മുഹൂര്‍ത്തം ജ്വലിതം ശ്രേയഃ

Friday 20 April 2018 2:45 am IST
ഇന്ന് ബി. കെ. ശേഖറിന്റെ ചരമവാര്‍ഷികം

മുഹൂര്‍ത്തം ജ്വലിതം ശ്രേയഃ

നതൂ ധൂമിതം ചിരം

ഏറെക്കാലം പുകഞ്ഞു കൊണ്ടിരിക്കുന്നതിനേക്കാള്‍ അല്പകാലം ആളിക്കത്തുന്നതാണ് നല്ലതെന്ന വ്യാസ വചനത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് അകാലത്തില്‍ പൊലിഞ്ഞു പോയ ബി.കെ.ശേഖറിന്റെ ഓര്‍മകള്‍ക്ക് ഇന്ന് ഏഴു വര്‍ഷം തികയുന്നു. ബിജെപി ക്ക് തലസ്ഥാനം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അറിയപ്പെടുന്ന നേതാക്കാന്മാരേറെയുണ്ട്. എന്നാല്‍ ശ്രീ പത്മനാഭന്റെ മണ്ണ് രാഷ്ട്രീയ കേരളത്തിന്നു സംഭാവന ചെയ്തത് മുഖ്യമായും മൂന്ന് പേരെ. കെ.രാമന്‍പിള്ള, എം.എസ് കുമാര്‍ പിന്നെ ബി.കെ.ശേഖര്‍.

ഈശ്വരന്റെ സൃഷ്ടിയില്‍ ചിരി വരദാനമായി കിട്ടിയത് മനുഷ്യനുമാത്രം അപ്പോഴും ചിരിക്കാന്‍ മറക്കുന്നവര്‍ക്കിടയില്‍ കുലീനമായ പുഞ്ചിരിയോടെ കടന്നുവന്ന തലയെടുപ്പുള്ള നേതാവ്.  ഒരു കാലഘട്ടത്തിലെ അനന്തപുരിയുടെ നിറസാന്നിദ്ധ്യം. ഉടുപ്പിലും നടപ്പിലും വാക്കിലും പ്രവര്‍ത്തിയിലും അകംപുറമില്ലാത്ത ഒരാള്‍. ഒരിക്കല്‍ കണ്ടാല്‍ ഒരിക്കലും മറക്കാത്ത സവിശേഷ വ്യക്തിത്വം. ലാഭചേതങ്ങള്‍ നോക്കാതെ തനിക്കു പറയാനുള്ളത് ആരുടെ മുഖത്തും നോക്കി പറയാന്‍ ആര്‍ജ്ജവം കാണിച്ച ഒരാള്‍.

മരണശേഷം കാലത്തിന്റെ അതിര്‍വരമ്പുകള്‍ക്കുമപ്പുറത്തേക്ക് ഓര്‍മകളെ കൊണ്ടു പോകുന്നത് ജീവിച്ചിരിക്കുന്ന കാലത്ത് നടത്തുന്ന ഇടപെടലുകളും അടയാളപ്പെടുത്തലുകളുമാണ്. വിയോജിക്കാനുള്ള അവകാശം നിലനിര്‍ത്തികൊണ്ടു തന്നെ എതിരാളികളോട് സംഭാഷണത്തിലും സംവാദത്തിലും ശേഖര്‍ പുലര്‍ത്തിപ്പോന്ന സമ്പന്നമായ രാഷ്ട്രീയ സംസ്‌കാരം മാതൃകാപരമായിരുന്നു. ഉണ്ണുന്ന ചോറിലും കുടിക്കുന്ന വെള്ളത്തിലും വരെ രാഷ്ട്രീയം കലരുന്ന കാലഘട്ടത്തില്‍ പ്രത്യേകിച്ചും.

രാഷ്ട്രീയപാര്‍ട്ടികള്‍ക്കും നേതാക്കന്മാര്‍ക്കും ലോഭമേതുമില്ലാത്ത നാടാണ് നമ്മുടേത്. തന്‍കാര്യം നേടാന്‍ ആരുടെ മൂര്‍ദ്ധാവും ചവിട്ടുപടിയാക്കുന്നവരുടെ പ്രളയത്തില്‍ ‘ജനനേതാക്കന്മാര്‍’ അന്യം നിന്നു പോകുന്ന കാലം. അപ്പോഴും താന്‍ വിശ്വസിക്കുന്ന ആശയാദര്‍ശങ്ങളോട് നീതി പുലര്‍ത്തിക്കൊണ്ടു തന്നെ എതിരാളികളുടെ ആദരവ് നേടിയെടുക്കാന്‍ ശേഖറിന് സാധിച്ചു. ആദരങ്ങളും അംഗീകാരങ്ങളും തേടിപ്പോകുന്ന കാലഘട്ടത്തില്‍ അതെല്ലാം ശേഖറിനെ തേടിവന്നു എന്നു പറയുന്നതാവും ശരി. വിദ്യാഭ്യാസകാലത്ത് ഒപ്പം പഠിച്ചവര്‍ എംഎല്‍എ മാരും എംപിമാരും മന്ത്രിമാരുമായി ഉയരുന്നതു ചൂണ്ടിക്കാട്ടി കെ. കരുണാകരന്‍ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചപ്പോഴും സ്‌നേഹപൂര്‍വ്വം നിരസിച്ചത് പ്രത്യയ ശാസ്ത്ര പ്രതിബന്ധതയുടെ പേരില്‍ത്തന്നെയായിരുന്നു.

വ്യാപരിച്ച മേഖലകളിലെല്ലാം രാഷ്ട്രീയാതീതമായ വികസന കാഴ്ചപ്പാടിന്റെ വക്താവായിരുന്നു ശേഖര്‍. തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനംതൊട്ട് താഴെ തലത്തിലെ പ്രാദേശിക വിഷയങ്ങളില്‍ വരെ ശേഖറിന്റെ കയ്യൊപ്പ് കാണാം. മരണവാര്‍ത്തയറിഞ്ഞ് ഒഴുകിയെത്തിയ ജനസഞ്ചയം അക്ഷരാര്‍ത്ഥത്തില്‍ സമൂഹത്തിന്റെ പരിഛേദമായി മാറിയത് സ്വാഭാവികം. ഒരു പുരുഷായുസ്സു മുഴുവന്‍ പ്രസ്ഥാനത്തിന്നു വേണ്ടി സമര്‍പ്പിച്ച മാരാര്‍ജിയുടെ വികാരനിര്‍ഭരമായ അന്ത്യയാത്രക്കുശേഷം പാര്‍ട്ടി സാക്ഷ്യം വഹിച്ച മറ്റൊന്നായി അതുമാറി.

ചാനല്‍ ചര്‍ച്ചയിലെ സൗമ്യ സാന്നിദ്ധ്യമായിരുന്നു ശേഖര്‍. പാര്‍ട്ടിയുടെ നിലപാടുകളോട് യോജിച്ചവരും വിയോജിച്ചവരും ഒരു പോലെ ചാനലില്‍ ശേഖറിന്റെ സാന്നിദ്ധ്യം ആഗ്രഹിച്ചു. പരസ്പരം കത്തിയോങ്ങിനില്‍ക്കുന്ന എതിരാളികള്‍പോലും ബി.ജെ.പിയെ എതിര്‍ക്കുന്ന  സന്ദര്‍ഭം വരുമ്പോള്‍ ഒന്നിക്കുന്നത്  പതിവു കാഴ്ചയാണ്. എന്നാല്‍ അവതാരകന്‍ അനുവദിച്ച സമയത്തിന്റെയും ഒപ്പം സഭ്യതയുടെയും അതിര്‍വരമ്പുകള്‍ ലംഘിക്കാതെ എതിരാളിയുടെ തട്ടകത്തിലേക്ക് ഇറങ്ങി നടത്തുന്ന പഴുതടച്ച പ്രതിരോധത്തിന്റെയും പ്രത്യാക്രമണത്തിന്റെയും ശേഖര്‍സ്റ്റൈല്‍ ചാനല്‍ ചര്‍ച്ചകളെ ഗൗരവത്തോടെ കാണുന്നവര്‍ എന്നും ഓര്‍ക്കും. വാദമുഖങ്ങള്‍ ചടുലമായി അവതരിപ്പിക്കാന്‍ നിയമബിരുദവും എതിരാളികളുടെ പ്രകോപനങ്ങളില്‍ കുടുങ്ങാതെ വിഷയം വൃത്തിയായി സമചിത്തതയോടെ അവതരിപ്പിക്കാന്‍ ഗാന്ധിയന്‍ ഫിലോസഫിയിലെ ബിരുദാനന്തരബിരുദവും സഹായകമായി. ഒറ്റ വാക്കില്‍പ്പറഞ്ഞാല്‍ ചാനല്‍ ചര്‍ച്ചയിലെ ‘ഹോട്ട് ഐസ്‌ക്രീം’ ആയിരുന്നു ശേഖര്‍.

വിപുലമായ സൗകര്യങ്ങളോടുകൂടിയ സംസ്ഥാനസമിതി ഓഫീസ് രൂപകല്പന ചെയ്യാന്‍ പാര്‍ട്ടി ഏല്‍പ്പിച്ചത് ശേഖറിനെയായിരുന്നു. റഫറന്‍സ് സൗകര്യങ്ങളോടുകൂടിയ വിശാലമായ ലൈബ്രറി, പഠനകേന്ദ്രം, കോണ്‍ഫറന്‍സ് ഹാളുകള്‍ താഴെ തട്ടിലുള്ള പ്രവര്‍ത്തകന്മാരെ വരെ പങ്കാളികളാക്കി ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയുള്ള വിപുലമായ സംവിധാനങ്ങള്‍. അങ്ങനെ ഒരന്‍പതുവര്‍ഷം അപ്പുറത്തേക്കു കടന്നു ചിന്തിച്ച മുന്നൊരുക്കമായിരുന്നു അത്. ഇന്നിപ്പോള്‍ പാര്‍ട്ടി ഓഫീസിന്റെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുകയാണ്. നഗരത്തിന്റെ ഹൃദയഭാഗത്ത് പാര്‍ട്ടി പ്രവര്‍ത്തകന്മാരുടെ അഭിമാനമായി നാളെ ഓഫീസ് ഉയരുമ്പോള്‍ ശേഖര്‍ നമ്മോടൊപ്പം ഉണ്ടാവില്ല.

ഒളിച്ചുകയറിവന്ന മരണം വെളിച്ചത്തു വന്നപ്പോഴേക്കും വൈകിപ്പോയിരുന്നു. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കൊണ്ടുപോയി വിദഗ്ധ ചികിത്സ നല്‍കാനുള്ള സുഷമാസ്വരാജിന്റെ അവസാനശ്രമവും പാഴായി. അവസാനമായി ആശുപത്രിക്കിടക്കയില്‍ വച്ച് ഒന്നും പറയാതെ എല്ലാം പറഞ്ഞ് യാത്രയാക്കിയത് ഓര്‍മ്മയില്‍ മായാതെ കിടക്കുന്നു. ഒരിക്കലും ഓര്‍ക്കാനാഗ്രഹിക്കാത്ത എന്നാല്‍ ഒരിക്കലും മറക്കാനാവാത്ത നിമിഷം.  പ്രിയസുഹൃത്തിന്റെ സഫലമായ ജീവിതയാത്രയിലെ മരണമില്ലാത്ത ഓര്‍മ്മകള്‍ക്കുമുന്നില്‍ ആദരാഞ്ജലികള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.