കൊച്ചിയില്‍ കെട്ടിടം ഇടിഞ്ഞു താണ സംഭവം; നിര്‍മ്മാണത്തില്‍ അപാകമെന്ന് സൂചന

Saturday 21 April 2018 2:49 am IST
"കലൂര്‍ മെട്രോ സ്റ്റേഷന് സമീപം ഇടിഞ്ഞുതാണ കെട്ടിടം"

കൊച്ചി: കൊച്ചി നഗരമധ്യത്തില്‍ കലൂരിലെ മെട്രോ സ്റ്റേഷന് സമീപം കെട്ടിടം ഇടിഞ്ഞു താണതിന് കാരണം നിര്‍മ്മാണത്തിലെ അപാകമെന്ന് സൂചന.  അടിത്തറ ഉറയ്ക്കാതെ അതിനുമുകളില്‍  കെട്ടിടം നിര്‍മ്മിച്ചതാകാം  കാരണമെന്നാണ് പ്രാഥമിക നിഗമനം. കെട്ടിട ഉടമകളായ പോത്തീസിന്റെ നിര്‍മ്മാണ ലൈസന്‍സ് കൊച്ചി കോര്‍പ്പറേഷന്‍ റദ്ദാക്കി. പോലീസ് കേസ്സെടുത്തിട്ടുണ്ട്. 

വ്യാഴാഴ്ച രാത്രിയാണ് കെട്ടിടം ഇടിഞ്ഞുതാണത്. ജെസിബി ഉള്‍പ്പെടെയുള്ള നിര്‍മ്മാണ സാമഗ്രികളും മണ്ണില്‍ താണു. 30 അടി താഴ്ചയില്‍ അഞ്ഞൂറിലേറെ പൈലുകള്‍ക്ക് മുകളില്‍ സ്ഥാപിച്ചിരുന്ന ഇരുമ്പു ബീമുകളും തകര്‍ന്നു. അപകടസമയത്ത് കെട്ടിടത്തില്‍ തൊഴിലാളികള്‍ ഇല്ലാതിരുന്നതിനാലാണ് ദുരന്തം ഒഴിവായത്. അപകടം നടന്ന സ്ഥലത്തിന് സമീപത്തെ കെട്ടിടവും ഭീഷണിയിലാണ്. റോഡരികില്‍ വിള്ളല്‍ ഉണ്ടായിട്ടുള്ളതിനാല്‍ റോഡ് ബലപ്പെടുത്തിയ ശേഷമേ ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കൂ. 

12 നില കെട്ടിടമായിരുന്നു വസ്ത്രശാലയ്ക്കായി നിര്‍മ്മിക്കാനിരുന്നത്. ഭൂമിക്കടിയില്‍ രണ്ടു നിലകളുടെ പൈലിങ് പൂര്‍ത്തിയാക്കിയ ശേഷം ഒന്‍പത് മീറ്റര്‍ ആഴത്തില്‍ മണ്ണെടുത്തു മാറ്റുന്ന ജോലികളാണ് നടന്നിരുന്നത്. കെട്ടിടത്തിന്റെ പൈലിംഗിലും അപാകതയുണ്ടെന്നാണ് വിലയിരുത്തല്‍. നഗര വികസന വകുപ്പില്‍ നിന്ന് നിയമത്തില്‍ ഇളവ് നേടിയാണ് കെട്ടിടം നിര്‍മ്മിച്ചതെന്നും ഭൂമിക്കടിയില്‍ രൂപപ്പെട്ട ഗര്‍ത്തം സംബന്ധിച്ച് ശാസ്ത്രീയമായ പഠനങ്ങള്‍ക്ക് ശേഷമേ പറയാനാകൂവെന്നും ഹൈബി ഈഡന്‍ എംഎല്‍എ പറഞ്ഞു. 

വിദഗ്ധ സമിതിയെ അന്വേഷത്തിന് ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കെട്ടിടം ഇടിഞ്ഞു താണതിന് സമീപമുള്ള മറ്റ് കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ സ്ഥിതിയും സംഘം പരിശോധിക്കും. പിവിഎസ് കള്‍വര്‍ട്ടിന്റെ അപാകതയും റോഡിന്റെ ശോച്യാവസ്ഥയും അപകടത്തിനു കാരണമായതായി സമീപവാസികള്‍ പറയുന്നു.

കള്‍വര്‍ട്ട് നിര്‍മിച്ചപ്പോള്‍ റോഡ് ഉയര്‍ത്തിയിരുന്നെങ്കിലും വശങ്ങള്‍ കെട്ടി ബലപ്പെടുത്തിയില്ല. അടുത്തിടെയാണ് റോഡിന്റെ ഇടതുവശത്തെ ഭിത്തി കെട്ടിയത്. ഈ ഭാഗത്ത് മണ്ണിടിഞ്ഞിട്ടുണ്ട്. കെഎസ്ഇബിയുടെ ഉള്‍പ്പെടെയുള്ള എല്ലാ ജോലികളും പൂര്‍ത്തിയായിരുന്നു. വാട്ടര്‍ അതോറിറ്റി പൈപ്പ് മാറ്റുന്ന ജോലി മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. അതാണ് അപകടസമയത്ത് പൊട്ടിയത്. പൈപ്പ് ലൈനും കെഎസ്ഇബി വൈദ്യുതി ലൈനും മാറ്റി നല്‍കാന്‍ വൈകിയതു കൊണ്ടാണു റോഡിനു സംരക്ഷണ ഭിത്തി കെട്ടാന്‍ വൈകിയതെന്നാണു പൊതുമരാമത്തു വകുപ്പിന്റെ വിശദീകരണം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.