കേരളകൗമുദി ചീഫ്എഡിറ്റര്‍ എം.എസ്. രവി അന്തരിച്ചു

Friday 20 April 2018 3:16 pm IST

 

തിരുവനന്തപുരം: കേരളകൗമുദി ചീഫ് എഡിറ്റര്‍ എം.എസ്. രവി (68) അന്തരിച്ചു.  ഇന്നലെ ഉച്ചയോടെ പേട്ടയിലെ സ്വവസതിയില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്‌കാരം ഇന്നു വൈകിട്ട് നാലിന് കേരളകൗമുദി വളപ്പില്‍ പത്രാധിപര്‍ കെ. സുകുമാരന്റെയും മാധവി സുകുമാരന്റെയും അന്ത്യവിശ്രമസ്ഥാനത്തിനു സമീപം ഔദ്യോഗിക ബഹുമതികളോടെ നടക്കും.   രാഷ്്രടീയ, സാമൂഹ്യ, സാംസ്‌കാരിക, പത്രപ്രവര്‍ത്തന മേഖലയിലെ നിരവധിപേര്‍ ആദരാഞ്്ജലി അര്‍പ്പിച്ചു.

  കേരളകൗമുദി സ്ഥാപക പത്രാധിപര്‍ കെ.സുകുമാരന്റെയും മാധവി സുകുമാരന്റയും നാലാമത്തെ മകനാണ് എം.എസ്. രവി. സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. 

മാദ്ധ്യമ - സാംസ്‌കാരിക രംഗത്തെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കൊല്ലം പള്ളിത്തോട്ടം വിമലാനിവാസില്‍ ശൈലജയാണ് ഭാര്യ. കേരളകൗമുദി എഡിറ്റര്‍ ദീപു രവി, കേരളകൗമുദി ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ്) ദര്‍ശന്‍ രവി എന്നിവര്‍ മക്കളാണ്. മരുമകള്‍: ദിവ്യ. ചെറുമകള്‍: ജാന്‍വി.

  കേരളകൗമുദി മുന്‍ പത്രാധിപര്‍ എം.എസ്. മണി, പരേതരായ എം.എസ്. മധുസൂദനന്‍, എം.എസ്. ശ്രീനിവാസന്‍ എന്നിവര്‍ സഹോദരങ്ങളാണ്. ജന്മഭൂമിക്കു വേണ്ടി യൂണിറ്റ് മാനേജര്‍ പി. രാജശേഖരന്‍, സര്‍ക്കുലേഷന്‍ മാനേജര്‍ ടി.വി. പ്രസാദ്ബാബു, ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ എം. ജയകുമാര്‍ എന്നിവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. ഒ. രാജഗോപാല്‍ എംഎല്‍എയും അന്ത്യോപചാരം അര്‍പ്പിച്ചു.

പത്രലോകത്തിന് നഷ്ടം: കുമ്മനം

തിരുവനന്തപുരം: കേരള കൗമുദി പത്രാധിപര്‍ എം. എസ്. രവിയുടെ ആകസ്മിക നിര്യാണം ഇന്ത്യന്‍ പത്രലോകത്തിന് നഷ്ടമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കരുത്തനായ പത്രാധിപരായിരുന്ന എം. എസ്. രവി സമ്പന്നമായ ഒരു പാരമ്പര്യത്തിന്റെ കണ്ണി കൂടിയായിരുന്നു.  കേരളത്തിന് തീരാനഷ്ടമാണെന്നും അദ്ദേഹം അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവും എംപിയുമായ വി.മുരളീധരന്‍ അനുശോചിച്ചു.  എം.എസ് രവിയുടെ വിയോഗം മലയാളപത്രപ്രവര്‍ത്തന മേഖലയ്ക്കും കേരളകൗമുദിക്കും തീരാനഷ്ടമാണ്.എം.എസ്. രവിയുടെ നിര്യാണത്തില്‍ കേരള എന്‍ജിഒ സംഘ്്  അനുശോചിച്ചു.

കുലീന മാധ്യമപ്രവര്‍ത്തനത്തിന് മാതൃകയായിരുന്നു എം.എസ്. രവിയെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിറ്റി അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.