ചീഫ് ജസ്റ്റിസിനെതിരെ വീണ്ടും പ്രതിപക്ഷ നീക്കം

Saturday 21 April 2018 3:00 am IST

ന്യൂദല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ  ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉള്‍പ്പെടെ ഏഴ് പ്രതിപക്ഷ പാര്‍ട്ടികളിലെ എംപിമാര്‍ രാജ്യസഭാ ഉപാധ്യക്ഷനായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് നോട്ടീസ് നല്‍കി. 64 എംപിമാരുടെ പിന്തുണയുണ്ടെന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടു. കോണ്‍ഗ്രസ്, ആര്‍ജെഡി, എന്‍സിപി, സിപിഎം, സിപിഐ, ബിഎസ്പി, എസ്പി തുടങ്ങിയവരാണ്   രംഗത്തുള്ളത്. 

അതേ സമയം ഇക്കാര്യത്തില്‍  കോണ്‍ഗ്രസ്സിനുള്ളിലെ രൂക്ഷമായ ഭിന്നതയും പുറത്തായി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, കോണ്‍ഗ്രസ് നേതാക്കളായ പി.ചിദംബരം, മനു അഭിഷേക് സിങ്‌വി എന്നിവര്‍ നോട്ടീസില്‍ ഒപ്പിട്ടിട്ടില്ല. മുന്‍ പ്രധാനമന്ത്രിയെന്നത് പരിഗണിച്ചാണ് മന്‍മോഹന്‍ സിങ്ങിനെ ഉള്‍പ്പെടുത്താതിരുന്നതെന്നായിരുന്നു കപില്‍ സിബലിന്റെ വിശദീകരണം. ചില കാര്യങ്ങള്‍ പരിഗണനയിലുള്ളതിനാലാണ് മറ്റുള്ളവരും ഒപ്പിടാതിരുന്നത്. മന്‍മോഹന്‍ സിങ് എതിര്‍ത്തെന്ന വാര്‍ത്ത ശരിയല്ലെന്നും സിബല്‍ പറയുന്നു.  ഇംപീച്ച്‌മെന്റ് നടപടികള്‍ തെറ്റായ സന്ദേശം നല്‍കുമെന്നും ഒഴിവാക്കണമെന്നുമാണ് മന്‍മോഹന്‍ ഉള്‍പ്പെടെ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം. കൂടുതല്‍ പ്രതിപക്ഷ പാര്‍ട്ടികളെ കൂടെനിര്‍ത്താന്‍ സാധിക്കാത്തും കോണ്‍ഗ്രസ്സിന് തിരിച്ചടിയായി. 

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ നിയമമന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദ് അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചു. ഇംപീച്ച്‌മെന്റ് ഗൗരവമുള്ളതാണ്. ഏത് പ്രശ്‌നവും പരിഹരിക്കാനുള്ള ശേഷി സുപ്രീം കോടതിക്കുണ്ട്. എല്ലാവര്‍ക്കും എല്ലായ്‌പ്പോഴും കോടതി വിധികളോട്  യോജിക്കാനാകില്ല. നീതിന്യായ സംവിധാനത്തില്‍ മുഴുവന്‍ ജനങ്ങള്‍ക്കും ബഹുമാനവും വിശ്വാസവുമുണ്ടാകണമെന്നതാണ് പ്രധാനം. ലോയ കേസിലെ വിധി എന്തുതന്നെയായാലും അംഗീകരിക്കണമെന്നും അദ്ദേഹം തുറന്നടിച്ചു. 

സിബിഐ ജഡ്ജി ബി.എച്ച്. ലോയയുടെ മരണം അന്വേഷിക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്ന് കണ്ടെത്തി സുപ്രീം കോടതി തള്ളിയിരുന്നു. ഇത് കോണ്‍ഗ്രസ്സിന് രാഷ്ട്രീയമായി ഏറെ ക്ഷീണമുണ്ടാക്കി. ഇതോടെയാണ് ചീഫ് ജസ്റ്റിസിനെതിരെ നടപടിയുമായി മുന്നോട്ട് പോകാന്‍ പാര്‍ട്ടി തീരുമാനിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.