കസ്റ്റഡി കൊലപാതകം: യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ ഗൂഢാലോചന

Friday 20 April 2018 2:30 am IST

കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്ത് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ ആലുവ റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ പോലീസുകാരുടെ വെളിപ്പെടുത്തല്‍ വിവാദമാകുന്നു. കേസില്‍ തങ്ങളെ ബലിയാടാക്കുകയാണെന്നും തങ്ങളെ കുടുക്കാന്‍ ഗൂഢാലോചന നടക്കുന്നുന്നുണ്ടെന്നുമാണ് വെളിപ്പെടുത്തല്‍. അറസ്റ്റിലാകും മുമ്പ് തയ്യാറാക്കിയ വീഡിയോ ദൃശ്യത്തിലാണ് ഇക്കാര്യങ്ങള്‍ അവര്‍ വ്യക്തമാക്കുന്നത്. പോലീസുകാരുടെ വെളിപ്പെടുത്തലോടെ അന്വേഷണസംഘവും വെട്ടിലായി. 

സന്തോഷ് കുമാര്‍, ജിതിന്‍ രാജ്, സുമേഷ് എന്നീ ആര്‍ടിഎഫ് ഉദ്യോഗസ്ഥരാണ് പോലീസ് ഉന്നതരുടെ ഗൂഢാലോചന വെളിപ്പെടുത്തിയത്. ശ്രീജിത്തിനെ വീട്ടില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തവര്‍ ഇവരായിരുന്നു. എന്നാല്‍, ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുമ്പോഴും വരാപ്പുഴ സ്റ്റേഷനിലെത്തിച്ചും ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പരാതി. 

എന്നാല്‍, എസ്‌ഐക്കെതിരെയും ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുക്കാന്‍ പറഞ്ഞ ഉന്നത പോലീസുദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുത്തിട്ടില്ല. കേസന്വേഷണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം. 

പിടിയിലായ പോലീസുകാര്‍ നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് പറയുന്നുണ്ട്.  ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് ജോലിയോട് ആത്മാര്‍ഥയുള്ളതുകൊണ്ടാണ്.മേലുദ്യോഗസ്ഥരില്‍ നിന്ന് ഇതിന് അഭിനന്ദനം ലഭിച്ചിരുന്നു. ഏഴുവീടുകളില്‍ പരിശോധന നടത്തിയതിനുശേഷമാണ് ശ്രീജിത്തിനെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തതെന്നും ആര്‍ടിഎഫിലെ പോലീസുകാര്‍ വ്യക്തമാക്കുന്നുണ്ട്. 

ശ്രീജിത്ത് കൊലപ്പെട്ടതിനെ തുടര്‍ന്ന് പോലീസില്‍ ചേരിതിരിവുണ്ടായിരുന്നു. കൊലക്കുറ്റം മറ്റുചില പോലീസുകാരുടെ തലയില്‍ കെട്ടിവെക്കാന്‍ ഉന്നതരില്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് അന്നുതന്നെ പരാതി ഉയര്‍ന്നിരുന്നു. അതേസമയം കുറ്റവാളികള്‍ ആരായാലും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നാണ് ഡിജിപി വ്യക്തമാക്കിയിട്ടുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.