ബംഗളൂരുവിന് സൂപ്പര്‍ കപ്പ്

Saturday 21 April 2018 2:58 am IST

ഭുവനേശ്വര്‍: പ്രഥമ സൂപ്പര്‍ കപ്പ് കിരീടം ബംഗളൂരു എഫ്‌സിക്ക്. കലിംഗ സ്‌റ്റേഡിയത്തില്‍ അരങ്ങേറിയ ഫൈനലില്‍ അവര്‍ കൊല്‍ക്കത്തയിലെ കൊമ്പന്മാരായ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്തുവിട്ടു.

ക്യാപ്റ്റന്‍ സുനില്‍ ഛേത്രി രണ്ട് ഗോളും രാഹുല്‍ ബേക്കേ, മിക്കു എന്നിവര്‍ ഓരോ ഗോളും നേടി. അന്‍സുമാന ക്രോമയാണ് ഈസ്റ്റ് ബംഗാളിന്റെ ഏക ഗോള്‍ നേടിയത്. ആദ്യ പകുതിയുടെ അധികസമയത്ത് പ്രതിരോധനിരക്കാരന്‍ സമദ് അലി മാലിക്ക്് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് ഈസ്റ്റ് ബംഗാളിന് തിരിച്ചടിയായി.

ഈസ്റ്റ്ബംഗാളിന്റെ നീക്കത്തോടെയാണ് കളിയാരംഭിച്ചത്. അന്‍സുമാന ക്രോമ പന്തുമായി ബംഗളൂരുവിന്റെ ഗോള്‍ മുഖത്തേക്ക് ഇരച്ചുകയറി. പക്ഷെ ബംഗളൂരിന്റെ പ്രതിരോധനിര ഈ നീക്കം തടഞ്ഞു.

ഇരുപത്തിയെട്ടാം മിനിറ്റില്‍ ക്രോമ ഈസ്റ്റ് ബംഗാളിനെ മുന്നിലെത്തിച്ചു. ജപ്പാനീസ് താരം കത്‌സുമി യുസയുടെ കോര്‍ണര്‍കിക്കാണ് ഗോളിന് വഴിയൊരുക്കിയത്. ഓടിക്കയറിയ ക്രോമ ഗോളിയുടെ തലയ്ക്ക് മുകളിലൂടെ പറത്തിവിട്ട പന്ത് നേരെ വലയില്‍ കയറി.

ഗോള്‍ വീണതോടെ ഉണര്‍ന്നുകളിച്ച ബംഗളൂരു പതിനൊന്ന് മിനിറ്റുകള്‍ക്കുശേഷം ഗോള്‍ മടക്കി. വിക്ടര്‍ പെരസ് ഗോള്‍ മുഖത്തേക്ക് ഉയര്‍ത്തിവിട്ട കോര്‍ണര്‍ക്കിക്കില്‍ തലവെച്ച് രാഹുല്‍ ബേക്കേയാണ് ബംഗളൂരുവിനെഎത്തിച്ചത്.

ഒന്നാം പകുതിയുടെ അധികസമയത്ത് ബംഗളൂരുവിന്റെ സുബാശിഷ് ബോസിനെ ഫൗള്‍ ചെയ്തതിന് ഈസ്റ്റ് ബംഗാളിന്റെ സമദ് അലി മാലിക്കിനെ റഫറി പുറത്താക്കി. രണ്ടാം പകുതിയില്‍ പത്തുപേരുമായി കളിച്ച ഈസ്റ്റ് ബംഗാളിന് പിടിച്ചു നില്‍ക്കാനായില്ല. സുനില്‍ ഛേത്രിയും മിക്കുവുമൊക്ക അരങ്ങുവാണതോടെ ഈസ്റ്റ് ബംഗാളിന്റെ വലയില്‍ മൂന്ന് ഗോളുകള്‍ കൂടി കയറി.

അറുപത്തിയൊമ്പതാം മിനിറ്റില്‍ പെനാല്‍റ്റി ഗോളാക്കി സുനില്‍ ഛേത്രി ബംഗളൂരുവിന് ലീഡ് നേടിക്കൊടുത്തു. 2-1.

ഈ്‌സറ്റ് ബംഗാളിന്റെ ഗുര്‍വിന്ദറിന്റെ കൈയില്‍ പന്ത് തട്ടിയതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്.

ഈസ്റ്റ് ബംഗാളിന്റെ ആരാധകരെ നിരാശരാക്കി മിക്കു ബംഗളൂരുവിന്റെ മൂന്നാം ഗോള്‍ നേടി. വിക്ടര്‍ പെരസും ടോണിയും ചേര്‍ന്നു നടത്തിയ മുന്നേറ്റമാണ് ലക്ഷ്യം കണ്ടത്്. നീട്ടിക്കിട്ടിയ പന്തുമായി കുതിച്ച മിക്കു അനായാസം ഗോളിയെ കീഴടക്കി.

കളിയുടെ അവസാന നിമിഷങ്ങളില്‍ സുനില്‍ ഛേത്രി തന്റെ രണ്ടാം ഗോളിലൂടെ ബംഗളൂരുവിന്റെ വിജയം ഉറപ്പിച്ചു. വലതുപാര്‍ശ്വത്തില്‍ നിന്ന് രാഹുല്‍ ബേക്കേ നല്‍കിയ പാസ് മികച്ചൊരു ഹെഡ്ഡറിലൂടെ ചേത്രി വലയിലാക്കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.