കണ്ണൂര്‍: കണ്ണൂര്‍ പ്രസ്ക്ലബ്ബ് സംഘടിപ്പിക്കുന്ന ജേണലിസ്റ്റ് വോളി 2018ന്റെ ലോഗോ പ്രകാശനം ചെയ്തു. 25 മുതല്‍ കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന ജേണലിസ്റ്റ് വോളിയുടെ ലോഗോ പ്രസ് ക്ലബ്ബ് ഹാളില്‍ ജില്ലാ പോലീസ് സൂപ്രണ്ട് ഇന്‍ഡ്യന്‍ വോളിബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ജോബി ജോസഫിന് കൈമാറി പ്രകാശനം ചെയ്തു. മറ്റുജില്ലകളെ അപേക്ഷിച്ച് കണ്ണൂരില്‍ വോളിബോള്‍ സജീവമായിക്കൊണ്ടിരിക്കുകയാണെന്നു എസ്പി പറഞ്ഞു. മാനസീക സമ്മര്‍ദമുള്ള ജോലിത്തിരക്കുകള്‍ക്കിടയിലും മാധ്യമപ്രവര്‍ത്തകരെ വോളിബോളില്‍ സജീവമാക്കുന്ന കണ്ണൂര്‍ പ്രസ് ക്ലബിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അഭിനന്ദാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വോളിബോളിന്റെ സുവര്‍ണകാലം നമുക്ക് തിരിച്ചുപിടിക്കണമെന്നും കണ്ണൂര്‍ പ്രസ്ക്ലബ് ഇതിനായ നടത്തുന്ന പ്രവര്‍ത്തനത്തിന് എല്ലാ പിന്തുണയുമുണ്ടാകുമെന്നും ജോബി ജോസഫ് പറഞ്ഞു. 25 മുതല്‍ 28 വരെയാണ് ടൂര്‍ണമെന്റ്.
ടൂര്‍ണ്ണമെന്റ് സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ സി.ജയചന്ദ്രന് അധ്യക്ഷത വഹിച്ചു. വോളിബോള്‍ അസോസിയേഷന് ജില്ലാ പ്രസിഡണ്ട് വി.കെ.സനോജ്, സമീര്‍ ഊര്‍പ്പളളി എന്നിവര്‍ സംസാരിച്ചു. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് എ.കെ.ഹാരീസ് സ്വാഗതവും സെക്രട്ടറി പ്രശാന്ത് പുത്തലത്ത് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: