വാട്ടര്‍ അതോറിറ്റിയുടെ കുപ്പിവെള്ള പദ്ധതി സര്‍ക്കാര്‍ അട്ടിമറിച്ചു

Saturday 21 April 2018 3:04 am IST

ആലപ്പുഴ: പൊതുജനങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് കുപ്പിവെള്ളം നല്‍കാനുള്ള വാട്ടര്‍ അതോറിറ്റിയുടെ നീക്കം സര്‍ക്കാരുകള്‍ അട്ടിമറിച്ചു, സര്‍ക്കാര്‍ നടപടി സ്വകാര്യ കുപ്പിവെള്ള കമ്പനികളെ സഹായിക്കാനെന്നാണ് ആക്ഷേപം. സ്വകാര്യമേഖലയില്‍ നിലനിന്നിരുന്ന വ്യവസായമായ കുപ്പിവെള്ള മേഖലയില്‍ ഇടപെടാന്‍ വിഎസ് സര്‍ക്കാര്‍ തീരുമാനിച്ചത് 2006 സപ്തംബറിലാണ്. 

  വാട്ടര്‍ അതോറിറ്റി ഈ മേഖലയിലേക്ക് കടന്നുവരണമെന്ന ലക്ഷ്യത്തോടെ 2008ലെ കേരള വാട്ടര്‍ സപ്ലൈ ആന്‍ഡ് സ്വിവ്‌റേജ് ആക്ട് വിഎസ് സര്‍ക്കാര്‍ ഭേദഗതി ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ 2010 ജൂണ്‍ ഏഴിന് വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ അരുവിക്കരയില്‍ കുപ്പിവെള്ള ഫാക്ടറിക്ക് തറക്കല്ലിട്ടു. 2011 നവംബറില്‍ ഇവിടെ നിന്ന് കുപ്പിവെള്ളം പുറത്തിറക്കുമെന്നായിരുന്നു പ്രഖ്യാപനം, പക്ഷെ യാഥാര്‍ത്ഥ്യമായില്ല. സാങ്കേതിക തടസ്സങ്ങളാണ്  കാരണമെന്നാണ് അധികൃതര്‍ പറഞ്ഞത്. 

  കാലതാമസത്തിന് പിന്നില്‍ സ്വകാര്യ കുപ്പിവെള്ള ലോബിയുടെ ഇടപെടലാണെന്ന് സംശയം ഉയര്‍ന്നിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഫാക്ടറിയുടെ നിര്‍മ്മാണം ഏതാണ്ട് പൂര്‍ത്തിയായി ഉല്‍പാദനം ആരംഭിക്കാവുന്ന ഘട്ടത്തിലെത്തി. എന്നാല്‍ കാലതാമസം കാരണം ഉണ്ടായ അധിക സാമ്പത്തിക ബാദ്ധ്യതയ്ക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കേണ്ടതുണ്ട്. ഇതിനായി അതോറിറ്റി സമര്‍പ്പിച്ച കത്ത് പരിഗണിക്കാനാവില്ലെന്ന് പറഞ്ഞ് ഇപ്പോള്‍ ജലവിഭവ വകുപ്പ് തള്ളിയതാണ് വിവാദമായത്. 

  ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കേണ്ട പദ്ധതിക്ക് ഇപ്പോള്‍ ഭരണാനുമതി നിഷേധിച്ചതില്‍ ദുരൂഹതയുണ്ടെന്ന് വാട്ടര്‍ അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. കുപ്പി വെള്ള വിതരണം വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തന മണ്ഡലത്തില്‍ പെടുന്നതല്ലെന്നും അതു സ്വകാര്യ മേഖലയുടെ കുത്തകാവകാശം ആണെന്നും അതിനാല്‍ അനുമതി നിഷേധിക്കുന്നു എന്നുമാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി വാട്ടര്‍ അതോറിറ്റി എംഡിയെ രേഖാമൂലം അറിയിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.