എല്ലാം ശരിയായോ ?

Saturday 21 April 2018 2:22 am IST

 • എല്ലാം ശരിയാക്കി, എല്ലാവരെയും ശരിയാക്കി ഇടത് സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിന്റെ പടി ചവിട്ടുകയാണ്.

 

 • അധികാരത്തിലേറുംമുമ്പ് പറഞ്ഞതൊന്നും ഇപ്പോള്‍ സര്‍ക്കാര്‍ സഖാക്കള്‍ ഓര്‍ക്കുന്നുണ്ടാവില്ല. 
 • ഇനി അഞ്ച് വര്‍ഷത്തേക്ക് വില കൂടില്ല എന്നായിരുന്നല്ലോ മലയാളികളെ രോമാഞ്ചം കൊള്ളിച്ച ഒരു തലക്കെട്ട്. 
 • 35 ഇന പദ്ധതികളില്‍ കേരളത്തെ മൊത്തം ശരിയാക്കാന്‍ കച്ചകെട്ടിയവരുടെ ഭരണത്തിന്റെ ഒരു കണക്കെടുപ്പാണിത്. 
 • അവര്‍ പറഞ്ഞതും നമ്മള്‍ അനുഭവിച്ചതുമായ നാളുകള്‍. അവര്‍ വിശപ്പുരഹിത കേരളത്തെക്കുറിച്ച് പറഞ്ഞു, വിശന്നുവലഞ്ഞ വനവാസിയെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. 
 • അവര്‍ മര്യാദയുള്ള പോലീസിനെ കാട്ടിത്തരാം എന്ന് പറഞ്ഞു, വീട്ടിനുള്ളില്‍ നിന്ന് നിരപരാധിയെ വലിച്ചിറക്കിക്കൊണ്ടുപോയി ചവിട്ടിക്കൊന്ന പോലീസിനെ നമ്മള്‍ കണ്ടു. 
 • അവര്‍ സ്ത്രീ സുരക്ഷയെക്കുറിച്ച് പറഞ്ഞു, ഗര്‍ഭിണിയുടെ വയര്‍ ചവിട്ടിക്കലക്കുന്ന പാര്‍ട്ടി സഖാക്കള്‍ക്ക് സര്‍ക്കാര്‍ സുരക്ഷയൊരുക്കുന്നത് നമ്മള്‍ കണ്ടു. 
 • അവര്‍ പട്ടികജാതി ക്ഷേമത്തെക്കുറിച്ച് പറഞ്ഞു, പട്ടികജാതിക്കാരിയായ ചിത്രലേഖയുടെ വസ്തു വരെ  അവര്‍ പിടിച്ചുവാങ്ങി...
 • പിന്നെയും അവര്‍ പറഞ്ഞതേറെയാണ്...
 • കേരളത്തെ ശരിയാക്കാന്‍ പിണറായി സര്‍ക്കാരിന്റെ കണക്കുപുസ്തകത്തില്‍ പിന്നെയുമുണ്ടായിരുന്നു പദ്ധതികള്‍... 
 • നമ്മുടെ ജീവിതത്തിന്റെ മൊത്തം കണക്ക് തെറ്റിച്ച കണക്കുപുസ്തകം.

 

പറഞ്ഞതും പ്രവര്‍ത്തിച്ചതും

പൊതുമേഖല ലാഭത്തിലാക്കും: പൊതുമേഖലയെ പുനരുദ്ധരിക്കും. ലാഭകരമാക്കും. ഉല്‍പ്പാദനമേഖലയില്‍ അമ്പത് ശതമാനം വര്‍ധനവ് സൃഷ്ടിക്കും. അമൂല്യ ധാതുസമ്പത്തായ കരിമണല്‍ ടൈറ്റാനിയം മെറ്റല്‍ വരെയുള്ള മൂല്യവര്‍ധിത ഉല്പന്നങ്ങളാക്കി മാറ്റുന്നതിന് ചവറയിലെ കെഎംഎംഎല്‍ കൂടി ഉള്‍പ്പെടുത്തി ബൃഹത്തായ വ്യവസായ സമുച്ചയം സ്ഥാപിക്കും.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉല്‍പാദനമൂല്യത്തിലും വിറ്റുവരവിലും കാര്യമായ വ്യതിയാനം വന്നിട്ടില്ല. മൊത്ത ഉല്‍പാദനമൂല്യം 2015-16ല്‍ 2444.4 കോടി രൂപയില്‍ നിന്നു 2016-17ല്‍ 2421.2 കോടിയായി കുറഞ്ഞു. 0.9 ശതമാനം നെഗറ്റീവ് വളര്‍ച്ച. കെഎംഎംഎല്ലിനെക്കൂടി ഉള്‍പ്പെടുത്തി വ്യവസായ സമുച്ചയം എന്നത് ഏട്ടില്‍ നിന്ന് പുറത്തേക്ക് കടന്നിട്ടേയില്ല. 

 

കാര്‍ഷിക വരുമാന ഉറപ്പ് പദ്ധതി: കര്‍ഷകര്‍ക്ക് മിനിമം വരുമാനം ഉറപ്പുവരുത്തുന്ന പദ്ധതി ആരംഭിക്കും. ഇത് കേന്ദ്ര-സംസ്ഥാന സംയുക്തസ്‌കീമായിട്ടായിരിക്കും നടപ്പിലാക്കുക. ക്ഷേമപദ്ധതികള്‍ കൂടുതല്‍ വിപുലീകരിക്കും. എല്ലാ പഞ്ചായത്തുകളിലും ലേബര്‍ ബാങ്ക് പോലുള്ള സംവിധാനങ്ങള്‍ സൃഷ്ടിക്കും. കര്‍ഷക തൊഴിലാളികള്‍ക്ക് ആധുനിക കൃഷി സങ്കേതങ്ങളില്‍ പരിശീലനവും സുരക്ഷിതത്വവും ഉറപ്പുവരുത്തും. നെല്‍വയലുകള്‍ക്ക് റോയല്‍റ്റി നല്‍കും. കൃഷിക്കായി കൂടുതല്‍ തുക നീക്കിവെക്കും.

കൊയ്ത്തുത്സവങ്ങള്‍ ഫാഷനാക്കി മന്ത്രിമാര്‍ ഞെളിയുമ്പോഴും കൃഷിയോഗ്യമായ തരിശുഭൂമിയുടെ വിസ്തൃതിയില്‍ 63 മുതല്‍ 71 വരെ ശതമാനമാണ് വര്‍ധന. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകള്‍ ഒഴിച്ച് എല്ലായിടത്തും നെല്‍കൃഷി കുറഞ്ഞു. പഞ്ചായത്ത് തോറും ലേബര്‍ബാങ്ക് എന്ന വാക്ക് പാഴായി. കേന്ദ്രസര്‍ക്കാര്‍ ഫണ്ട് പോലും വേണ്ടവിധത്തില്‍ വിനിയോഗിക്കുന്നില്ല. 

 

വൈദ്യുതി ഉല്‍പാദനം: 1200 മെഗാവാട്ട് ശേഷിയുള്ള തെര്‍മ്മല്‍ നിലയം, 300 മെഗാവാട്ട് ജലവൈദ്യുതി, 1000 മെഗാവാട്ട്സോളാര്‍ വൈദ്യുതി എന്നീ നിലകളില്‍ ഉല്‍പാദനശേഷി കൈവരിക്കും. സംസ്ഥാനത്തെ ബള്‍ബുകളെല്ലാം എല്‍.ഇ.ഡിയിലേയ്ക്ക് മാറ്റുന്നതിനും വൈദ്യുതി ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ജനകീയ കാമ്പയിന്‍ ആരംഭിക്കും.

  സമ്പൂര്‍ണ വൈദ്യുത സംസ്ഥാനം എന്ന് പ്രഖ്യാപനമുണ്ടായെങ്കിലും വെളിച്ചമെത്താത്ത പ്രദേശങ്ങള്‍ നിരവധി. തെര്‍മല്‍ നിലയം, 3000 മെഗാ വാട്ട് ജലവൈദ്യുതി, സോളാര്‍ പാര്‍ക്ക് തുടങ്ങിയവയൊക്കെ വാഗ്ദാനങ്ങളായി അവശേഷിക്കുന്നു. അതിരപ്പള്ളി പദ്ധതിയില്‍ നിലപാട് വ്യക്തമാക്കാന്‍ പോലും പറ്റാത്ത ഗതികേടിലാണ് സര്‍ക്കാര്‍. രണ്ട് വര്‍ഷത്തിനുള്ളില്‍ വകുപ്പ് ഭരിക്കാന്‍ രണ്ട് മന്ത്രിമാര്‍ വന്നെങ്കിലും ഗ്രാമങ്ങള്‍ തോറും അപ്രഖ്യാപിത പവര്‍ കട്ടുകളാണ് ആകെയുള്ള ഭരണ പരിഷ്‌കാരം.

 

ജലസുരക്ഷാ ക്യാമ്പയിന്‍: ജലസുരക്ഷയ്ക്ക് വേണ്ടി ഒരു ബൃഹത് ക്യാമ്പയിന്‍ ആരംഭിക്കും. മൈക്രോ നീര്‍ത്തടം മുതല്‍ നദീതടം വരെ സമഗ്രമായ മണ്ണ്-ജല സംരക്ഷണ നടപടികള്‍ ആവിഷ്‌കരിക്കും. അന്തര്‍സംസ്ഥാന നദീജല കരാറുകള്‍ സമയബന്ധിതമായും കാലോചിതമായും പുനരവലോകനം ചെയ്യുന്നതിനു സ്ഥിരം കര്‍മ്മസേന ഉണ്ടാക്കും.

കേന്ദ്രസര്‍ക്കാരിന്റെ നദീസംയോജനപദ്ധതികളുടെ അനുകരണമെന്ന നിലയിലാണ് ഈ കാമ്പയിന്‍. കേന്ദ്രഫണ്ടുകള്‍ തങ്ങളുടേതാക്കി അവതരിപ്പിക്കാന്‍ കരുതിക്കൂട്ടി സൃഷ്ടിച്ച ഒരിനം. അതേസമയം അത് ഇടത് രാഷ്ട്രീയപ്രചരണത്തിനുള്ള വേദിയാക്കുകയും ചെയ്യുന്നു എന്നതാണ് അനുഭവം.

 

ഭക്ഷ്യസുരക്ഷ: പച്ചക്കറി, മുട്ട, പാല്‍ എന്നിവയില്‍ സ്വയംപര്യാപ്തത കൈവരിക്കും. അരിശ്രീ' പദ്ധതി വഴി നെല്‍കൃഷി മൂന്നുലക്ഷം ഹെക്ടറിലേയ്ക്ക് വ്യാപിപ്പിക്കും. ഭക്ഷ്യവസ്തുക്കളിലെ മായം ചേര്‍ക്കല്‍ തടയാനും ഗുണനിലവാരം ഉറപ്പുവരുത്താനും കര്‍ശനമായ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തും. 

ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കുന്നതില്‍ ഏറ്റവും പരാജയപ്പെട്ട സര്‍ക്കാരാണ് കേരളത്തിന്റേത്. എപിഎല്‍, ബിപില്‍ പട്ടിക പോലും പൂര്‍ണമായിട്ടില്ല. അതുകൊണ്ട് തന്നെ പൊതുവിതരണസമ്പ്രദായം താറുമാറായി. റേഷന്‍കാര്‍ഡ് വിതരണം പോലും നടപ്പായിട്ടില്ല. സിഐടിയു ഉപരോധം മൂലം ഭക്ഷ്യധാന്യവിതരണം മാസങ്ങളോളം മുടങ്ങിയ അനുഭവമുണ്ടായി. പായ്ക്കറ്റ് ഫുഡുകളിലെ മായം ചേര്‍ക്കല്‍ സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ വന്നിട്ടും നടപടികള്‍ ഉണ്ടായിട്ടില്ല. വന്‍കിട ഹോട്ടലുകള്‍, കമ്പനികള്‍ എന്നയവയ്‌ക്കെതിരെ ചെറുവിരലെങ്കിലും അനക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുന്നതാണ് സര്‍ക്കാര്‍ നയം.

 

തീരദേശ പാക്കേജ്: 5000 കോടിയുടെ തീരദേശ പാക്കേജില്‍ പ്രഥമമായത് തീരദേശ പശ്ചാത്തല സൗകര്യങ്ങളുടെ വികസനമാണ്. അതോടൊപ്പം തന്നെ സാമൂഹ്യക്ഷേമ സൂചകങ്ങളില്‍ സംസ്ഥാന നിലവാരത്തിനൊപ്പം എത്തുന്നതിന് മാതൃകാ മത്സ്യഗ്രാമം' പദ്ധതി നടപ്പിലാക്കും.

ഓഖി ദുരന്ത സമയത്ത് തെളിഞ്ഞുകണ്ടത് ഈ മേഖലയില്‍ സര്‍ക്കാര്‍ നടത്തുന്ന തീവെട്ടിക്കൊള്ളയുടെ ചിത്രങ്ങളാണ്. അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കും തീരദേശ സുരക്ഷയ്ക്കുമായി കേന്ദ്രം നല്‍കിയ കോടികള്‍ പോലും വകമാറ്റി ചെലവഴിച്ചതാണ് സര്‍ക്കാര്‍ നിലപാട്. മത്സ്യത്തൊഴിലാളികള്‍ക്ക് വീട് വെക്കാന്‍ പോലും നിലവിലുള്ള നിയമങ്ങള്‍ തടസ്സമാണ്. അത് ഭേദഗതി ചെയ്തിട്ടും സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഭവനനിര്‍മ്മാണ പദ്ധതിയിലേക്ക് അപേക്ഷിക്കാന്‍ പോലുമാകാതെ തീരദേശവാസികളെ കുരുക്കിയിട്ടിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.

 

റോഡ് വികസനം: ദേശീയപാത നാലുവരിയാക്കും. സംസ്ഥാന പാതകളും ജില്ലാ റോഡുകളും ബി.എം & ബി.സിയില്‍ പുതുക്കി പണിയും. ഗ്രാമീണ റോഡുകള്‍ ഒറ്റതവണ പുനരുദ്ധരിക്കല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. എല്ലാ ബൈപ്പാസുകളും പൂര്‍ത്തീകരിക്കും. കേരളത്തില്‍ ഘട്ടം ഘട്ടമായി സ്മാര്‍ട്ട് റോഡ് പദ്ധതി നടപ്പാക്കും.

  കേന്ദ്രസര്‍ക്കാര്‍ പദ്ധതികളില്‍ പൂര്‍ത്തിയാവുന്ന റോഡുകളല്ലാതെ മറ്റൊന്നും പറയാനില്ലാത്ത അവസ്ഥ. ദേശീയപാതാ വികസനത്തിന്റെ കാര്യത്തില്‍ പൊതുജനവികാരം മാനിക്കാതെയുള്ള നിലപാടുകള്‍ സംസ്ഥാനസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി. മലപ്പുറത്തും കീഴാറ്റൂരിലുമൊക്കെ ജനങ്ങളെ വെല്ലുവിളിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. എല്ലാ ബൈപ്പാസുകളും പൂര്‍ത്തീകരിക്കും എന്ന വാഗ്ദാനം തന്നെ കേന്ദ്രസര്‍ക്കാരിന്റെ ചെലവിലാണ്. ഇടത് വലതു സര്‍ക്കാരുകള്‍ പല കാരണം കൊണ്ട് മുടക്കിയിട്ടിരുന്ന ബൈപ്പാസ് നിര്‍മ്മാണമാണ് കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ ഇപ്പോള്‍ പൂര്‍ത്തിയാക്കുന്നത്.

 

റെയില്‍വേ: നിര്‍ദ്ദിഷ്ട പുതിയ റെയില്‍വേ ലൈനുകള്‍ പൂര്‍ത്തീകരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തും. സംസ്ഥാനത്ത് നിലവിലുള്ള രണ്ടുവരി റെയില്‍വേ പാത നാലുവരി പാതയാക്കുന്നതിന് ഇന്ത്യന്‍ റെയില്‍വേയുമായി ചേര്‍ന്ന് സംയുക്ത കമ്പനി ഉണ്ടാക്കും. ഇരട്ടിപ്പിക്കുന്ന പാത അതിവേഗ ട്രെയിന്‍ ഓടിക്കാന്‍ സജ്ജമാക്കാന്‍ ശ്രമിക്കും.

  സ്ഥലമേറ്റെടുത്ത് നല്‍കലുള്‍പ്പെടെ സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്ന് ചെയ്യേണ്ടതൊന്നും ചെയ്യാത്തതാണ് റയില്‍വേ വികസനത്തിന്റെ കാര്യത്തില്‍ എല്‍ഡിഎഫ് സംഭാവന. കൊല്ലം -ചെങ്കോട്ട ലൈന്‍ പൂര്‍ത്തിയായതും താംബരം എക്‌സ്പ്രസ് ഓടിത്തുടങ്ങിയതുമൊക്കെ തങ്ങളുടെ ക്രെഡിറ്റിലാക്കാന്‍ നീക്കമുണ്ടെങ്കിലും അതെല്ലാം കേന്ദ്രസര്‍ക്കാര്‍ പദ്ധതികളാണ്. അതേസമയം അടിപ്പാതകള്‍ പൂര്‍ത്തിയാക്കുന്നതിനും നിര്‍ദ്ദിഷ്ട മേല്‍പ്പാലങ്ങള്‍ക്കുമുള്ള തടസ്സങ്ങള്‍ നീക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ല.

 

ശുചിത്വകേരളം: കേരളത്തെ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമാക്കി മാറ്റും. ഇതിനായി ഉറവിടമാലിന്യ സംസ്‌കരണത്തിനായിരിക്കും മുന്‍ഗണന. ജലമലിനീകരണത്തിനെതിരെ നടപടിയെടുക്കും. ഇതിനായി ജനകീയ ക്യാമ്പയിന് രൂപംനല്‍കും.

  കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛഭാരതം പദ്ധതിയുടെ മിമിക്രി ആയാണ് ഈ പ്രയോഗം കേരളത്തിലെത്തുന്നത്. എന്നാല്‍ നടപടിക്രമങ്ങളില്‍ അതെങ്ങും എത്തുന്നില്ല. ഡങ്കി മുതലായ മാരക അസുഖങ്ങളും തെരുവുനായകളുടെ ശല്യവുമെല്ലാം ശുചിത്വകേരളം പദ്ധതിയുടെ പരാജയം വിളിച്ചുപറയുന്നതാണ്.

(തുടരും)

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.