കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് മുന്നില്‍ അണികളുടെ പ്രതിഷേധം

Saturday 21 April 2018 2:39 am IST

ബെംഗളൂരു: സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിക്കാന്‍ സാധിക്കാത്ത നേതാക്കളുടെ അണികള്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് മുന്നില്‍ പരസ്യ പ്രതിഷേധവുമായി എത്തി. ഇതോടെ വിമത നീക്കം പരിഹരിക്കാനാകാതെ കോണ്‍ഗ്രസ് പ്രതിരോധത്തിലായി. 

വിമത നീക്കം തടയാനുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യ, കെപിസിസി പ്രസിഡന്റ് പരമേശ്വര തുടങ്ങിയവരുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടു. പലരും ആഗ്രഹിച്ച മണ്ഡലത്തില്‍ സ്വതന്ത്രരായി മത്സരിക്കുമെന്ന് നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കി. 

ദാസറഹള്ളിയില്‍ സീറ്റ് പ്രതീക്ഷിച്ചിരുന്ന കോണ്‍ഗ്രസ് നേതാവാണ് തമ്മന്നാന്‍ജിയ. തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് അദ്ദേഹം മണ്ഡലത്തില്‍ കോന്‍ബനേഗ കരോട്പതി ക്വിസ് മത്സരം സംഘടിപ്പിച്ചിരുന്നു. ഇതിനായി സ്വന്തം പണമാണ് ചെലവഴിച്ചത്. 

ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ശേഖരിക്കാന്‍ മണ്ഡലത്തിലുടനീളം വാഹനത്തില്‍ സഞ്ചരിച്ചു. ഒരു കോടി രൂപ വിലമതിക്കുന്ന സമ്മാനങ്ങളും നല്‍കി. എന്നാല്‍ സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ തമ്മന്നാന്‍ജിയ ഇടം പിടിച്ചില്ല. പകരം പി.എന്‍. കൃഷ്ണമൂര്‍ത്തിക്കാണ് ടിക്കറ്റ് ലഭിച്ചത്. 

കെപിസിസി പ്രസിഡന്റ് പരമേശ്വരയുമായുള്ള അടുപ്പമാണ് കൃഷ്ണമൂര്‍ത്തിക്ക് ടിക്കറ്റ് ലഭിച്ചതെന്നാണ് ആരോപണം. 

ഹൈക്കമാന്റ് നിര്‍ദേശപ്രകാരമാണ് കൃഷ്ണമൂര്‍ത്തിക്ക് സീറ്റ് നല്‍കിയതെന്നാണ് കെപിസിസി പ്രസിഡന്റ് പറയുന്നത്. എന്നാല്‍ ഇത് വിശ്വസനീയമല്ലെന്നാണ് തമ്മന്നാന്‍ജിയ അനുയായികള്‍ പറയുന്നത്. പ്രശ്‌നപരിഹാരത്തിന് മന്ത്രി ഡി.കെ. ശിവകുമാറിനോട് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. 

ബൊമ്മനഹള്ളിയില്‍ കെപിസിസി വക്താവ് കവിത റെഡ്ഡിയും അസന്തുഷ്ടിയിലാണ്. മറ്റൊരു നേതാവായ സുഷമ രാജഗോപാല്‍ റെഡ്ഡിയും പ്രതിഷേധം ഉയര്‍ത്തി. ബെംഗളൂരു സൗത്തിലാണ് ഇവര്‍ സീറ്റ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ നല്‍കിയത് ബൊമ്മനഹള്ളിയിലാണ്. ഇവിടെ മത്സരിക്കില്ലെന്ന നിലപാടിലാണ് ഇവര്‍.  

കോണ്‍ഗ്രസ് എംഎല്‍എ ശാന്ത ഗൗഡയെ പിന്തുണയ്ക്കുന്നവര്‍ സീറ്റ് നിരസിച്ചതിനെതിരെ പ്രതിഷേധിച്ചു. ചിക്കമംഗലൂരുവിലായിരുന്നു ഇവര്‍ സീറ്റ് പ്രതീക്ഷിച്ചിരുന്നത്. 

എന്നാല്‍ ബി.എല്‍. ശങ്കറിന് സീറ്റ് നല്‍കി. കാധൂരില്‍ സീറ്റ് പ്രതീക്ഷിച്ചിരുന്ന ശരത് കൃഷ്ണമൂര്‍ത്തിയുടെ അണികളും പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. ഇവിടെ യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ.എസ്. ആനന്ദിനാണ് സീറ്റ് നല്‍കിയത്. മടിക്കേരി, മുത്തപ്പ, മണ്ഡലങ്ങളില്‍ സീറ്റ് പ്രതീക്ഷിച്ചിരുന്നവര്‍ പാര്‍ട്ടി വിട്ട് സ്വതന്ത്രരായി മത്സരിക്കുമെന്ന് ഭീഷണി മുഴക്കിയിട്ടുണ്ട്. 

32 നേതാക്കളാണ് പാര്‍ട്ടിയില്‍ കലാപം ഉയര്‍ത്തിയിരിക്കുന്നത്. പ്രശ്‌നം പരിഹരിക്കാന്‍ സംസ്ഥാനത്തെ ഉന്നത കോണ്‍ഗ്രസ് നേതാക്കളോട് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.