ഇസ്ലാമിക സംഘടനകളുടെ ഹര്‍ത്താല്‍: നേതാക്കള്‍ തലയൂരി; അണികള്‍ അകത്തായി

Saturday 21 April 2018 3:23 am IST

മലപ്പുറം: ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ ആഹ്വാനത്തില്‍ ആവേശം മൂത്ത് അക്രമത്തിനിറങ്ങിയ നൂറുകണക്കിനാളുകള്‍ ജയിലില്‍. ജമ്മുകശ്മീരില്‍ എട്ടുവയസുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ വര്‍ഗീയ കലാപം ലക്ഷ്യമിട്ടാണ് ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ കേരളത്തില്‍ ഹര്‍ത്താല്‍ നടത്താന്‍ വാട്‌സാപ്പിലൂടെയും മറ്റും ആഹ്വാനം നടത്തിയത്. സംസ്ഥാനത്തു പലയിടത്തും ഈ മാസം 16ന് അക്രമങ്ങള്‍ അഴിച്ചു വിട്ടപ്പോള്‍ അതിനൊപ്പം ചേര്‍ന്നവരാണ് ജയിലിലായത്. എന്നാല്‍ ഇതിലൊന്നും പങ്കില്ല എന്നു പത്രസമ്മേളനത്തില്‍ പറഞ്ഞ് എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടും അടക്കമുള്ള സംഘടനകള്‍ തലയൂരി.

മലപ്പുറം ജില്ലയില്‍ നിന്ന് മാത്രം മുന്നൂറ്റമ്പതോളം പേരാണ് മലബാറിലെ വിവിധ ജയിലുകളില്‍ കഴിയുന്നത്. 25 വയസ്സില്‍ താഴെയുള്ളവരാണ് അറസ്റ്റിലായവരില്‍ പകുതിയിലധികവും. എസ്ഡിപിഐ, കോണ്‍ഗ്രസ്, സിപിഎം, മുസ്ലീം ലീഗ് പ്രവര്‍ത്തകരാണ് അറസ്റ്റിലായവരില്‍ മിക്കവരും. എന്നാല്‍ പ്രതികളെ ജാമ്യത്തിലെടുക്കാനോ നിയമസഹായം നല്‍കാനോ ഒരു പാര്‍ട്ടിയും തയ്യാറാകുന്നില്ല. മതതീവ്രവാദികളുടെ ലക്ഷ്യം മനസ്സിലാക്കാതെ ഇറങ്ങിത്തിരിച്ചവരാണ് ഇവരില്‍ ഭൂരിഭാഗവും. പൊതുമുതല്‍ നശിപ്പിച്ചതിനും അക്രമം അഴിച്ചുവിട്ടതിനും മക്കള്‍ അറസ്റ്റിലായതോടെ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് അച്ഛനമ്മമാര്‍. അറസ്റ്റിലായവരില്‍ പലരും വിദ്യാര്‍ത്ഥികളാണ്. ഇവരുടെ തുടര്‍ വിദ്യാഭ്യാസവും ജോലിയും അടക്കം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. 

ദേശീയ രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചതോടെയാണ് സംഘടനകള്‍ പിന്മാറിയത്. അക്രമം സ്വാഭാവിക പ്രതികരണമാണെന്നു ന്യായീകരിച്ചവരും മൗനത്തിലാണ്. ബിജെപിക്ക് വോട്ടു ചെയ്ത ഹിന്ദുക്കളെ വെടിവെച്ചു കൊല്ലണമെന്നു ഫേസ്ബുക്കില്‍ പോസ്റ്റിട്ടവരും അതു ഷെയര്‍ ചെയ്ത ഇടതു ബുദ്ധിജീവികളും അടക്കം ആരും തന്നെ അറസ്റ്റിലായവര്‍ക്കു വേണ്ടി രംഗത്തെത്തിയില്ല. അതേ സമയം ആര്‍എസ്എസ് അജണ്ട സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുകയാണെന്ന പ്രതികരണവുമായി എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി. അബ്ദുള്‍ മജീദ് ഫൈസി രംഗത്തെത്തി. എന്നാല്‍ അറസ്റ്റിലായവര്‍ക്ക് നിയമസഹായം നല്‍കുമെന്ന മുന്‍പ്രസ്താവനയില്‍ അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല. ന്യായമായ കേസുകളില്‍ ആവശ്യപ്പെട്ടാല്‍ സഹായം എന്നാണ് ഇന്നലെ ഫൈസി പറഞ്ഞത്.

വ്യാജ ഐഡി ഉപയോഗിച്ചാണ് ഹര്‍ത്താല്‍ വാര്‍ത്ത പ്രചരിപ്പിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചവരും സംശയത്തിന്റെ നിഴലിലാണ്. സംഭവത്തിന് പിന്നില്‍ ശക്തമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. അതേ സമയം, വാട്‌സാപ്പ് വഴി ആഹ്വാനം ചെയ്തു നടത്തിയ ഹര്‍ത്താലിലൂടെ ലക്ഷ്യമിട്ടത് വന്‍ കലാപം തന്നെയെന്ന് വ്യക്തമായിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.