ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകം: എസ്‌ഐ ദീപക് അറസ്റ്റില്‍

Friday 20 April 2018 8:10 pm IST
ശ്രീജിത്ത് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വരാപ്പുഴ എസ്‌ഐ ജി.എസ്. ദീപക്കിനെ അന്വേഷണ സംഘം അറസ്റ്റുചെയ്തു. ആലുവ പോലീസ് ക്ലബ്ബില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്തശേഷമായിരുന്നു അറസ്റ്റ്

കൊച്ചി:  ശ്രീജിത്ത് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വരാപ്പുഴ എസ്‌ഐ ജി.എസ്. ദീപക്കിനെ അന്വേഷണ സംഘം അറസ്റ്റുചെയ്തു. ആലുവ പോലീസ് ക്ലബ്ബില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്തശേഷമായിരുന്നു അറസ്റ്റ്. സംഭവത്തില്‍ സിപിഎം നേതാക്കളുടെ പങ്ക് അന്വേഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സിപിഎം ആലങ്ങാട് ഏരിയാ കമ്മിറ്റിയംഗം ഇ.വി. ഡെന്നിയെയും ചോദ്യം ചെയ്തു. ഇനി ഒരു സിപിഎം നേതാവിനെക്കൂടി അന്വേഷണ സംഘം വിളിച്ചുവരുത്തുമെന്നാണ് സൂചന.

വരാപ്പുഴയില്‍ ആത്മഹത്യ ചെയ്ത വാസുദേവന്റെ വീടാക്രമിച്ചത് കൊല്ലപ്പെട്ട ശ്രീജിത്തും കൂട്ടരുമാണെന്ന് സിപിഎം പ്രാദേശിക നേതാവായ പരമേശ്വരന്‍ ആദ്യം പറഞ്ഞിരുന്നു. പിന്നീട്, താന്‍ സംഭവം കണ്ടില്ലെന്നും ജോലി സ്ഥലത്താണെന്നും പരമേശ്വരന്‍ തിരുത്തി. ഇതിനുശേഷം സിപിഎം നേതാക്കളുടെ ഭീഷണിയെ തുടര്‍ന്ന് പരമേശ്വരന്‍ ആദ്യമൊഴിയില്‍ ഉറച്ചുനിന്നിരുന്നു. എന്നാല്‍, സിപിഎം സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പരമേശ്വരന്‍ മൊഴിമാറ്റിയതെന്ന് പറഞ്ഞ് മകന്‍ ശരത് രംഗത്തെത്തിയിരുന്നു. സിപിഎം പ്രാദേശിക നേതാക്കളായ ഡെന്നിയും തോമസും പരമേശ്വരനെ കാണാനെത്തിയെന്നും സമ്മര്‍ദ്ദം ചെലുത്തിയെന്നും ശരത്ത് വ്യക്തമാക്കി. കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിനെ കുടുക്കാന്‍ ശ്രമമുണ്ടായെന്നും സിപിഎം നേതാക്കളെ ചോദ്യം ചെയ്താല്‍ സത്യം പുറത്തുവരുമെന്നും ശരത്ത് പറഞ്ഞിരുന്നു. 

ആദ്യഘട്ടത്തില്‍ ശരത്തിന്റെ പരാമര്‍ശങ്ങള്‍ അന്വേഷണ സംഘം മുഖവിലയ്‌ക്കെടുത്തിരുന്നില്ല. എന്നാല്‍, സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം അറസ്റ്റിലായ റൂറല്‍ എസ്പിയുടെ റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ അംഗങ്ങളുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെയാണ് അന്വേഷണ സംഘം സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുള്ളത്. 

കസ്റ്റഡി കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ തങ്ങളെ കരുവാക്കുകയായിരുന്നുവെന്നുമാണ് പോലീസുകാരായ സന്തോഷ് കുമാര്‍, ജിതിന്‍രാജ്, സുമേഷ് എന്നിവര്‍ വെളിപ്പെടുത്തിയത്. കഴിഞ്ഞദിവസം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോഴും ഈ പോലീസുകാരുടെ വിശദമായ മൊഴിയെടുത്തിരുന്നു.

സിപിഎം ജില്ലാ നേതൃത്വത്തിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് റൂറല്‍ എസ്പി ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ഇതേക്കുറിച്ചും അന്വേഷണമുണ്ടാകും. വരാപ്പുഴ സ്റ്റേഷനിലെ എസ്‌ഐ ദീപക്ക് ശ്രീജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് വാസുദേവനെ ആക്രമിച്ച കേസില്‍ പിടിയിലായി മറ്റുപ്രതികളും ബന്ധുക്കളും പരാതിപ്പെട്ടിരുന്നു. കൂടാതെ, ശ്രീജിത്തിന്റെ അടിവയറ്റില്‍ മുറിവേറ്റിട്ടുണ്ടെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പരാമര്‍ശവും എസ്‌ഐയ്ക്ക് വിനയായികുകയായിരുന്നു. കേസില്‍ കൂടുതല്‍ പോലീസുകാര്‍ കുടുങ്ങുമെന്നാണ് സൂചന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.