കിം സമാധാനത്തിന്റെ പുത്തന്‍ മാര്‍പ്പാപ്പയാകുന്നതെന്തുകൊണ്ട്‌

Friday 20 April 2018 6:36 pm IST
സമാധാനത്തിന്റെ പുതിയ മാര്‍പ്പാപ്പയായി ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ മാറുന്നതുകണ്ട് ലോകം ഞെട്ടുകയാണ്. മാസങ്ങള്‍ക്കു മുന്‍പുവരെ അമേരിക്കയെ ഉള്‍പ്പെടെ വെല്ലുവിളിച്ച് ലോകത്തിനു തന്നെ ഭീഷണിയായിത്തീര്‍ന്ന കിം കഴിഞ്ഞിടെയാണ് ലോക സമാധാനത്തിന്റെ ഭാഷയില്‍ സംസാരിച്ചു തുടങ്ങിയത്.

സമാധാനത്തിന്റെ പുതിയ മാര്‍പ്പാപ്പയായി ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ മാറുന്നതുകണ്ട് ലോകം ഞെട്ടുകയാണ്. മാസങ്ങള്‍ക്കു മുന്‍പുവരെ അമേരിക്കയെ ഉള്‍പ്പെടെ വെല്ലുവിളിച്ച് ലോകത്തിനു തന്നെ ഭീഷണിയായിത്തീര്‍ന്ന കിം കഴിഞ്ഞിടെയാണ് ലോക സമാധാനത്തിന്റെ ഭാഷയില്‍ സംസാരിച്ചു തുടങ്ങിയത്. ഇതിന്റെ ഭാഗമായി തെക്കന്‍ കൊറിയയോട് അനുഭാവപൂര്‍വം പെരുമാറുകയും ആണവായുധ നിയന്ത്രണത്തെക്കുറിച്ചു വലിയവായില്‍ സംസാരിക്കുകയും അമേരിക്കയുടെ പ്രീതി ഇക്കാര്യത്തില്‍ പെട്ടെന്നു പിടിച്ചുപറ്റുകയും ചെയ്ത കിം, ഈയടുത്ത് രണ്ടു ദിവസം ചൈനാ സന്ദര്‍ശനം നടത്തുകയും ഉണ്ടായി. ട്രംപുമായി താമസിയാതെ  കൂടിക്കാഴ്ച നടത്തുകയും ചെയ്യുന്നുണ്ട്.

കഴിഞ്ഞ ദിവസവും കിം ലോകത്തെ അതിശയിപ്പിച്ചു. ഇത്തവണത്തെ ഉത്തര കൊറിയയില്‍ സൂര്യോത്സവം ആഘോഷിച്ചത്് ചൈനയില്‍ നിന്നുള്ള ബാലെ സംഘത്തിന്റെ പരിപാടികളുമായാണ്. തന്റെ വംശത്തിന്റെ നേതാവും ഉത്തരകൊറിയയുടെ സ്ഥാപകനുമായ കിം ഇല്‍ സൂങിന്റെ ജന്മദിനമായി കൊണ്ടാടുന്ന സൂര്യോത്സവം കഴിഞ്ഞ വര്‍ഷംആഘോിച്ചത് ബാലിസ്റ്റിക് മിസൈല്‍ നിരത്തി സൈനിക പരേഡ് നടത്തിക്കൊണ്ടായിരുന്നു. അതിനു പകരമാണ് ഇപ്പോള്‍ കല അവതരിപ്പിക്കപ്പെട്ടത്. ഇങ്ങനെ യുദ്ധമോഹത്തില്‍നിന്നും കിം എങ്ങനെ കലയുടെ പട്ടുപുതച്ചുവെന്ന് ലോകം അന്വേഷിക്കുന്നുണ്ടാകും.

നാഴികയ്ക്കു നാല്‍പ്പതു വട്ടം കിം വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്ന തെക്കന്‍ കൊറിയയില്‍ നിന്നും ഈയിടെ ഉണ്ടായ നടുക്കുന്ന വാര്‍ത്തയാകണം തിടുക്കത്തില്‍ കിമ്മിനെ സമാധാനത്തിന്റെ മാടപ്പിറാവാകാന്‍ പ്രേരിപ്പിച്ചതെന്നു തോന്നുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ തെക്കന്‍ കൊറിയ തയ്യാറാക്കിനിര്‍ത്തിയിരിക്കുന്ന പുതിയ യന്ത്രമനുഷ്യന്‍ എന്ന സര്‍വനാശകാരിയെക്കുറിച്ചുള്ള കേള്‍വിയായിരിക്കണം പുതിയൊരു മനംമാറ്റത്തിനു ഇദ്ദേഹത്തെ നയിച്ചതെന്നു വേണം കരുതാന്‍.

പരീക്ഷണശാലയില്‍ തയ്യാറായി നില്‍ക്കുന്ന ഈ യന്ത്രപോരാളികളെ തുറന്നുവിട്ടു കഴിഞ്ഞാല്‍  അവയുടെ സ്രഷ്ടാക്കള്‍ക്കുപോലും നിയന്ത്രിക്കാനാവില്ല ഈ യന്ത്രങ്ങളെ എന്നതാണ് സത്യം. ഈ തുറന്നുവിടല്‍ ലോകത്തിന്റെ നാശംകണ്ടേ ഒടുങ്ങൂ. ലോകം വലിയ ഞെട്ടലോടെയാണ് ഈ പോരാളികളെക്കുറിച്ചു കേട്ടത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇത്തരം കൊടും വിനാശകാരിയായ ദൗത്യത്തിനുപയോഗിക്കുന്നതില്‍ പ്രതിഷേധിച്ച് 50ലധികം ശാസ്ത്രജ്ഞര്‍ രാജി പ്രഖ്യാപിച്ചിരുന്നു.

താന്‍ വെല്ലുവിളിക്കുന്നവര്‍ തന്റെ കൈയ്യിലുള്ള കത്തിയെക്കാള്‍ മൂര്‍ച്ചയുള്ള കത്തി ഒളിപ്പിച്ചിട്ടുണ്ട് എന്ന വസ്തുത കിം മനസിലാക്കിയിരിക്കുന്നു. അതാണ് സമാധാനത്തിന്റെ പുതിയ കാവല്‍ക്കാരനാകാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.