ഇം‌പീച്ചുമെന്റ് നോട്ടീസ്: സുപ്രീംകോടതി ഫുള്‍‌കോര്‍ട്ട് ഇന്ന് ചേരും

Friday 20 April 2018 2:06 pm IST

ന്യൂദല്‍ഹി: ഇം‌പീച്ചുമെന്റ് നോട്ടീസ് ചര്‍ച്ച ചെയ്യുന്നതിനായി സുപ്രീംകോടതിയുടെ ഫുള്‍‌കോര്‍ട്ട് ഇന്ന് ചേരും. ഇം‌പീച്ച്‌മെന്റ് നീക്കം നിര്‍ഭാഗ്യകരമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇം‌പീച്ചുമെന്റ് വിലക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. 

പ്രതിപക്ഷ നേതാക്കളാണ് ചീഫ് ജസ്റ്റിസിനെതിരെ ഇം‌പീച്ചുമെന്റ് നോട്ടീസ് നല്‍കിയത്. രാജ്യസഭാ അധ്യക്ഷനാണ് നോട്ടീസ് നല്‍കിയത്. ഏഴ് പാര്‍ട്ടികളിലെ 71 എം‌പിമാര്‍ പ്രമേയത്തില്‍ ഒപ്പിട്ടിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം‌നബി ആസാദ് പറഞ്ഞു. 1968ലെ ജഡ്‌ജസ് എന്‍ക്വയറി ആക്‌ട് അനുസരിച്ച്‌ ലോക്‌സഭയിലെ 100 അംഗങ്ങളോ രാജ്യസഭയിലെ 50 അംഗങ്ങളോ ജഡ്ജിക്കെതിരെയുള്ള പ്രസ്താവനയില്‍ ഒപ്പിട്ടാല്‍ മാത്രമേ പരാതി പരിഗണിക്കുകയുള്ളൂ. 

തൃണമൂല്‍ കോണ്‍ഗ്രസ്, ഡി.എം.കെ, സമാജ്‌വാദി പാര്‍ട്ടി, മായാവതിയുടെ ബി.എസ്.പി, ആര്‍.ജെ.ഡി എന്നീ പാര്‍ട്ടികള്‍ ഇംപീച്ച്‌മെന്റിനോട് എതിരാണെന്നാണ് സൂചന. കോണ്‍ഗ്രസിലെ തന്നെ അഭിഷേക് സിന്‍വിയും പ്രസ്താവനയില്‍ ഒപ്പിടാന്‍ ഇതുവരെ തയാറായിട്ടില്ല.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ചീഫ് ജസ്റ്റിസിനെ ഇംപീച്ച്‌ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആദ്യം രംഗത്തെത്തിയത്. ആഴ്ചകള്‍ക്ക് ശേഷം നാല് മുതിര്‍ന്ന സുപ്രീം കോടതി ജഡ്ജിമാരും ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ പരസ്യമായി പ്രതികരിച്ചു. എന്നാല്‍ ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് മുന്‍കൈയെടുക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ മുഴുവന്‍ യോജിപ്പിലെത്തണം എന്നായിരുന്നു കോണ്‍ഗ്രസിന്റെ നിലപാട്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.