കാലടി: നെടുമ്പാശ്ശേരി വിമാനത്താവളത്തിന് ശ്രീശങ്കരന്റെ പേര് നല്‍കണമെന്ന് ശ്രീ ശങ്കരജയന്തി തത്ത്വദിനാഘോഷത്തോടനുബന്ധിച്ച് ആദിശങ്കര ജന്മദേശവികസന സമിതിയുടെ നേതൃത്വത്തില്‍ നടന്ന സന്ന്യാസി സംഗമം ആവശ്യപ്പെട്ടു.
കാലടി കീര്ത്തിസ്തംഭമണ്ഡപത്തില് നടന്ന സന്ന്യാസി സംഗമം വാഴൂര്‍ തീര്‍ത്ഥപാദാശ്രമം അധ്യക്ഷന്‍ സ്വാമി പ്രജ്ഞാനന്ദ തീര്‍ത്ഥപാദര്‍ ഉദ്ഘാടനം ചെയ്തു. കണ്ണാടി അനങ്ങുമ്പോള്‍ മുഖം വ്യക്തമാകുകയില്ലെന്നും മനസ്സിന് ഏകാന്തത കിട്ടിയാല്‍ മാത്രമേ ഈശ്വരനെ കാണാന്‍ സാധിക്കുകയുള്ളൂ എന്നും ഉദ്ഘാടന പ്രഭാഷണത്തില്‍ സ്വാമി പറഞ്ഞു.
പൂഞ്ഞാര്‍ ദര്‍ശനാനന്ദ സരസ്വതി സ്വാമി അദ്ധ്യക്ഷനായി. സ്വാമി സദ് സ്വരൂപാനന്ദ സരസ്വതി, സ്വാമി അയ്യപ്പദാസ്, ശിവഗിരി മഠം സ്വാമി സുകൃതാനന്ദ, വിശ്വരൂപാനന്ദ സരസ്വതി, അഭയാനന്ദ തീര്‍ത്ഥപാദര്‍, പെരുവ വേദാനന്ദ സരസ്വതി സ്വാമി എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
കാലടിയുടെ പ്രാധാന്യം നഷ്ടമാകാത്ത തരത്തില്‍, നിലവിലുള്ള പാലത്തിനോട് സമാന്തരമായിത്തന്നെ പുതിയ പാലം നിര്‍മ്മിക്കണമെന്നും സന്ന്യാസിമാര്‍ ആവശ്യപ്പെട്ടു. കേരളത്തിലെ വിവിധ സന്ന്യാസി മഠങ്ങളില്‍ നിന്നായി നൂറുകണക്കിന് സന്ന്യാസിമാര്‍ സംഗമത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: