ബാല പീഡനത്തിന് വധശിക്ഷ വേണം: കേന്ദ്രം സുപ്രീം കോടതിയില്‍

Friday 20 April 2018 2:05 pm IST

ന്യൂദല്‍ഹി: പന്ത്രണ്ട് വയസില്‍ താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രീം കോടതിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. കുറ്റവാളികള്‍ക്ക് വധശിക്ഷ ലഭ്യമാക്കുന്ന വിധത്തില്‍ പോക്‌സോ നിയമം ഭേദഗതി ചെയ്യാമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.

ജമ്മു കശ്മീരിലെ കഠുവ ജില്ലയില്‍ എട്ടുവയസുകാരി ക്രൂരപീഡനത്തിരയായി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ രാജ്യത്ത് വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. കുട്ടികള്‍ക്ക് നേരെയുള്ള ബലാത്സംഗങ്ങള്‍ വര്‍ധിക്കുന്നതിന് തടയിടാന്‍ കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യം ശക്തമാകുകയായിരുന്നു. പൊതുതാത്പര്യ ഹര്‍ജിയില്‍ ഏപ്രില്‍ 27ന് അടുത്ത വാദം കേള്‍ക്കും. 

കുറ്റവാളികള്‍ക്ക് വധശിക്ഷ ലഭിക്കുന്നതിനായി പോക്‌സോ നിയമം ഭേദഗതി ചെയ്യുമെന്നു നേരത്തെ കേന്ദ്രമന്ത്രി മേനക ഗാന്ധിയും വ്യക്തമാക്കിയിരുന്നു. രാജ്യത്തെങ്ങും കുട്ടികള്‍ക്കെതിരേ നടക്കുന്ന ഇത്തരം ക്രൂരകൃത്യങ്ങളില്‍ അതീവ ആശങ്കയുണ്ട്. ഈ സാഹചര്യത്തില്‍ വ്യക്തിപരമായും തന്റെ മന്ത്രാലയവും പോക്‌സോ നിയമയത്തില്‍ ഭേദഗതിക്കു ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. 

ബാലപീഡകര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിംഗും ആവശ്യപ്പെട്ടിരുന്നു. കുട്ടികൾക്കു നേരേയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനുവേണ്ടി 2012ലാണ് കേന്ദ്ര സര്‍ക്കാര്‍ പോക്സോ (The Protection of Children from Sexual Offences- POCSO Act) നിയമം നടപ്പില്‍ വരുത്തുന്നത്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാക്രമണം, ലൈംഗിക പീഡനം, അശ്ലീലത തുടങ്ങിയ കുറ്റകൃത്യങ്ങളിൽ നിന്നും അവരെ സംരക്ഷിക്കുന്നതിലും വിചാരണയ്ക്കു വേണ്ടി സ്പെഷ്യൽ കോടതികൾ സ്ഥാപിക്കുന്നതിനും അതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾക്കും വേണ്ടിയാണ് പോക്സോ നിയമം നടപ്പിലാക്കിയത്.

പോക്സോ വകുപ്പ് മൂന്ന് പ്രകാരം, ലൈംഗിക കടന്നു കയറ്റത്തിലൂടെയുള്ള ആക്രമണത്തിന് ഏഴു വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെ ആകാവുന്നതും, അല്ലെങ്കില്‍ രണ്ടിലേതെങ്കിലും തരത്തിൽപ്പെട്ട തടവുശിക്ഷയ്ക്ക് വിധേയമാകേണ്ടി വരികയോ പിഴ ഈടാക്കുകയോ ചെയ്യാം. 

വകുപ്പ് അഞ്ചില്‍, ഗൗരവകരമായ ലൈംഗിക കടന്നു കയറ്റത്തിലൂടെയുള്ള ആക്രമണത്തിന് 10 വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെയാകാവുന്നതോ അല്ലെങ്കില്‍ കഠിനതടവിനും പിഴയ്ക്കും സാദ്ധ്യത നല്‍കുന്നതാണ്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.