മതമുള്ള മാനഭംഗം

Saturday 21 April 2018 3:38 am IST

പൊന്നാനിയിലെ മതപാഠശാലയില്‍ നിന്ന് വിട്ടുമാറാത്ത ജലദോഷവുമായി താനൂരിലെ വീട്ടിലെത്തിയ വിദ്യാര്‍ത്ഥി അമീന്‍ (16) രോഗം ഭേദമാകാത്തതിനെ തുടര്‍ന്ന് മരിച്ചു. കാരണം തൊണ്ടമുള്ള് അഥവാ ഡിഫ്തീരിയ. പുളിക്കലിലെ ഒമ്പതാം ക്ലാസുകാരന്‍ അഹമ്മദ് അസഫ്‌സാബും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത് ഡിഫ്തീരിയ കാരണം. ഡിഫ്തീരിയ മൂലം മരിച്ച മലപ്പുറത്തെ 12നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ 99 ശതമാനവും പ്രതിരോധ കുത്തിവെയ്പ്പ് എടുത്തിരുന്നില്ല. രോഗബാധ കൂടിയ 2016ല്‍ ആരോഗ്യ വകുപ്പ് മലപ്പുറത്ത് കണക്കെടുക്കുമ്പോള്‍ 2,35,537 കുട്ടികള്‍ തുള്ളി മരുന്നോ കുത്തിവെയ്‌പ്പോ എടുക്കാത്തവരായി ഉണ്ടായിരുന്നു.

മുസ്ലിം മതവിഭാഗത്തില്‍പ്പെട്ടവരുടെ പ്രത്യുല്‍പ്പാദന ശേഷി നശിപ്പിക്കാനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയാണ് പ്രതിരോധ കുത്തിവെയ്പ്പും തുള്ളിമരുന്നുമെന്നും പ്രചരിപ്പിക്കപ്പെട്ടതിന്റെ ഫലം!

തെറ്റായ പ്രചാരണങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ഒഴുകി. രോഗപ്രതിരോധ കുത്തിവെപ്പുകളില്‍ പോലും മതവികാരം കുത്തിവെയ്ക്കുന്നവര്‍ ആരാണ് എന്ന ചോദ്യത്തിനു മാത്രം കേരളം ഉത്തരം കണ്ടെത്തിയില്ല.

മുമ്പ് മലപ്പുറത്തെ സിനിമാ തിയേറ്ററുകള്‍ ഒന്നൊന്നായി കത്തിച്ചാമ്പലായി. ഇന്നത്തെ രീതിയിലുള്ള മള്‍ട്ടിപ്ലക്‌സുകളായിരുന്നില്ല അന്നത്തെ നാട്ടിന്‍പുറത്തെ തിയേറ്ററുകള്‍. ഓല മേഞ്ഞ ടാക്കീസുകള്‍ കത്തിയത് സിഗരറ്റ് ബോംബില്‍ നിന്ന് തീ പിടിച്ചാണെന്ന് കണ്ടെത്തി. കത്തിച്ചത് എന്തിനാണെന്നോ കത്തിച്ചത് ആരാണെന്നോ ആരും തിരക്കിയില്ല. ഗൗരവമായി അന്വേഷിച്ചില്ല. സംഭവങ്ങളുടെ ഉള്ളറകളിലേക്ക് അന്വേഷണം നീക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരുകള്‍ കാണിച്ചില്ല.

മതവിരുദ്ധമാണ് സിനിമയും പ്രതിരോധ കുത്തിവെപ്പുമെന്നും പഠിപ്പിക്കുന്ന മതവര്‍ഗീയശക്തികള്‍ നവ പരീക്ഷണങ്ങളുടെ ലബോറട്ടറികളിലായിരുന്നു. സമാധാന കാലങ്ങളിലെ യുദ്ധമുറകളായിരുന്നു ഇവയെന്ന് തിരിച്ചറിയാന്‍ തക്ക ബൗദ്ധിക സത്യസന്ധത കേരളത്തിലെ രഹസ്യാന്വേഷണ വിഭാഗങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍ക്ക് എന്നേ നഷ്ടമായിരുന്നു. 

വാക്‌സിന്‍ വിരുദ്ധ പ്രചാരണവും ഗെയില്‍ പൈപ്പ് ലൈനിനും ദേശീയപാതാ വികസനത്തിനും എതിരായ സമരവും എല്ലാം മതഭീകര ശക്തികള്‍ക്ക് സംഘടനാ ബലം വര്‍ദ്ധിപ്പിക്കാനുള്ള പരിശീലനക്കളരികളായിരുന്നു. ജീവല്‍ പ്രശ്‌നങ്ങളെന്നു പ്രചരിപ്പിച്ച് നാട്ടുകാരെ തെരുവിലിറക്കാന്‍ കിട്ടിയ അവസരങ്ങളെല്ലാം മുതലെടുത്തു. എളുപ്പം തെറ്റിദ്ധരിപ്പിക്കാന്‍ തക്ക വിഷയങ്ങള്‍ എടുത്ത് ബുദ്ധിപൂര്‍വ്വമായി പ്രചാരണം നടത്താനുള്ള പരിശീലനം നേടിയവരായിരുന്നു ഇക്കൂട്ടര്‍.

 കാത്വയില്‍ പിടഞ്ഞു മരിച്ച പെണ്‍കുട്ടിയുടെ ദാരുണ മരണത്തെ പ്രചണ്ഡമായ വിദ്വേഷത്തീയായി ആളിക്കത്തിക്കാന്‍ ഇക്കൂട്ടര്‍ക്ക് എളുപ്പം കഴിഞ്ഞു. മതവിദ്വേഷത്തിന്റെ വിഷപ്പുക പടര്‍ത്തുന്നതായിരുന്നു ആ പ്രചാരണം. 1921ല്‍ മലപ്പുറം പള്ളി ബ്രിട്ടീഷുകാര്‍ തകര്‍ത്തുവെന്ന കുപ്രചാരണമാണ് 1921ലെ മാപ്പിള ലഹളക്ക് പെട്ടെന്ന് വഴിമരുന്നിട്ടത്. വിവരസാങ്കേതിക വിദ്യയും വാട്‌സാപ്പും ഇല്ലാതിരുന്ന ഒരുകാലഘട്ടത്തില്‍ കാട്ടുതീ പോലെ പടര്‍ന്ന ആ വാര്‍ത്തയാണ് കലാപത്തിന്റെ കെടുതികള്‍ വര്‍ദ്ധിപ്പിച്ചത്. 

കലാപത്തിനു 100 വര്‍ഷം തികയാനിരിക്കേ സാമൂഹ്യമാധ്യമങ്ങള്‍ വഴി പുതിയ കലാപത്തിന്റെ സാദ്ധ്യതകള്‍ പരീക്ഷിക്കുന്നതാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കേരളം കണ്ടത്. മനുഷ്യ മനഃസാക്ഷിയെ വേദനിപ്പിച്ച പെണ്‍കുട്ടിയുടെ ദാരുണാന്ത്യത്തില്‍ മനം നൊന്തവരില്‍ മതമുള്ളവരും മതമില്ലാത്തവരുമുണ്ടായിരുന്നു. എന്നാല്‍ ദാരുണ മരണത്തിലും മതവും മതവിദ്വേഷവും കലര്‍ത്തുന്നതിലായിരുന്നൂ മറ്റു ചിലര്‍. അതിന്റെ ദുരന്തമാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കേരളം കണ്ടത്.

നാളെ

കേരളം ഭീകരതയുടെ

സുരക്ഷിത താവളമായതെങ്ങനെ?

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.