പള്ളിക്കത്തോട് കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഇപ്പോഴും 'ഫസ്റ്റ് ക്ലിക്കില്‍' തന്നെ

Friday 20 April 2018 2:00 am IST
ബാലാരിഷ്ഠകള്‍ മാറാതെ പള്ളിക്കത്തോട് കെ. ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സ്. പുതിയ ബാച്ചുകള്‍ തുടങ്ങുന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.

 

കോട്ടയം: ബാലാരിഷ്ഠകള്‍ മാറാതെ പള്ളിക്കത്തോട് കെ. ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സ്. പുതിയ ബാച്ചുകള്‍ തുടങ്ങുന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.   പഠനപ്രവര്‍ത്തനങ്ങള്‍ക്ക്‌സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്റ് ലഭിക്കാതെ വന്നതോടെ കഴിഞ്ഞ ദിവസങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ സമരത്തിലായിരുന്നു. ബുധനാഴ്ച നടന്ന ചര്‍ച്ചയിലാണ് വിദ്യാര്‍ത്ഥികള്‍ സമരം പിന്‍വലിച്ചത്.

രാജ്യത്തെ മൂന്നാമത്തെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടാണ് കോട്ടയം പള്ളിക്കത്തോട് തെക്കുംതലയില്‍ ആരംഭിച്ച കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ്. പള്ളിക്കത്തോട് തെക്കുംതലയിലെ ഗവണ്‍മെന്റ് സ്‌കൂളിന്റെ 60 സെന്റ് സ്ഥലം സര്‍ക്കാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിനായി എറ്റെടുത്തു. 

പിന്നീട് പത്ത് പേരില്‍ പത്തേക്കര്‍ സ്ഥലവും ഏറ്റെടുത്തു. 2005ല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് തുടങ്ങാന്‍ അനുവാദം ലഭിച്ചു. തുടര്‍ന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിന് കെ. ആര്‍.നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സ് എന്ന് പേരിട്ടു. കേന്ദ്രസര്‍ക്കാര്‍ 1.95 കോടി അനുവദിച്ചു. 

2006ല്‍ കേന്ദ്രമന്ത്രിയായിരുന്ന പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി തറക്കല്ലിട്ടു. പദ്ധതിക്കായി 31 കോടി സംസ്ഥാന സര്‍ക്കാര്‍ നല്‍കി. തുടര്‍ന്ന് വന്ന യുഡിഎഫ് സര്‍ക്കാര്‍ കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു. 

2017ല്‍ ആദ്യബാച്ചിന്റെ പഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നതോടെ പുതിയ ബാച്ചിന്റെ പ്രവേശനം മുടങ്ങി. ആദ്യബാച്ചിന്റെ ക്ലാസ് തുടങ്ങാന്‍ വൈകിയിതും പഠനോപകരണങ്ങള്‍ കൃത്യമായി ലഭിക്കാഞ്ഞതുമാണ് പുതിയ ബാച്ചിന്റെ പ്രവേശനം നടക്കാതെ പോയതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനത്തില്‍ അധികൃതര്‍ വേണ്ട താല്‍പര്യം കാണിക്കുന്നില്ലെന്ന് പരാതിയുണ്ട്. 

ഗ്രാന്റ് ലഭിക്കുന്നില്ലെന്ന പരാതി ഉന്നയിച്ച് വിദ്യാര്‍ത്ഥികള്‍ ചൊവ്വാഴ്ച പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധം ശക്തമായതോടെ ബുധനാഴ്ച ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തി. ചെയര്‍മാന്റെ ഉറപ്പിന്മേല്‍ വിദ്യാര്‍ത്ഥികള്‍ സമരം പിന്‍വലിച്ചു.

ഡിപ്ലോമാ കോഴ്‌സിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ ഹ്രസ്വചിത്രം നിര്‍മ്മിക്കണം. 

പത്ത് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് ഹ്രസ്വചിത്രം നിര്‍മ്മിക്കുന്നത്. നിര്‍മ്മാണത്തിനായി രണ്ടുലക്ഷം രൂപ സര്‍ക്കാര്‍ ഗ്രാന്റ് നല്‍കും. എന്നാല്‍ ഗ്രാന്റ് ലഭിക്കാതെ വന്നതോടെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്.

ട്രഷറിവഴിയുള്ള പണമിടപാടില്‍ കാലതാമസം വന്നതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.  അധികൃതര്‍ ഉന്നതവിദ്യാഭ്യാസ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ക്ക് പണം ലഭിച്ചത്.

നല്ല കഴിവും ഭാവനയുമുളള വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠനത്തിനായി എത്തുന്നത്. എന്നാല്‍ ഇവരുടെ കഴിവ് ശ്രദ്ധിക്കാതെ പോവുകയാണ്.സംവിധാനം,എഡിറ്റിങ്, അഭിനയം, സിനിമാട്ടോഗ്രാഫി, ഓഡിയോഗ്രാഫി, ആനിമേഷന്‍ എന്നിവയിലാണ് കോഴ്‌സുകള്‍. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ നിലവാരത്തിലേക്ക് എത്താന്‍ ഇനിയും ഏറെ ദൂരം സഞ്ചരിക്കണമെന്ന അവസ്ഥയിലാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.