പരിയാരം മെഡിക്കല്‍ കോളേജിലും സ്വാശ്രയ നിരക്കില്‍ ഫീസ്

Saturday 21 April 2018 2:40 am IST

കണ്ണൂര്‍: പരിയാരം മെഡി. കോളേജില്‍ മെറിറ്റ് സീറ്റില്‍ പഠിക്കുന്നവരും  സ്വാശ്രയ സീറ്റില്‍ പഠിക്കുന്നവര്‍  നല്‍കുന്ന ഫീസ് അടയ്ക്കാന്‍ ഉത്തരവ്. ഇതോടെ  മെറിറ്റ് സീറ്റില്‍ പ്രവേശനം നേടിയ, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ കടുത്ത ബുദ്ധിമുട്ടിലായി. 

സര്‍ക്കാര്‍ നിശ്ചയിച്ച ഫീസായ 2.5 ലക്ഷം രൂപയ്ക്കു പുറമേ ഇനി 2.35 ലക്ഷം രൂപ കൂടി അടയ്ക്കാനാണ്  കോളേജ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. 2.35 ലക്ഷം അടച്ചില്ലെങ്കില്‍ കോളേജില്‍ നിന്നു പുറത്താക്കും. കഴിഞ്ഞ വര്‍ഷം എംബിബിഎസിന് ചേര്‍ന്ന് ഒരു വര്‍ഷത്തെ പഠനം പൂര്‍ത്തിയാകാറായ വിദ്യാര്‍ഥികളാണ് അധികഫീസ് നല്‍കേണ്ടത്.

സ്വാശ്രയ മെഡി.കോളേജുകളില്‍ സര്‍ക്കാര്‍, മാനേജ്‌മെന്റ് സീറ്റുകളില്‍ ഫീസ് ഏകീകരിക്കണമെന്ന രാജേന്ദ്രബാബു കമ്മിറ്റി ശുപാര്‍ശ പ്രകാരമാണ് നടപടിയെന്നാണ് കോളേജ് അധികൃതര്‍ പറയുന്നത്. മെഡി. കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്ത് ഓര്‍ഡിനന്‍സ് ഇറക്കിയെങ്കിലും സിപിഎം നിയന്ത്രണത്തിലുള്ള ഭരണസമിതിയാണ് ഇപ്പോഴും കോളേജ്  ഭരിക്കുന്നത്.

 സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാനേജ്‌മെന്റിന്റെ പുതിയ തീരുമാനം കനത്ത തിരിച്ചടിയായി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.