കര്‍ണാടക പിടിക്കാന്‍ കളം നിറഞ്ഞ് അമിത്ഷാ

Friday 20 April 2018 3:48 am IST

ബെംഗളൂരു: കര്‍ണാടകയില്‍ ബിജെപിയെ അധികാരത്തില്‍ എത്തിക്കാന്‍ പ്രചരണത്തിന്റെ ചുക്കാന്‍ പിടിച്ച് ദേശീയ അധ്യക്ഷന്‍ അമിത്ഷാ. ബെംഗളൂരു റേസ് കോഴ്‌സില്‍ വാടക വീട്ടില്‍ താമസിച്ചാണ് അമിത് ഷാ പ്രവര്‍ത്തനം നയിക്കുന്നത്. പ്രചരണത്തിന്റെ അവസാനഘട്ടത്തില്‍ നേതൃത്വം നല്‍കാന്‍ നിരവധി ദേശീയ നേതാക്കളും കര്‍ണാടകയില്‍ എത്തി. സംസ്ഥാനത്തെ ഏഴു ഭാഗങ്ങളായി തിരിച്ച് 11 നേതാക്കള്‍ക്ക് ചുമതല നല്‍കി. 

ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാംമാധവ്, ബീഹാര്‍ മന്ത്രി മംഗള്‍ പാണ്ഡെ, രാജസ്ഥാന്‍ എംപി ഓംപ്രകാശ് മാഥൂര്‍, ഗുജറാത്ത് എംപി സി.ആര്‍. പാട്ടീല്‍, മുന്‍ മുംബൈ ബിജെപി പ്രസിഡന്റ് ആശിഷ് ഷെലാര്‍, ഭണ്ഡേന്ദ്ര യാദവ്, ദില്ലി അധ്യക്ഷന്‍ സതീഷ് ഉപാധ്യായ എന്നിവരുള്‍പ്പെടുന്ന 11 പേരാണ് പ്രചരണത്തിന് നേതൃത്വം നല്‍കുന്നത്. 

ജമ്മു-കശ്മീരിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ബിജെപിയെ വിജയത്തിലെത്തിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവിനാണ് കോണ്‍ഗ്രസിന് മേല്‍ക്കൈയുള്ള ഹൈദരാബാദ് കര്‍ണാടകയുടെ ചുമതല. ഇവിടെ 40 സീറ്റുകളാണുള്ളത്. 

സതീഷ് ഉപാധ്യായയ്ക്ക് സിദ്ധരാമയ്യയുടെ തട്ടകമായ മൈസൂരുമേഖലയുടെ ചുമതല. ഗുജറാത്തില്‍ സൂറത്ത് മേഖലയില്‍ 16ല്‍ 15 സീറ്റും നേടാന്‍ നേതൃത്വം നല്‍കിയ മുംബൈ സംസ്ഥാന അധ്യക്ഷന്‍ ആഷിഷ് ഷെലോറയ്ക്കാണ് ബെംഗളൂരുവിന്റെ ചുമതല. നഗരത്തില്‍ 28 സീറ്റില്‍ 25 സീറ്റിലും വിജയിക്കാന്‍ സാധിക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. 50 സീറ്റുള്ള ബോംബെ കര്‍ണാടകയുടെ ചുമതല ഭണ്ഡേന്ദ്ര യാദവ്, ഓം പ്രകാശ് മാഥൂര്‍ എന്നിവര്‍ക്കാണ്. 

ഏഴാംഘട്ട തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് അമിത്ഷായുടെ നേതൃത്വത്തില്‍ രണ്ടു ദിവസമായി നടത്തിയ ജാഗൃതിയാത്രയില്‍ പേജ് പ്രമുഖന്മാരുടെ യോഗങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. 

ഓരോ മണ്ഡലത്തിലെ സാഹചര്യങ്ങള്‍ മനസ്സിലാക്കി പ്രകടന പത്രിക തയ്യാറാക്കുന്നതിന് വിദഗ്ധരുമായും വ്യാപാരി, വ്യവസായികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഹൊസക്കോട്ടയില്‍ നടന്ന റാലിയില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. 

ലിംഗായത്ത് വിഭാഗത്തിന് പ്രത്യേക മതപദവി നല്‍കി ജാതീയ വേര്‍തിരിവിലൂടെ അധികാരം നിലനിര്‍ത്താനുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നീക്കത്തിന് വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസ് നേരിടുന്നത്. 

ബിജെപി പരിപാടികള്‍ക്ക് ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ള പങ്കാളിത്തം കോണ്‍ഗ്രസിനെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. ലിംഗായത്തിലെ ചില വിഭാഗങ്ങളെ കൂട്ടുപിടിച്ച് ബിജെപി നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് സമീപം തട്ടിക്കൂട്ട് പ്രതിഷേധം സംഘടിപ്പിക്കുകയാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ പ്രധാന പരിപാടി. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ പ്രചരണത്തില്‍ ബിജെപി വളരെ മുന്നിലെത്തി. ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി യദ്യൂരപ്പ ശിക്കാരിപ്പുര മണ്ഡലത്തില്‍ ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. 1983 മുതല്‍ എട്ടാംതവണയാണ് അദ്ദേഹം ഇവിടെ നിന്ന് മത്സരിക്കുന്നത്.സംസ്ഥാന നിയമസഭാ കൗണ്‍സിലിലെ ബിജെപി നേതാവ് ഈശ്വരപ്പ ശിവമോഗ നിയമസഭാ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. 2008 മുതല്‍ 2013 വരെ ബിജെപി സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായിരുന്നു. ആറാം തവണയാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.