ടി.വി.ആര്‍. ഷേണായിക്ക് അന്ത്യാഞ്ജലി

Friday 20 April 2018 3:56 am IST

ന്യൂദല്‍ഹി: അമ്പതാണ്ട് ഇന്ത്യന്‍ മാധ്യമരംഗത്ത് നിറഞ്ഞു നിന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ടി.വി.ആര്‍. ഷേണായിക്ക് സമൂഹത്തിന്റെ അന്ത്യാഞ്ജലി. 

അദ്ദേഹത്തിന്റെ പ്രധാന പ്രവര്‍ത്തന കേന്ദ്രമായിരുന്ന ദല്‍ഹിയില്‍ പൊതുസമൂഹം ഒന്നിച്ചു യാത്രാമൊഴി ചൊല്ലി. മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ അദ്വാനി അടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. 

വൃക്ക രോഗത്തെത്തുടര്‍ന്ന് കഴിഞ്ഞദിവസം അന്തരിച്ച ടി.വി.ആര്‍. ഷേണായിയുടെ മൃതദേഹം ഇന്നലെ കേരള ഹൗസില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ആദരവുകളോടെ പൊതുദര്‍ശനത്തിനു വച്ചു. 

 മുഖ്യമന്ത്രിക്കു വേണ്ടി സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി കെ.ടി. ജലീല്‍ പുഷ്പചക്രം അര്‍പ്പിച്ചു. 

വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെ ലോധി റോഡ് ശ്മശാനത്തില്‍ സംസ്‌കരിച്ചു. 

കേരള ഹൗസ്  റെസിഡന്റ് കമ്മീഷണറും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ ഡോ. വിശ്വാസ് മേത്ത, അഡീഷണല്‍ റെസിഡന്റ് കമ്മീഷണര്‍ പുനീത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങി. 

കേന്ദ്രമന്ത്രി സുരേഷ് പ്രഭു, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണി, സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ, രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പി.ജെ. കുര്യന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ്,  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങി നിരവധി പേര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. 

വൈകിട്ട് കേരള ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ അനുസ്മരണ യോഗം ചേര്‍ന്നു. മന്ത്രി കെ.ടി. ജലീല്‍, എ.കെ. ആന്റണി, പ്രൊഫ. കെ.വി. തോമസ്, രമേശ് ചെന്നിത്തല, കെ. സുധാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.