ഇംപീച്ച്മെന്റ് സുപ്രീം കോടതിയോടുള്ള 'പ്രതികാര ഹര്‍ജി': ജെയ്റ്റ്ലി

Friday 20 April 2018 7:00 pm IST
വിവാദ വിഷയങ്ങള്‍ പരിഗണിക്കുന്ന ജഡ്ജിമാരെ ഭയപ്പെടുത്തുന്നതിന് ഇംപീച്ച്‌മെന്റ് കോണ്‍ഗ്രസ് രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ജസ്റ്റിസ് ലോയ കേസിലെ സുപ്രീം കോടതി വിധി പൊതുസമൂഹത്തില്‍ വ്യാജപ്രചാരണം നടത്താനുള്ള കോണ്‍ഗ്രസ്സിന്റെ ഗൂഢാലോചന പുറത്തുകൊണ്ടുവന്നു

ന്യൂദല്‍ഹി: പ്രതിപക്ഷം കൊണ്ടുവരുന്ന ഇംപീച്ച്മെന്റ് പ്രമേയം സുപ്രീം കോടതിയോടുള്ള പ്രതികാര ഹര്‍ജിയാണെന്ന് കേന്ദ്ര ധനമന്ത്രിയും നിയമജ്ഞനുമായ അരുണ്‍ ജെയ്റ്റ്ലി. ലോയ ജഡ്ജിന്റെ വധവുമായി ബന്ധപ്പെട്ട് ചിലര്‍ ഉണ്ടാക്കിയ രാഷ്ട്രീയ ഗൂഢാലോചന കോടതി തുറന്നുകാട്ടിയതിനോടുള്ള പ്രതികാരമാണിത്. 

ചീഫ് ജസ്റ്റീസ് ദീപക് മിശ്രയെ സ്ഥാനഭ്രഷ്ടനാക്കാനുള്ള രാഷ്ട്രീയ ആയുധമാക്കി ജനാധിപത്യത്തിലെ ഇംപീച്ച്മെന്റ് സംവിധാനത്തെ വിനിയോഗിക്കുകയാണെന്ന് ജെയ്റ്റ്ലി കുറ്റപ്പെടുത്തി. പ്രതിപക്ഷം ജുഡീഷ്യല്‍ കലാപം നടത്തുകയാണെന്ന് ഫേസ്ബുക്കില്‍ കുറിച്ച ജെയ്റ്റ്ലി, ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷായ്ക്ക് ഗുജറാത്ത് പോലീസ് നടത്തിയെന്നുപറയുന്ന സൊറാബുദീന്‍ ഏറ്റുമുട്ടല്‍ കേസിലും പങ്കൊന്നുമില്ലെന്ന് പറയുന്നു.

സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് നിയമപരമായ അയോഗ്യതയോ ദുര്‍ഭരണം നടത്തിയെന്ന് തെളിയുകയോ ചെയ്താല്‍ മാത്രമേ ഇംപീച്ച്മെന്റ് നീക്കം പാടൂള്ളൂ. ഇപ്പോള്‍ പ്രതിപക്ഷം നടത്തുന്ന നീക്കം സ്വതന്ത്ര നീതിന്യായ വ്യവസ്ഥക്ക് ഭീഷണിയാണെന്ന് ജയ്റ്റ്‌ലി പറഞ്ഞു. പകപോക്കലാണ് പ്രതിപക്ഷത്തിന്റെ ഈ നീക്കത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. 

ജസ്റ്റിസ് ലോയയുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് ഒരു മാഗസിന്‍ നല്‍കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി വ്യാജ വാര്‍ത്തക്ക് ഒന്നാന്തരം ഉദാഹരണമാണിതെന്ന് ജയ്റ്റ്‌ലി പറഞ്ഞു. വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടന്നു. പൊതുതാല്‍പര്യ ഹര്‍ജികള്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തകര്‍ക്കുന്ന തരത്തിലേക്ക് എത്തിപ്പെട്ടതായും അദ്ദേഹം അഭിപ്രായപ്പെട്ടു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.