വിവാദ ഭൂമി ഇടപാട്: പണമൊഴുക്ക് നിലച്ചു; അതിരൂപത കടക്കെണിയില്‍

Friday 20 April 2018 2:20 am IST

കൊച്ചി: വിവാദ ഭൂമി ഇടപാടിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനാവാതെ എറണാകുളം-അങ്കമാലി അതിരൂപത. സഭയുടെ പണം ഭൂമി ഇടപാടിലൂടെ കളഞ്ഞുകുളിച്ച രൂപതാ നേതൃത്വത്തിനോടുള്ള എതിര്‍പ്പുമൂലം പള്ളികള്‍ക്ക് നല്‍കുന്ന പണത്തില്‍ വിശ്വാസികള്‍ പിശുക്ക് കാട്ടിത്തുടങ്ങി. കുര്‍ബാനയ്ക്കിടെ നടക്കുന്ന ഞായറാഴ്ച പിരിവുകളില്‍ നിന്ന് വിശ്വാസികളില്‍ ഭൂരിഭാഗവും വിട്ടുനില്‍ക്കുകയാണ്. ഇതോടെ, അതിരൂപതയുടെ വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടായി. 

ഭൂമി ഇടപാടിലെ വീഴ്ചമൂലമുണ്ടായ ബാങ്ക് വായ്പയുടെ പലിശ പോലും നല്‍കാന്‍ പാടുപെടുമ്പോള്‍, നിലവിലുള്ള വരുമാനംകൂടി നിലച്ചത് കനത്ത തിരിച്ചടിയായി. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പോലും മുടങ്ങുന്ന സ്ഥിതിയിലാണ്.  വിവാദ ഭൂമി ഇടപാടുമായി ബന്ധമുള്ള കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ നീക്കണമെന്നാവശ്യപ്പെട്ട് രംഗത്തുവന്ന ക്രൈസ്തവ പുരോഹിതര്‍ പോലും അതിരൂപതയുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പോംവഴികള്‍ ആലോചിച്ചു തുടങ്ങി. അതിരൂപതയുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചാല്‍, തങ്ങളുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുമെന്ന തിരിച്ചറിവിനെ തുടര്‍ന്നാണിത്. 

ഒരു മാസത്തെ അലവന്‍സ് അതിരൂപതയ്ക്ക് നല്‍കാന്‍ സഭയിലെ ക്രൈസ്തവ പുരോഹിതര്‍ തീരുമാനമെടുത്തിരുന്നു. ചില പുരോഹിതര്‍ ഇതില്‍ വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും, അതിരൂപതയുടെ ഭാവി അപകടത്തിലാകാതിരിക്കാന്‍ അതാവശ്യമാണെന്ന് മറ്റ് പുരോഹിതര്‍ അവരെ ബോധ്യപ്പെടുത്തുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഒരു മാസത്തെ അലവന്‍സ് നല്‍കാന്‍ തയ്യാറാണെന്ന് പുരോഹിതര്‍ അറിയിച്ചത്. ഇതുസംബന്ധിച്ച് സഹായമെത്രാന്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. എന്നാല്‍, ആരെയും അലവന്‍സ് നല്‍കാന്‍ നിര്‍ബന്ധിക്കില്ലെന്നും താത്പര്യമുണ്ടെങ്കില്‍ നല്‍കിയാല്‍ മതിയെന്നുമാണ് വ്യക്തമാക്കിയിട്ടുള്ളത്. 

ഭൂമി ഇടപാടിലെ വീഴ്ച മൂലം ബാങ്ക് കടം പെരുകിയിരിക്കുകയാണ്. പലിശയിനത്തില്‍ മാത്രം ഒരുമാസം 70 ലക്ഷം രൂപ നല്‍കണം. പുരോഹിതരുടെ ഒരുമാസത്തെ അലവന്‍സ് കിട്ടിയാലും 50 ലക്ഷം രൂപയേ വരൂ. അതുകൊണ്ടുതന്നെ മറ്റു വരുമാനമാര്‍ഗ്ഗങ്ങളെക്കുറിച്ചും ആലോചിക്കുന്നുണ്ട്. അതിരൂപതയില്‍ വിശ്വാസികള്‍ക്കുള്ള വിശ്വാസം കൂട്ടാനുള്ള പോംവഴികളും നേതൃത്വവും പുരോഹിതരും ചിന്തിക്കുന്നുണ്ട്. വിശ്വാസികളുടെ വിശ്വാസം നിലനിര്‍ത്തി കുര്‍ബ്ബാനയ്ക്കിടെയുള്ള ഞായറാഴ്ചപ്പിരിവ് ഊര്‍ജ്ജിതമാക്കാനും ശ്രമമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.