കപ്പ് കളിത്തൊട്ടില്‍ തേടിപ്പോയി

Friday 20 April 2018 3:50 am IST

ഫുട്‌ബോൡന്റെ ഈറ്റില്ലമെന്ന് അറിയപ്പെടുന്ന ഇംഗ്ലണ്ടിലാണ് 1966-ലെ എട്ടാം ലോകകപ്പ് അരങ്ങേറിയത്. ഇംഗ്ലണ്ടും ബ്രസീലും ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമെന്ന നിലയില്‍ നേരിട്ട് യോഗ്യത നേടി. ഏറ്റുമുട്ടല്‍ ഏഴ് നഗരങ്ങളിലെ എട്ട് സ്‌റ്റേഡിയങ്ങളില്‍. 32 മത്സരങ്ങളില്‍ നിന്ന് രണ്ട് ഹാട്രിക്ക് ഉള്‍പ്പെടെ 89 ഗോളുകള്‍. പോര്‍ച്ചുഗലിന്റെ യൂസേബിയോ, ഇംഗ്ലണ്ടിന്റെ ജെഫ് ഹര്‍സ്റ്റ് എന്നിവരാണ് ഹാട്രിക്കിന് ഉടമകള്‍. ഫൈനലിലായിരുന്നു ഹര്‍സ്റ്റിന്റെ ഹാട്രിക്.  ലോകകപ്പിന്റെ ചരിത്രത്തില്‍ ഫൈനലിലെ ഒരേയൊരു ഹാട്രിക്ക്.

1962ലെ ചാമ്പ്യന്മാരായിരുന്ന ബ്രസീല്‍ തന്നെയായിരുന്നു ഈ ലോകകപ്പിലെയും ഹോട്ട് ഫേവറിറ്റുകള്‍. കിരീടം അവര്‍ക്ക് തന്നെയെന്ന് ആരാധകവൃന്ദം ഉറപ്പിച്ചു. ഇതിന് കാരണം പെലെ, ഗരിഞ്ച, ജെര്‍സിഞ്ഞോ, ഡെനില്‍സണ്‍, സാന്റോസ്, ഗില്‍മര്‍ തുടങ്ങിയ ലോകോത്തര താരങ്ങളുടെ സാന്നിധ്യവും. എന്നാല്‍ ചാമ്പ്യന്മാര്‍ക്ക് പ്രാഥമിക റൗണ്ടില്‍ തന്നെ പുറത്തുപോകേണ്ടിവന്നു. ബള്‍ഗേറിയക്കെതിരെ ഗോള്‍ നേടിയതോടെ തുടര്‍ച്ചയായി മൂന്ന് ലോകകപ്പുകൡ ഗോള്‍ നേടുന്ന താരമെന്ന ബഹുമതിക്ക് പെലെ അര്‍ഹനായി. ബള്‍ഗേറിയന്‍ താരങ്ങളുടെ കടുത്ത ടാക്ലിംഗിന് വിധേയനായ പെലെക്ക് രണ്ടാം മത്സരത്തില്‍ കളിക്കാന്‍ കഴിഞ്ഞില്ല. ഹംഗറിയോട് ബ്രസീല്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടു. പരിക്കില്‍നിന്ന് പൂര്‍ണമായും മുക്തനായില്ലെങ്കിലും പോര്‍ച്ചുഗലിനെതിരായ നിര്‍ണായക മത്സരത്തില്‍ പെലെ ബൂട്ടുകെട്ടി. പക്ഷേ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടതോടെ ബ്രസീല്‍ ആരാധകരുടെ ഹൃദയം തകര്‍ന്നു.

ഇംഗ്ലണ്ട്, ഉറുഗ്വെ, പശ്ചിമ ജര്‍മ്മനി, അര്‍ജന്റീന, പോര്‍ച്ചുഗല്‍, ഹംഗറി, സോവിയറ്റ് യൂണിയന്‍, വടക്കന്‍ കൊറിയ എന്നീ ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഇംഗ്ലണ്ട് 1-0ന് അര്‍ജന്റീനയെയും പോര്‍ച്ചുഗല്‍ 5-3ന് വടക്കന്‍ കൊറിയയെയും പശ്ചിമ ജര്‍മ്മനി 4-0ന് ഉറുഗ്വെയെയും സോവിയറ്റ് യൂണിയന്‍ 2-1ന് ഹംഗറിയെയും കീഴടക്കി സെമിയിലെത്തി. 

സെമിയില്‍ പശ്ചിമ ജര്‍മ്മനി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സോവിയറ്റ് യൂണിയനെയും ഇംഗ്ലണ്ട് 2-1ന് പോര്‍ച്ചുഗലിനെയും പരാജയപ്പെടുത്തി ഫൈനലിലെത്തി. ജൂലൈ 30ന് വെംബ്ലിയില്‍ 98,000 കാണികളെ സാക്ഷിയാക്കി അരങ്ങേറിയ കലാശപ്പോരാട്ടത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് പശ്ചിമ ജര്‍മ്മനിയെ കീഴടക്കി ഇംഗ്ലണ്ട് ലോകകിരീടത്തില്‍ ആദ്യമായി മുത്തമിട്ടു. 12-ാം മിനിറ്റില്‍ ഹെല്‍മറ്റ് ഹാലര്‍ ജര്‍മ്മനിയെ മുന്നിലെത്തിച്ചു. ആറ് മിനിറ്റിനുശേഷം ജെഫ് ഹര്‍സ്റ്റ് ഇംഗ്ലണ്ടിന് സമനില നേടിക്കൊടുത്തു. 78-ാം മിനിറ്റില്‍ മാര്‍ട്ടിന്‍ പീറ്റേഴ്‌സിലൂടെ ഇംഗ്ലണ്ട് ലീഡ് നേടിയെങ്കിലും 89-ാം മിനിറ്റില്‍ വോള്‍ഫ്ഗാംഗ് വെബ്ബറിലൂടെ ജര്‍മ്മനി സമനില പിടിച്ചു. കളി അധികസമയത്തേക്ക് നീണ്ടു.101, 120 മിനിറ്റുകളില്‍ ഹര്‍സ്റ്റ് ജര്‍മ്മന്‍ വല കുലുക്കിയതോടെ  കാല്‍പ്പന്തുകളിയുടെ ജന്മനാട് ലോകകപ്പിന് അവകാശികളായി. ബോബി ചാള്‍ട്ടനും ബോബി മൂറുമായിരുന്നു ഇംഗ്ലണ്ടിന്റെ കുതിപ്പിന് പിന്നിലെ കരുത്തര്‍.

മികച്ച കൡക്കാരനുള്ള സ്വര്‍ണ്ണപ്പന്ത് ബോബി ചാള്‍ട്ടനും വെള്ളിപ്പന്ത് ബോബി മൂറും സ്വന്തമാക്കിയപ്പോള്‍ വെങ്കലപ്പന്തിന് അവകാശിയായത് പോര്‍ച്ചുഗീസ് കരുത്തനായ യൂസേബിയോയാണ്. ടോപ് സ്‌കോറര്‍ക്കുള്ള സ്വര്‍ണ്ണ പാദുകവും ഒന്‍പതു ഗോളുകളോടെ യൂസേബിയോ ഉറപ്പിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.