ലക്ഷ്യം 'വര്‍ഗ്ഗീയകലാപം'

Friday 20 April 2018 2:46 am IST

മാനുഷിക മൂല്യങ്ങളില്‍  വിശ്വസിക്കുന്നവര്‍ക്ക് ഹൃദയവേദന ഉണ്ടാക്കിയ പല സംഭവങ്ങളില്‍ ഒന്നുമാത്രമാണ് കശ്മീരില്‍ നടന്നത്. അത് ചെയ്തവര്‍ തീര്‍ച്ചയായും അങ്ങേയറ്റം കടുത്ത ശിക്ഷയ്ക്ക് അര്‍ഹരുമാണ്. അതുപോലെതന്നെ  ഈ സംഭവം ഏതെങ്കിലും മതവുമായി കൂട്ടിക്കെട്ടി രാജ്യത്തു വര്‍ഗ്ഗീയ കലാപമുണ്ടാക്കി മുതലെടുക്കാന്‍ ശ്രമിക്കുന്ന കപട മതേതരവാദികള്‍ക്ക് കൊടുക്കാന്‍ നമ്മുടെ രാജ്യത്ത് ഒരു  ശിക്ഷയുമില്ലെന്നുള്ളതും വളരെ ഖേദകരമാണ്.  

മുന്‍പ് ഇതുപോലെ നിരവധി തവണ പല നിര്‍ഭാഗ്യകരമായ സംഭവങ്ങളും രാജ്യത്തുണ്ടായിട്ടുണ്ട്. പക്ഷെ അന്നൊന്നും ഉണ്ടാകാതിരുന്ന ഈ പ്രവണത ഇന്ന് രാജ്യത്തുണ്ടാകുമ്പോള്‍ നാം വളരെയേറെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. അഴിമതിയും സ്വജനപക്ഷപാതവും ഇല്ലായ്മ ചെയ്ത്, ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറച്ചുകൊണ്ട് രാജ്യത്തെ വളരെ വേഗം പുരോഗതിയിലേക്കു നയിച്ചുകൊണ്ടിരിക്കുന്ന ഒരു സര്‍ക്കാര്‍. ശത്രു രാജ്യങ്ങളെ നിഷ്പ്രഭരാക്കി, ലോകരാജ്യങ്ങളെ തങ്ങളിലേക്കടുപ്പിച്ച്, രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്ത് മുന്നേറുമ്പോള്‍ ആ സര്‍ക്കാരിനെ താഴെയിറക്കാന്‍ ശത്രുരാജ്യങ്ങള്‍ ഉള്‍പ്പടെയുള്ള എതിരാളികള്‍ കാണിച്ചുകൂട്ടുന്ന ഇത്തരം മൂന്നാംകിട തറവേലകള്‍ പൊതുജനം മനസ്സിലാക്കണം. അല്ലാത്തപക്ഷം നമുക്ക് കാലുകുത്താന്‍ ഇടമില്ലാതാകും.

സണ്‍കൃഷ്ണ

sunkrishna16@gmail.com

രണ്ട് കര്‍ഷക സമരങ്ങള്‍; രണ്ട് സമീപനങ്ങള്‍

നെല്‍വയല്‍ നികത്തിയവര്‍ക്കെതിരെ 'വയല്‍ക്കിളികള്‍' എന്ന പേരില്‍ കീഴാറ്റൂരില്‍ സമരം ചെയ്ത ഒരുകൂട്ടം കര്‍ഷകരെ മന്ത്രി ജി. സുധാകരന്‍ 'ശവംതീനി കഴുകന്മാര്‍' എന്ന് വളിച്ചാക്ഷേപിച്ചു. സമരക്കാരെ നേരിടാന്‍ സിപിഎം അവിടെ ശക്തിപ്രകടനം സംഘടിപ്പിക്കുകയും സമരപ്പന്തല്‍ കത്തിക്കുകയും സമരക്കാരുടെ വീടാക്രമിക്കുകയും അവര്‍ക്ക് ഊരുവിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. തലമുറകളായി കഠിനാധ്വാനം ചെയ്തുവന്ന ഭൂമിയുമായി വൈകാരിക ബന്ധമുണ്ടാകുക സ്വാഭാവികം. എന്നാല്‍ അതിനെ നേരിടുന്നത് ബദല്‍ സമരം സംഘടിപ്പിച്ചുകൊണ്ടാകരുതായിരുന്നു. സമരക്കാരുമായി ഒരു മേശയ്ക്കു ചുറ്റുമിരുന്നു സംസാരിച്ച് തീര്‍ക്കാമായിരുന്ന പ്രശ്‌നത്തെയാണ് ഇത്രത്തോളം വലുതാക്കി വഷളാക്കിയത്. 

മറുവശത്ത് നാസിക്കില്‍ നിന്ന് മുംബൈയിലേക്ക് നടന്ന കര്‍ഷകലോങ് മാര്‍ച്ച് അവസാനിപ്പിച്ചതിന് എന്തുഭാഷ്യവും നല്‍കാനാവുമെങ്കിലും ആ സമരം മഹാരാഷ്ട്ര സര്‍ക്കാര്‍ ചര്‍ച്ചയിലൂടെ പരിഹരിച്ചു. സര്‍ക്കാര്‍ സമരക്കാരെ ആദരവോടെ വരവേറ്റു. അവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു. ഭക്ഷണവും വെള്ളവും നല്‍കി. തിരികെ പോകാന്‍ സ്‌പെഷ്യല്‍ ട്രെയിനും ഏര്‍പ്പെടുത്തി. അടുത്തകാലത്ത് കണ്ട രണ്ടു കര്‍ഷക സമരങ്ങളോടുള്ള രണ്ടുതരം സമീപനങ്ങളാണിത്. കഴിവതും പരിസ്ഥിതിയെ നശിപ്പിക്കാതെ വേണം വികസനം. നമുക്കും ഭൂമിക്കും നിലനില്‍ക്കുകയും വേണം. 

എം. ജോണ്‍സണ്‍ റോച്ച്, ചൊവ്വര

പരിയാരം മെഡിക്കല്‍ കോളേജ് 

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴും അതിന് മുന്‍പും പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നു എന്ന വാര്‍ത്ത പല പ്രധാന പത്രങ്ങളിലും പ്രസിദ്ധീകരിച്ചിരുന്നെങ്കിലും പിന്നീട് അപ്രത്യക്ഷമാകുകയായിരുന്നു. എന്തായാലും മെഡിക്കല്‍ കോളേജും കടബാധ്യതകളും പരിപൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന ഇപ്പോഴത്തെ വാര്‍ത്ത ശരിയായിരിക്കും എന്ന് കരുതാം. വടക്കെ മലബാറില്‍ കണ്ണൂരിനടുത്ത് സര്‍ക്കാരിന്റെ നേരിട്ടുള്ള ഉടമസ്ഥതയിലും നിയന്ത്രണത്തിലും ഒരു ആതുരാലയം ഉണ്ടാകുന്നത് ഏറെ ആശ്വാസപ്രദം തന്നെ, സംശയമില്ല. പക്ഷെ സര്‍ക്കാരിന്റെയല്ല പകരം ഏതെങ്കിലും പാര്‍ട്ടിയുടെ ഉടമസ്ഥതയിലാണെന്ന് തെറ്റിദ്ധരിച്ച് അവിടെ പാര്‍ട്ടി നേരിട്ട് ഭരണം നടത്തി നശിപ്പിക്കാതിരുന്നാല്‍ നന്നായിരുന്നു.

സി.പി ഭാസ്‌ക്കരന്‍, നിര്‍മ്മലഗിരി

ഹര്‍ത്താലും മലയാളിയും

അടിയ്ക്കടി നടക്കുന്ന ഹര്‍ത്താലുകള്‍ പൊതുജനങ്ങളെ പൊല്ലാപ്പിലാക്കുന്നു. ഹര്‍ത്താല്‍ ദിനത്തില്‍ എവിടെയെങ്കിലും കുടുങ്ങുമ്പോള്‍ ഹര്‍ത്താല്‍ വിരുദ്ധ മനോഭാവം ഉണ്ടാവുക സാധാരണം. പിന്നെ ഏതു ഹര്‍ത്താലും ജനം സഹിക്കുന്നത് നാശനഷ്ടം ഭയന്നാണ്. പണിമുടക്ക് ദിവസം  തുറന്ന് പ്രവര്‍ത്തിക്കുന്ന കടകളുടെയും നിരത്തിലിറങ്ങുന്ന ബസ്സുകളുടെയും ചില്ലുകള്‍ ഉടയാം, കൈയ്യേറ്റവും കല്ലേറും സംഘര്‍ഷവും  ഉണ്ടാകാം. പിന്നെ മലയാളി ഇന്ന് ഹര്‍ത്താലിനെ ഒരാഘോഷവേളയായി കണ്ട് പൊരുത്തപ്പെടാന്‍ പഠിച്ചിരിക്കുന്നത് ഏതായാലും നന്നായി.

വിനോദ് കുമാര്‍, നറുകര

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.