കാലടിയില്‍ ശ്രീശങ്കര ജയന്തി ആഘോഷം അദ്വൈതഭൂമിയെ ധന്യമാക്കി മഹാപരിക്രമ

Saturday 21 April 2018 2:43 am IST

കാലടി: ലോകത്തിന് അദ്വൈതം പകര്‍ന്ന് നല്‍കിയ ശ്രീശങ്കരാചാര്യ സ്വാമികളുടെ ജന്മദിനം തത്ത്വജ്ഞാന ദിനമായി ശ്രീശങ്കര ജന്മദേശ വികസന സമിതിയുടെ നേതൃത്വത്തില്‍ ആഘോഷിച്ചു. ഹരഹര ജയശങ്കര എന്ന മന്ത്രത്താല്‍ അദ്വൈത ഭൂമിയെ ധന്യമാക്കി മഹാപരിക്രമയും നടന്നു. സന്ന്യാസി ശ്രേഷ്ഠര്‍, ശങ്കര വേഷധാരികളായ കുട്ടികള്‍, പഞ്ചവാദ്യം, നിശ്ചല ശില്‍പ്പങ്ങള്‍, ഭജന സംഘങ്ങള്‍ എന്നിവയുടെ അകമ്പടിയോടെയായിരുന്നു പരിക്രമ.

ആദിശങ്കര കീര്‍ത്തിസ്തംഭ മണ്ഡപത്തില്‍ നിന്നാണ് മഹാപരിക്രമ ആരംഭിച്ചത്. കാലടി ടൗണ്‍ ചുറ്റി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം, ആദിശങ്കര ജന്മഭൂമി ക്ഷേത്രം, ശ്രീശങ്കരന്റെ കുലദേവതാ ക്ഷേത്രമായ കാലടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് ശൃംഗേരി മുതലക്കടവില്‍ സമാപിച്ചു. തുടര്‍ന്ന് ആലുവ തന്ത്രവിദ്യാപീഠത്തിലെ ആചാര്യന്മാരുടെ നേതൃത്വത്തില്‍ നദീപൂജയും മഹാസ്‌നാനവും നടന്നു. രാജേഷ് തിരുവൈരാണിക്കുളം, സി.പി. അപ്പു, സുരേഷ് ബാബു, എസ്. സുനില്‍ കുമാര്‍, എന്‍, സുദേഷ്, പി, സന്തോഷ് കുമാര്‍, പി.ആര്‍. മുരളീധരന്‍ എന്നിവര്‍ പരിക്രമയ്ക്ക് നേതൃത്വം നല്‍കി.

പരിക്രമയ്ക്ക് മുന്നോടിയായി ആദിശങ്കര കീര്‍ത്തിസ്തംഭ മണ്ഡപത്തില്‍ നടന്ന സമ്മേളനത്തില്‍ വാഴൂര്‍ തീര്‍ത്ഥപാദാശ്രമം അദ്ധ്യക്ഷന്‍ സ്വാമി പ്രജ്ഞാനന്ദതീര്‍ത്ഥ പാദര്‍ ശങ്കര ജയന്തി സന്ദേശം നല്‍കി. സിനിമാ താരം ദേവന്‍ പതാക കൈമാറി പരിക്രമയും സമ്മേളനവും ഉദ്ഘാടനം ചെയ്തു. കെ.എസ്.ആര്‍. പണിക്കര്‍ അധ്യക്ഷനായി. സ്വാമി അയ്യപ്പദാസ്, കെ.പി. ശങ്കരന്‍, ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍, ആര്‍എസ്എസ് സഹ പ്രാന്തകാര്യവാഹ് എം. രാധാകൃഷ്ണന്‍, വിശ്വഹിന്ദു പരിഷത്ത് വര്‍ക്കിംഗ് പ്രസിഡന്റ് കെ. ബലരാമന്‍, സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എം.സി. വല്‍സന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി എം.കെ. കുഞ്ഞോല്‍, സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കെ.വി. ശിവന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. ബാബു, ആര്‍എസ്എസ് ജില്ലാ സംഘചാലക് അഡ്വ. സുന്ദരന്‍ ഗോവിന്ദ് എന്നിവര്‍ സംസാരിച്ചു. 

സമാധിയായ കാഞ്ചിശങ്കരാചാര്യ മഠാധിപതി ജയേന്ദ്രസരസ്വതി സ്വാമികളെ സംസ്ഥാന സാമൂഹ്യ സമരസതാപ്രമുഖന്‍ വി.കെ. വിശ്വനാഥന്‍ അനുസ്മരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.