യോഗപദ്ധതികളുടെ ശരിയായ ആധാരം

Saturday 21 April 2018 2:30 am IST

അശേഷ താപതപ്താനാതം 

സമാശ്രയമഠോ ഹഠഃ

അശേഷയോഗയുക്താനാം 

ആധാരകമഠോ ഹഠഃ ( ഹ.യോ.പ്ര. 1-10)

താപങ്ങളെക്കൊണ്ട് തപിക്കപ്പെട്ടവര്‍ക്ക് ആശ്വാസം നല്‍കുന്ന മഠമാണ് ഹഠം. പല യോഗങ്ങള്‍ അനുഷ്ഠിക്കുന്നവര്‍ക്ക് ആധാരമായിരിക്കുന്ന കമഠം (ആമ)ആണ് ഹഠം. പ്രാസവും രൂപകവും പ്രയോഗിച്ചുള്ള ഒരു മനോഹരമായ ശ്ലോകമാണിത്.

സൂര്യകിരണങ്ങളാല്‍ അതായത് നട്ടുച്ചവെയിലുകൊണ്ട് തപിക്കുന്നവര്‍ക്ക് മഠം ആശ്രയമാണ്. സംസാരതാപംകൊണ്ട് തപിക്കുന്നവര്‍ക്ക് ഹഠയോഗം ആശ്രയമാണ്. താപം (ദുഃഖം) മൂന്നുതരമാണ്. ആധിദൈവികം, ആധിഭൗതികം, ആധ്യാത്മികം. ഗ്രഹദോഷം, ഇടിമിന്നല്‍, മഴ, വെള്ളപ്പൊക്കം, വരള്‍ച്ച മുതലായവയാണ് ആധിദൈവിക ദുഃഖങ്ങള്‍. അവ നമ്മുടെ ശരീരത്തെയും ചെറിയ അളവില്‍ മനസ്സിനെയും ദുഃഖിപ്പിക്കും. മറ്റു ജന്തുക്കളില്‍ നിന്നും (പാമ്പ്, പുലി) ഉണ്ടാകുന്ന ദുഃഖമാണ് ആധിഭൗതികം. ആധ്യാത്മികം, തന്റെ തന്നെ അകത്തുനിന്നും പുറത്തുനിന്നും ഉള്ള ദുഃഖം. ശരീരത്തിന് രോഗദുഃഖമുണ്ടാകും. മനസ്സിന് രാഗദ്വേഷാദികളെക്കൊണ്ടുള്ള ദുഃഖം. ഹഠയോഗം ഈ മൂന്നുതരം ദുഃഖങ്ങളെയും നേരിടാന്‍ പഠിപ്പിക്കുന്നു. ഭൂമിയുടെ ആധാരമായി അടിത്തറയായി താങ്ങിനിര്‍ത്തുന്നത് ആമ (കമഠം) ആണെന്നാണ് സങ്കല്‍പം. പാലാഴി മഥന സമയത്ത് പര്‍വതമാണ് മത്തായിട്ടിരിക്കുന്നത്. പക്ഷേ അത് സമുദ്രത്തിലേക്ക് താഴാന്‍ തുടങ്ങിയപ്പോള്‍ അതിനെ ഉയര്‍ത്തിനിര്‍ത്താന്‍ മഹാവിഷ്ണു ആമയുടെ അവതാരമെടുത്ത് പര്‍വതത്തിനിടയില്‍ ഇരുന്ന് താങ്ങായി വര്‍ത്തിച്ചു. ആദ്യത്തെ അവതാരവും അതാണല്ലൊ. അതുപോലെ എല്ലാ യോഗപദ്ധതികളുടെയും ശരിയായ ആധാരം ഹഠയോഗമാണ്.

ശരീരവും മനസ്സും ബാഹ്യമായ അന്തരീക്ഷത്തിന്റെ പ്രാതികൂല്യംകൊണ്ട് വിഷമിക്കുമ്പോള്‍ അതിനെ ഹഠയോഗംകൊണ്ട് ആമയുടെ പുറന്തോടുപോലെ കഠിനമാക്കി വെല്ലുവിളികളെ നേരിടാന്‍ പ്രാപ്തമാക്കണം. അനകൂല സന്ദര്‍ഭങ്ങളില്‍ കൈകാലുകള്‍ പുറത്തെടുത്ത് സഞ്ചരിക്കാനും പ്രതികൂല സന്ദര്‍ഭങ്ങളില്‍ അകത്തേക്ക് ഒതുക്കുവാനും ആമയ്ക്ക് സാധിക്കുന്നതുപോലെ ഇന്ദ്രിയങ്ങളെ വേണ്ട സമയങ്ങളില്‍ ഉള്ളിലേക്കൊതുക്കുവാന്‍ ഹഠയോഗം സഹായിക്കുന്നു. ശരീരത്തെ ആമയുടെ പുറന്തോടുപോലെ അരോഗദൃഢമാക്കാന്‍ ഹഠം സഹായിക്കുന്നു. അപ്പോള്‍ മാത്രമെ മനോനിയന്ത്രണത്തിന്റെതായ രാജയോഗം സാധ്യമാവൂ.

ഹഠവിദ്യാ പരംഗോപ്യാ 

യോഗിനാ സിദ്ധിമിച്ഛതാ

ഭവേദ് വീര്യവതീ ഗുപ്താ 

നിര്‍വീര്യാ തു പ്രകാശിതാ.(ഹ.യോ.പ്ര. 1-11)

സിദ്ധിയെ ആഗ്രഹിക്കുന്ന യോഗികള്‍ ഹഠവിദ്യയെ രഹസ്യമാക്കിവെക്കണം. അങ്ങനെ മറച്ചുവച്ച ഹഠവിദ്യയാണ് വീര്യമുള്ളത്. പുറത്തുകാട്ടിയാല്‍ അത് നിര്‍വീര്യമാവും, നിഷ്ഫലമാവും.

പല വിദ്യകള്‍ക്കും ഇത്തരം വിലക്കുകള്‍ കാണാം. സംസാരിച്ചാല്‍ നിര്‍വീര്യമാകുന്ന വിദ്യകളുണ്ട്. ആധ്യാത്മിക വിദ്യകള്‍ പലതും ഭൗതികസൃഷ്ടിയില്‍ അന്ധവിശ്വാസമായി തോന്നാം. പക്ഷേ മനസ്സിനെ ബാധിക്കുന്നവ അതിലെ വികാരങ്ങള്‍ക്കനുസരിച്ച് മാറുമെന്നുള്ളത് സത്യമാണ്. രഹസ്യത്തില്‍ ഒരു ശക്തിയുണ്ട്. അത് മാനസികമായ ശക്തിയാണ്. സാധകന്‍ നേടുന്നതെന്തും അവന്റെ വ്യക്തിപരമാണ്. അത് മറ്റുള്ളവരോട് (ഗുരുവിനോടല്ല)ചര്‍ച്ച ചെയ്താല്‍ അവരുടെ അഭിപ്രായം സാധകന്റെ പുരോഗതിയെ ബാധിക്കും.

എന്നാല്‍ സ്വാത്മാരാമന്‍ എന്തിന് ഈ ഗ്രന്ഥം രചിച്ചു? ഗ്രന്ഥത്തിലുള്ളത് മൂടിവക്കാന്‍ സാധിക്കുമോ? ഗ്രന്ഥകര്‍ത്താവ് ശാസ്ത്രം കൃത്യമായി പറഞ്ഞു എന്നുമാത്രമേയുള്ളൂ. സാധകന്റെ സാധനാപഥം നിശ്ചയിക്കുന്നത് അവനും ഗുരുവും ചേര്‍ന്നാണ്. അതില്‍നിന്ന് കിട്ടുന്ന സിദ്ധിയും അവന്റെ സ്വന്തമാണ്. ഗോരഖനാഥന്‍ പറയും ''ഹഠയോഗം സൂക്ഷ്മശരീരത്തിന്റെ ശാസ്ത്രമാണ്. അതിലെ ശക്തിയിലൂടെയാണ് ശരീരത്തെ നിയന്ത്രിക്കുന്നത്.'' ഋണാത്മകവും ധനാത്മകവും (പോസിറ്റീവ് ആന്റ് നെഗറ്റീവ്) ആയ ഊര്‍ജ്ജം ശരീരത്തിന്റെ എല്ലാ ഭാഗത്തുമുണ്ട്. ഹഠയോഗം ഇതില്‍ സന്തുലനം കൊണ്ടുവരുന്നു. മനസ്സിന്റെ അധമഭാഗവും ഉത്തമഭാഗവും തമ്മിലും, ജീവാത്മാവും പരമാത്മാവും തമ്മിലും ഉള്ള ചേര്‍ച്ചയാണ് യോഗ. വ്യക്തിപരമായ ഈ കാര്യം എന്തിനാണ് മറ്റുള്ളവരുടെ മുന്നിലേക്ക് വലിച്ചിഴക്കുന്നത്. ശിവസംഹിത പറയുന്നു ''ഒരു സുശീലയായ ഭാര്യ തന്റെ ഭര്‍ത്താവുമായുള്ള സ്വകാര്യ കേളികള്‍ രഹസ്യമായി വെയ്ക്കും.'' ഇതുപോലെയാണ് ഹഠയോഗവും. 

ഒരു ചെറുകൈത്തിരിയില്‍ നിന്നുള്ള വെട്ടം രാത്രിയില്‍ ഇരുട്ടുള്ള ഒരു ചെറുമുറിയില്‍ നിറയത്തക്കവണ്ണം പ്രകാശമുള്ളതായിരിക്കും. എന്നാല്‍ പുറത്ത് അതിന്റെ ശക്തി ഒട്ടും അറിയില്ല.

സാധന ഒരു വിത്താണെങ്കില്‍ സിദ്ധികള്‍ അതിന്റെ പൂക്കളാണ്. ഒരു വിത്ത് മുളക്കാന്‍ അതിനെ കുതിര്‍ന്ന മണ്ണില്‍ കുഴിച്ചിടണം. സ്‌നേഹിതരെ അതിന്റെ വളര്‍ച്ച പഠിപ്പിക്കാന്‍ അത് മാന്തിനോക്കിക്കൊണ്ടിരുന്നാല്‍ അത് ചത്തുപോകും. ഗര്‍ഭത്തിലുള്ള ഒരു ശിശുവിന്റെ വളര്‍ച്ചയെ പഠിക്കാനോ? പുറത്തുവരുവോളം കാക്കുകയേ നിവൃത്തിയുള്ളൂ.

മാത്രമല്ല സാധനയുടെ സാഫല്യത്തെയും സിദ്ധിയെയും പറ്റി പറഞ്ഞു നടന്നാല്‍ 'അഹം' വളര്‍ന്നുവരും. അതു സാധനക്ക് തടസ്സമാവും. സിദ്ധികള്‍ സ്ഥിരമല്ല താനും. അതു കാലംകൊണ്ട് ദുര്‍ബലമാവും. അപ്പോള്‍ അതുവരെ വളര്‍ത്തിക്കൊണ്ടുവന്ന 'മഹത്വം' എന്ന കുമിള പൊട്ടിപ്പോവും. പല യോഗീശ്വരന്മാരും അവരുടെ സിദ്ധികള്‍ ഒട്ടും പുറത്തെടുക്കാതെയാണ് ജീവിച്ചത്. വളരെ അടുത്തു ജീവിക്കുന്ന ശിഷ്യര്‍ക്കേ അതേപ്പറ്റി അറിവുണ്ടാകൂ. അതുകൊണ്ട് ഹഠയോഗത്തെ രഹസ്യമായി സൂക്ഷിക്കണം എന്നത് ഒരു ഉപദേശം എന്നതിലപ്പുറം മുന്നറിയിപ്പാണെന്നു പറയാം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.