കന്റോണ്‍മെന്റ് ഭൂമി കെട്ടിയടച്ചു: പ്രശ്‌ന പരിഹാരത്തിന് പ്രതിരോധമന്ത്രിയുടെ അധ്യക്ഷതയില്‍ 30 ന് യോഗം

Friday 20 April 2018 10:32 pm IST

 

കണ്ണൂര്‍: ഇരുപത്‌വര്‍ഷത്തോളമായി ജനങ്ങള്‍ പൊതുവഴിയായി ഉപയോഗിച്ചിരുന്ന ജില്ലാ ആശുപത്രിയ്ക്ക് സമീപത്തെ കന്റോണ്‍മെന്റ് ഭൂമി പൊലീസ് സുരക്ഷയില്‍ കെട്ടിയടച്ചു. പ്രതിഷേധത്തിന്റെ രണ്ടാംദിനവും സംഘടിച്ചെത്തിയ പ്രദേശത്തെ സ്ത്രീകളുടെ സാനിദ്ധ്യത്തിലാണ് 130 മീറ്ററോളം ദൂരത്തില്‍ കമ്പി വേലി കെട്ടിയത്. 

കമ്പിവേലിനിര്‍മ്മാണം തടയണമെന്നാവശ്യപ്പെട്ട് ഇവര്‍ തഹസില്‍ദാറെയും കലക്ടറെയും കണ്ട് നിവേദനം നല്‍കിയെങ്കിലും കാര്യമുണ്ടായില്ല. പകരമായി നല്‍കുന്ന അഞ്ചടിപാത സ്ത്രീ സുരക്ഷയ്ക്ക് ഭിഷണിയാണെന്നും നൂറോളം കുടുംബങ്ങള്‍ സ്ഥിരമായി ആശ്രയിക്കുന്ന വഴി തടഞ്ഞത് സഞ്ചാര സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതാണെന്നും പ്രതിഷേധക്കാര്‍ പറയുന്നു. തെരുവ് നായകളും സാമൂഹ്യവിരുദ്ധരും പേക്കൂത്ത് നടത്തുന്ന ഈ പ്രദേശത്ത് ഇരുവശങ്ങളും അടച്ച അഞ്ചടിപാത തീര്‍ത്തും സുരക്ഷിതമല്ലെന്നും സ്ത്രീസുരക്ഷയെ മുന്‍നിര്‍ത്തി നാലടി കൂടി അനുവദിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.

കമ്പിവേലി കെട്ടുന്നത് ചെറുക്കാന്‍ 50 ഓളം പേര്‍ സംഘടിച്ചെത്തിയെങ്കിലും വനിതാ പൊലീസിനെ ഉപയോഗിച്ച് തടയുകയായിരുന്നു. തുടര്‍ന്ന് തഹസില്‍ദാര്‍ വി.എം.സജീവന്‍ ഇടപെട്ട് നാട്ടുകാരെ പിന്തിരിപ്പിച്ചു. 27ന് ചേരുന്ന കന്റോണ്‍മെന്റ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യാമെന്നും തല്‍കാലം വേലി കെട്ടട്ടേയെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ നിലപാട്. 

2016ലും ഇത്തരത്തില്‍ കന്റോണ്‍മെന്റ് ഭൂമി വേലികെട്ടി തടയാന്‍ ശ്രമമുണ്ടായപ്പോള്‍ മുന്‍ കണ്ണൂര്‍ ജില്ല കലക്ടര്‍ ബാലകിരണ്‍ സംഭവത്തില്‍ ഇടപെട്ട് രമ്യമായി പരിഹരിച്ചിരുന്നു.

അതേസമയം കന്റോണ്‍മെന്റുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രതിരോധമന്ത്രിയുടെ അധ്യക്ഷതയില്‍ 30ന് എംപിമാരുടെ യോഗം ചേരും. കണ്ണൂര്‍ കന്റോണ്‍മെന്റിലെ കച്ചവടക്കാരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍  കേരളത്തില്‍ നിന്നുളള എംപിമാരുടെ അഭ്യര്‍ത്ഥന മാനിച്ച് പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍ നേരിട്ട് ഇടപെട്ടാണ് യോഗം വിളിച്ചിരിക്കുന്നത്. രാജ്യസഭാ എംപിമാര്‍ ഉള്‍പ്പെടെയുള്ള എംപിമാരുടേയും കന്റോണ്‍മെന്റ് ബോര്‍ഡ് വൈസ് പ്രസിഡന്റുമാരുടേയും യോഗമാണ് ചേരുക.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.