ജലത്തിനെക്കുറിച്ച് പറയാന്‍ അരക്കിറുക്കന്‍ ഇന്ന് ജനങ്ങളിലേക്ക്

Friday 20 April 2018 3:57 am IST

കോഴിക്കോട്: കുടിവെള്ളക്ഷാമം മാത്രമല്ല, ലഭ്യമായ ജലത്തിന്റെ ഗുണനിലവാരം കൂടി ജനശ്രദ്ധയിലേയ്ക്ക് കൊണ്ടുവരികയെന്ന ലക്ഷ്യവുമായി അരക്കിറുക്കന്‍ സിനിമ ഇന്ന് റിലീസ് ചെയ്യുന്നു. ജലത്തെക്കുറിച്ച് ജലത്തിന്റെ ശുദ്ധതയെക്കുറിച്ച് ജനങ്ങളെ കൂടുതല്‍ ബോധവാന്മാരാക്കുക എന്നതാണ് ചിത്രത്തിന്റെ ഉദ്ദേശം. 

ഒരു സന്ദേശ സിനിമ എന്നതിലുപരി തികച്ചും കൊമേഴ്‌സ്യല്‍ ഫോര്‍മാറ്റില്‍ ജനങ്ങള്‍ക്ക് രസിക്കുന്ന വിധത്തില്‍ കുടുംബസമേതം കാണാവുന്ന ഒരു ഫുള്‍ ഫീച്ചര്‍ എന്റര്‍ടെയിന്‍മെന്റ് മൂവിയാണ് അരക്കിറുക്കന്‍ എന്ന് സിനിമയുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ച സുനില്‍ വിശ്വചൈതന്യ പറഞ്ഞു. 

അരക്കിറുക്കനെന്ന പ്രധാന കഥാപാത്രമായി എത്തുന്നത് കോഴിക്കോട്  ഭാര്‍ഗ്ഗവ കളരിയിലെ ഗുരു രാജേഷ് ഗുരുക്കളാണ്. നൂറിലേറെ പുതുമുഖങ്ങളും സിനിമയില്‍ അണിനിരക്കുന്നു. മൂന്ന് ഋതുക്കളിലൂടെയും സഞ്ചരിച്ച് കോഴിക്കോട്, വയനാട്, നിലമ്പൂര്‍ എന്നീ സ്ഥലങ്ങളില്‍ വെച്ച് ഷൂട്ട് ചെയ്ത ചിത്രം പൂര്‍ത്തിയാക്കാന്‍ ഏകദേശം ഒരു വര്‍ഷമെടുത്തു. 

പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. ടി. ശോഭീന്ദ്രനാണ് സിനിമയുടെ ചീഫ് കോ- ഓര്‍ഡിനേറ്റര്‍. ക്യാമറ സിബി ജോസഫ് കോളമ്പലും സംഗീതം നല്‍കിയിരിക്കുന്നത് പൗലോസ് ജോണ്‍സുമാണ്. സുനില്‍ സിനിമയുടെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.