്ചെയ്തു.

 ''ആത്മീയശക്തി അതിഗംഭീരമായ ഒരു ശക്തിയാണ്. അധൃഷ്യമായ ആത്മീയശക്തി പര്‍വ്വതങ്ങളെപ്പോലുംപൊടിച്ചു തരിപ്പണമാക്കുവാന്‍ കെല്‍പുള്ളതും ഒരുവന്‍ സൃഷ്ടിച്ച പ്രപഞ്ചത്തെ അവനില്‍തന്നെ വിലയിപ്പിക്കുവാന്‍ കഴിവുള്ളതുമായ ശക്തിയാണ്. (ആ ആത്മീയശക്തി നേടിയിട്ടുള്ള)  പ്രഭാവശാലികളായ യോഗികളുടെ പരമ്പര ഭാരതത്തില്‍ അസ്തപ്രായമായോ? അവരുടെ വാക്കുകളുടെ മൂല്ല്യവും ശക്തിയും വിനഷ്ടമായിത്തീര്‍ന്നോ? ഇല്ല. ഒരിക്കലുമില്ല. ആത്മീയശക്തി ചിരസ്ഥായിയാണ്. ഭാരതം യോഗഭൂമിയാണ്. മുന്നോട്ടു വരുവിന്‍. ഉണരുവിന്‍. പ്രബുദ്ധരാകുവിന്‍. നിങ്ങളുടെ ഋഷിപാരമ്പര്യത്തില്‍ അഭിമാനം കൊള്ളുവിന്‍. മഹത്കര്‍മ്മങ്ങളിലൂടെ നിങ്ങളുടെ വിശ്വാസത്തെ പ്രഖ്യാപിക്കുവിന്‍. ദീര്‍ഘദൃഷ്ടി,ഭാവിയിലേക്കു ബഹുദൂരം വ്യാപിക്കുന്ന ദൃഷ്ടി,പുറകിലും,മുമ്പിലും,മുകളിലും താഴേയും നാലുപാടും കാണുന്ന ദൃഷ്ടി,അതിസൂക്ഷ്മങ്ങളായ വികാരങ്ങളെപ്പോലും ദര്‍ശനസീമ.യില്‍നിന്നും രക്ഷനേടാന്‍ അനുവദിക്കാത്തത്ര വിസ്തൃതവ്യാപ്തമായ ദൃഷ്ടി,അപ്രകാരമുള്ള ഉജ്ജ്വലമായ ദൃഷ്ടി നിങ്ങള്‍ക്കുണ്ടാവണം.''

(സമ്പാ:കെ.എന്‍.കെ.നമ്പൂതിരി)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.