മാതാ അമൃതാനന്ദമയി മഠത്തില്‍ കുട്ടികള്‍ക്ക് സൗജന്യ ഹൃദ്രോഗ ശസ്ത്രക്രിയാ നിര്‍ണ്ണയ ക്യാമ്പ്

Friday 20 April 2018 10:31 pm IST

 

കോഴിക്കോട്: കൊച്ചി അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി സൗജന്യ ഹൃദ്രോഗ ശസ്ത്രക്രിയാ നിര്‍ണ്ണയ ക്യാമ്പ് നടത്തുന്നു. 29ന് രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ കോഴിക്കോട് വെള്ളിമാടുകുന്ന് ശ്രീ മാതാ അമൃതാനന്ദമയി മഠത്തില്‍ വെച്ചാണ് ക്യാമ്പ്. ഹൃദ്രോഗമുള്ളതോ ഹൃദ്രോഗ സാദ്ധ്യതയുള്ളതോ ആയ 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായാണ് ക്യാമ്പ്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം എന്നീ ജില്ലകളിലുള്ളവര്‍ക്ക് പങ്കെടുക്കാം. 

അമൃത ഹോസ്പിറ്റലിലെ പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ക്യാമ്പിന് നേതൃത്വം നല്‍കും. ഹൃദ്രോഗമുള്ള കുട്ടികള്‍ക്ക് ആവശ്യാനുസരണം ഇക്കോ കാര്‍ഡിയോഗ്രാഫ് അടക്കമുള്ള വിദഗ്ദ്ധമായ പരിശോധനകള്‍, ശസ്ത്രക്രിയക്ക് ആവശ്യമായ കൗണ്‍സിലിംഗ് എന്നിവ നടത്തും. ഹൃദയ ശസ്ത്രക്രിയ ആവശ്യമാണെന്ന് കാണപ്പെടുന്ന നിര്‍ധനരായ കുട്ടികളുടെ ശസ്ത്രകിയ സൗജന്യമായി അമൃത ആശുപത്രിയില്‍ നടത്തി കൊടുക്കും. കാത്ത് നില്‍പ്പ് ഒഴിവാക്കാന്‍ ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാം. 7034028610 (രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ചു വരെ). മുമ്പ് നടന്ന മൂന്ന് ക്യാമ്പുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 105 കുട്ടികള്‍ക്ക് ഇതിനകം സൗജന്യമായി ഹൃദയശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. 

അമൃത ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റിന്റെ നേതൃത്വത്തിലുള്ള സൗജന്യ ഒപി എല്ലാ മാസവും രണ്ടാമത്തെ ഞായറാഴ്ച വെള്ളിമാടുകുന്ന് ശ്രീ മാതാ അമൃതാനന്ദമയി മഠത്തില്‍ രാവിലെ 10 മണി മുതല്‍ 1 മണി വരെ നടക്കുമെന്നും അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അഡ്വ. ശ്രീധരന്‍ നായര്‍, വേണു താമരശ്ശേരി, ഡോ. പി.കെ. ബ്രിജേഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.