വന്‍കിട തുറമുഖമാകാനൊരുങ്ങി അഴീക്കല്‍; നിര്‍മ്മാണം അടുത്ത വര്‍ഷം ആരംഭിക്കും

Friday 20 April 2018 10:28 pm IST

 

കണ്ണൂര്‍: അഴീക്കല്‍ തുറമുഖത്തെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ആധുനിക തുറമുഖമാക്കി മാറ്റാനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടുത്തവര്‍ഷം ആരംഭിക്കുമെന്ന് സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ എം.സുധീര്‍കുമാര്‍ പറഞ്ഞു. 

ഹോവെ ഇന്റര്‍നാഷണല്‍ ഇന്ത്യ ലിമിറ്റഡിനാണ് തുറമുഖ നിര്‍മ്മാണത്തിനുള്ള കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയിരിക്കുന്നത്. അഴീക്കല്‍ തുറമുഖം ആധുനികവത്കരിക്കുന്നതിനായി 500 കോടി രൂപയാണ് കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ നീക്കിവെച്ചത്. ഒരു വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കും. അന്താരാഷ്ട്ര നിലവാരമുള്ള തുറമുഖമായി മാറുതോടെ കണ്ണൂരിന്റെ വ്യാവസായിക പുരോഗതിയില്‍ വലിയനേട്ടമാണ് ഉണ്ടാകുക. 

പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ താരതമ്യേന ചെലവുകുറഞ്ഞ കടല്‍മാര്‍ഗമുള്ള ചരക്കുഗതാഗതം സാധ്യമാകും. കരയിലൂടെയുള്ള ചരക്കുഗതാഗതത്തേക്കാള്‍ സുഗമമാണെന്നതിനാല്‍ അഴീക്കല്‍ തുറമുഖത്തിന്റെ ഭാവിസാധ്യത ഏറെയാണ്. കണ്ണൂരില്‍ നിന്നുള്ള കൈത്തറിയും കുടക്, വയനാട് എന്നിവിടങ്ങളില്‍ നിന്നുള്ള നാണ്യവിളകളും മലഞ്ചരക്കുകളും ഇവിടെ നിന്ന് നേരിട്ട് വിദേശത്തേക്ക് കയറ്റുമതി ചെയ്യാന്‍ കഴിയും. തൊഴിലവസരങ്ങള്‍ക്കുള്ള സാധ്യതകളും ഏറെയാണ്. എല്ലാതരത്തിലുമുള്ള കണ്ടെയിനര്‍ കപ്പലുകളും കൈകാര്യം ചെയ്യാന്‍ ഉതകുന്നതരത്തിലുള്ള തുറമുഖമാകും അഴീക്കലിലേതെന്നും അദ്ദേഹം പറഞ്ഞു. 

15 കോടി രൂപ ചെലവഴിച്ച് ഹോളണ്ടില്‍ നിന്നു വാങ്ങിയ മണ്ണുമാന്തി കപ്പലായ സിഎഫ്ഡി ചന്ദ്രഗിരി ഉപയോഗിച്ചുള്ള ആഴം കൂട്ടല്‍ പ്രക്രിയ നിലവിലുള്ള തുറമുഖത്ത് ആരംഭിച്ചിട്ടുണ്ട്. വരാനിരിക്കുന്ന കപ്പല്‍ സീസണോടെ തുറമുഖത്തെ ഡ്രഡ്ജിങ് പൂര്‍ത്തിയാകുകയും തുറമുഖം കപ്പല്‍ ഗതാഗതത്തിന് പൂര്‍ണ്ണതോതില്‍ സജ്ജമാകുകയും ചെയ്യുമെന്നും സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ പറഞ്ഞു. 

നിലവില്‍ രണ്ടരമീറ്ററില്‍ താഴെ മാത്രമാണ് തുറമുഖത്തിന്റെ ആഴം. ഇതുകാരണം വലിയ കപ്പലുകള്‍ക്ക് തുറമുഖത്തു പ്രവേശിക്കാന്‍ കഴിയില്ല. ഡ്രഡ്ജിങ് പൂര്‍ത്തിയാകുന്നതോടെ ആഴം ആറു മീറ്ററായി വര്‍ധിക്കും. ഇതോടെ ഇടത്തരം കപ്പലുകള്‍ക്കുവരെ തുറമുഖത്തേക്ക് പ്രവേശനം സാധ്യമാകും. 

അഴീക്കലിലെ ലൈറ്റ്ഹൗസിന്റെ പ്രകാശതീവ്രത വര്‍ധിപ്പിച്ചിട്ടുണ്ട്. കൂടാതെ ലൈറ്റിന്റെ ഉയരവും വര്‍ധിച്ചു. ഇതോടെ കടലിലൂടെ പോകുന്ന കപ്പലുകള്‍ക്കും മത്സ്യബന്ധന യാനങ്ങള്‍ക്കുമെല്ലാം ലൈറ്റ്ഹൗസ് കൂടുതല്‍ പ്രയോജനപ്രദമായി. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.