മിഗ്വേല്‍ ഡയസ് ക്യൂബന്‍ പ്രസിഡന്റ്

Friday 20 April 2018 3:53 am IST

ഹവാന: കാസ്‌ട്രോ യുഗത്തിന് വിരാമമിട്ട് ക്യൂബയ്ക്ക് പുതിയ പ്രസിഡന്റ്, മിഗ്വേല്‍ ഡയസ് കാനല്‍. 59 വര്‍ഷത്തെ കാസ്‌ട്രോ യുഗത്തിനാണ്  സമാപ്തിയായത്.  റൗള്‍ കാസ്‌ട്രോയുടെ മകള്‍ നാഷനല്‍ അസംബ്ലി അംഗം മരിയേലയോ, രഹസ്യാന്വേഷണ വിഭാഗത്തില്‍ കേണലായ മകന്‍ അലിജാന്‍ഡ്രോയോ  പിന്‍ഗാമികളാകുമെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു. എന്നാലിത്  തള്ളിയാണ് മിഗ്വേല്‍ പ്രസിഡന്റാകുന്നത്. ക്യൂബന്‍ നാഷണല്‍ അസംബ്ലിയാണ് മിഗ്വേലിനെ ഏകകണ്ഠമായി തിരഞ്ഞെടുത്തത്. 

വിപ്ലവത്തിനു ശേഷം ജനിച്ചയാളാണ്  ക്യൂബയുടെ ഭരണമേറ്റെടുക്കുന്നത്. മിഗ്വേലിന്റെ 58-ാം പിറന്നാളാണ് ഇന്ന്.  2013ലാണു വൈസ് പ്രസിഡന്റായി ചുമതലയേറ്റത്.

49 വര്‍ഷം ക്യൂബയെ നയിച്ച ഫിദല്‍ കാസ്‌ട്രോയ്ക്കും 10 വര്‍ഷം ഭരിച്ച സഹോദരന്‍ റൗള്‍ കാസ്‌ട്രോയ്ക്കു ശേഷമെത്തുന്ന മിഗ്വേല്‍ ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ചെറുപ്പക്കാരനാണ്. 1959ല്‍ അധികാരത്തിലെത്തുമ്പോള്‍ 32കാരനായ ഫിദല്‍ ലാറ്റിനമേരിക്കയിലെ ഏറ്റവും പ്രായംകുറഞ്ഞ ഭരണാധികാരിയായിരുന്നു. ആറുവട്ടം ക്യൂബന്‍ പ്രസിഡന്റായി.

2008 ഫെബ്രുവരിയില്‍ സഹോദരന്‍ റൗളിനു ഭരണം കൈമാറി. 2016 നവംബറില്‍ വിടവാങ്ങി. 

അടുത്തവര്‍ഷം നാഷനല്‍ അസംബ്ലി ചേരുമ്പോള്‍ താന്‍ സ്ഥാനമൊഴിയുമെന്നു കഴിഞ്ഞവര്‍ഷം തന്നെ റൗള്‍ പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരിയില്‍ കാലാവധി അവസാനിച്ചെങ്കിലും രണ്ടുമാസം കൂടി നീട്ടി നല്‍കുകയായിരുന്നു.

റൗള്‍ പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറുമെങ്കിലും പാര്‍ട്ടി ആദ്യ സെക്രട്ടറിയായി തുടരും. 

2013ല്‍ വൈസ് പ്രസിഡന്റാകുന്നതിന് മുമ്പ് 1994-2003 കാലഘട്ടത്തില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്നു മിഗ്വേല്‍.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.