റൊണാള്‍ഡോയുടെ ഗോളില്‍ റയല്‍ രക്ഷപ്പെട്ടു

Friday 20 April 2018 3:46 am IST

മാഡ്രിഡ്: കളിയവസാനിക്കാന്‍ മൂന്ന് മിനിറ്റ് ശേഷിക്കെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ നേടിയ ഗോളില്‍ റയല്‍ മാഡ്രിഡ് തോല്‍വിയില്‍ നിന്ന് കരകയറി. ലാലിഗയില്‍ അത്‌ലറ്റിക്കോ ബില്‍ബാവോയുമായുള്ള മത്സരത്തില്‍ റയല്‍ മാഡ്രിഡ് പോയിന്റു പങ്കുവെച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ നേടി.

ആദ്യ പകുതിയില്‍ അത്‌ലറ്റിക്കോ ബില്‍ബാവോയുടെ ഇനാകി വില്ല്യംസ് കുറിച്ച ഗോളില്‍ പിന്നാക്കം പോയ റയല്‍ തോല്‍വിയുടെ കയങ്ങളിലേക്ക് നീങ്ങവെയാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഗോള്‍ നേടി ടീമിനെ രക്ഷിച്ചത്. റൊണാള്‍ഡോയ്ക്കും കൂട്ടര്‍ക്കും മുന്നില്‍ പതറാതെ നിന്ന അത്‌ലറ്റിക്കോയുടെ ഗോളിയെ 87-ാം മിനിറ്റിലാണ് റൊണാള്‍ഡോ കീഴ്‌പ്പെടുത്തിയത്. ഈ സീസണില്‍ ഈ പോര്‍ച്ചുഗീസ് താരത്തിന്റെ 24-ാം ഗോളാണിത്.

നേരത്തെ റയലിന്റെ റാഫേല്‍ വരാനെ, മാര്‍ക്കോ അസന്‍സിയോ എന്നിവരുടെ ഗോളെന്നുറപ്പിച്ച ഷോട്ടുകള്‍ അത്‌ലറ്റിക്ക് ഗോളി കെപ അരിസബാലഗ രക്ഷപ്പെടുത്തി. അവസരങ്ങള്‍ ഏറെ ലഭിച്ചെങ്കിലും റയലിന് മുതലാക്കാനായില്ല.

റൊണാള്‍ഡോ സമനില ഗോള്‍ നേടുന്നതിന് മുമ്പ് അത്‌ലറ്റിക്കോയ്ക്ക് ലീഡുയര്‍ത്താന്‍ അവസരം കൈവന്നു. പക്ഷെ അവരുടെ റാവുള്‍ ഗാര്‍ഷ്യയ്ക്ക് ലക്ഷ്യം കാണാനായില്ല. ഗോളി സ്ഥാനം തെറ്റി നില്‍ക്കേ ഗാര്‍ഷ്യയുടെ ഷോട്ട് ക്രോസ്ബാറില്‍ തട്ടി തെറിച്ചു.

ഈ സമനിലയോടെ റയല്‍ മാഡ്രിഡ് 33 മത്സരങ്ങളില്‍ 68 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. 33 മത്സരങ്ങളില്‍ 83 പോയിന്റുള്ള ബാഴ്‌സലോണയാണ് ഒന്നാം സ്ഥാനത്ത്. ഈ മത്സരഫലത്തില്‍ താന്‍ സംതൃപ്തനല്ലെന്ന് മത്സരശേഷം റയല്‍ കോച്ച് സിനദിന്‍ സിദാന്‍ പറഞ്ഞു. ബുധനാഴ്ച റയല്‍ ചാമ്പ്യന്‍സ് ലീഗ് ഒന്നാം പാദ സെമിയില്‍ ബയേണ്‍ മ്യൂണിച്ചിനെ നേരിടും. ജര്‍മനിയിലാണ് ഈ മത്സരം.

നേരത്തെ നടന്ന മറ്റൊരു മത്സരത്തില്‍ നാലാം സ്ഥാനക്കാരായ വലന്‍സിയ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഗെറ്റാഫിനോട് തോറ്റു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.