സോള്‍: ഉത്തരകൊറിയയില്‍ ഇതാദ്യമായി പ്രഥമ വനിത (ഫസ്റ്റ് ലേഡി) എന്ന പദവി പ്രഖ്യാപിച്ചു. ഇപ്പോഴത്തെ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ഭാര്യ റി സോള്‍ ജുവിനെ പ്രഥമ വനിത എന്ന് ഔദ്യോഗിക മാധ്യമം വിശേഷിപ്പിച്ചു. ദക്ഷിണ കൊറിയയുമായും അമേരിക്കയുമായും ചര്‍ച്ചകള്‍ ആരംഭിക്കാനിരിക്കെയാണ് ഈ നീക്കം. ഇതുവരെ ഭരണാധികാരിയുടെ ഭാര്യയെ സഖാവ് എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഇത്രയും നാള് ഉന്നിന്റെ ഭാര്യയെ സഖാവ് റി സോള്‍ ജു എന്നാണ് വിളിച്ചിരുന്നത്.
തലസ്ഥാനമായ പ്യോങ്യാങ്ങില് കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ചൈനീസ് നൃത്തപരിപാടിയില്‍ റി യോള്‍ ജു പങ്കടുത്തതിനെക്കുറിച്ച് ഔദ്യോഗിക ടിവി ചാനലില്‍ നല്കിയ റിപ്പോര്‍ട്ടിലാണ് ഫസ്റ്റ്ലേഡി എന്ന വിശേഷണം നല്‍കിയത്. ഉഭയകക്ഷി ചര്‍ച്ചകള്‍ യാഥാര്‍ഥ്യമായാല്‍ അമേരിക്കയുടെ പ്രഥമ വനിത മെലാനിയ ട്രംപിനും ദക്ഷിണ കൊറിയന്‍ പ്രഥമവനിത കിം ജുങ് സൂക്കിനും തുല്യമായ പദവി ഉന്നിന്റെ ഭാര്യക്കും ലഭിക്കാനാണ് ഈ തീരുമാനമെടുത്തതെന്നു കരുതുന്നു.
ചര്‍ച്ചകളില്‍ മെലാനിയ പങ്കെടുത്താല്‍ ഉന്നിന്റെ ഭാര്യയും പങ്കെടുക്കുമെന്ന് ഉത്തരകൊറിയന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: