കൊളച്ചേരിയിലെ പാടി തീര്‍ത്ഥം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നാളെ ബഹുജന കൂട്ടായ്മ

Friday 20 April 2018 10:32 pm IST

 

കണ്ണൂര്‍: കൊളച്ചേരിയിലെ പ്രകൃതി രമണീയവും പരിസ്ഥിതിലോലവുമായ പാടി തീര്‍ത്ഥം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നാളെ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് പാടീ തീര്‍ത്ഥം-തണ്ണീര്‍തട സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കൊളച്ചേരി പഞ്ചായത്തിലെ പ്രധാന ജലസ്‌ത്രോതസ്സായ പാടി തീര്‍ത്ഥവും അനുബന്ധ തണ്ണീര്‍ത്തടങ്ങളും സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുന്നത്.

ഗ്രാമത്തിന് ആവശ്യമായ ജീവജലം നല്‍കിവരുന്ന പാടീതീര്‍ത്ഥത്തിന്റെ ചുറ്റുമുളള 11 ഏക്കറോളം നീണ്ടുകിടക്കുന്ന പ്രദേശം ഒരു കാലത്ത് വനമേഖലയായിരുന്നു. ചെറിയ ചെറിയ നീരുറവകളും തണ്ണീര്‍ത്തടവും അരുവിയും ഇവിടെ ഉണ്ടായിരുന്നു. ഇവിടെ നിന്നും ആരംഭിക്കുന്ന കോളച്ചേരി തോടിലെ ജലം ഉപയോഗിച്ചാണ് ഏക്കറുകളോളം വ്യാപിച്ചു കിടക്കുന്ന കൊളച്ചേരി വയലില്‍ മൂന്ന്‌വിള കൃഷി നടത്തുന്നത്.സ്വകാര്യ വ്യക്തിയുടെ കൈവശം ഉണ്ടായിരുന്ന ഈ ഭൂമി കൈമാറ്റം ചെയ്യുകയും 2011 ല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. കുപ്പിവെളള പദ്ധതി നടപ്പിലാക്കാന്‍ ശ്രമം ആരംഭിച്ചെങ്കിലും ജനകീയ ചെറുത്തു നില്‍പ്പിനെ തുടര്‍ന്ന് പദ്ധതി ഉപേക്ഷിച്ചു. എന്നാല്‍ വനമേഖലയെ പൂര്‍ണ്ണമായും നശിപ്പിക്കുകയും മരങ്ങള്‍ മുറിച്ചു കടത്തുകയും ചെയ്തു. തുടര്‍ന്ന് ഭൂമി കൈവശമുണ്ടായിരുന്നയാള്‍ വന്‍വിലയ്ക്ക് ഭൂമി മറ്റൊരാള്‍ക്ക് കൈമാറി സ്ഥലം വിട്ടു. 

പുതുതായി ഭൂമിയേറ്റെടുത്ത വ്യക്തി പ്രദേശത്ത് നശീകരണ പ്രവര്‍ത്തികള്‍ നടത്തി വരികയാണെന്ന് കര്‍മ്മ സമിതി ഭാരവാഹികള്‍ പറഞ്ഞു. ചതുപ്പ് പ്രദേശങ്ങള്‍ പൂര്‍ണ്ണമായും മണ്ണിട്ടു മൂടുകയും കുന്നിന്‍ ചെരിവ് ഇടിക്കുകയും കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മിക്കുകയും കെട്ടിടം നിര്‍മ്മിക്കുകയും ചെയ്തിരിക്കുകയാണ്. പ്രദേശത്തെ ജൈവ സമ്പത്ത് പൂര്‍ണ്ണമായും ഇല്ലാതാക്കിയിരിക്കുകയാണ്. കഴിഞ്ഞ വിഷുദിനത്തില്‍ ഇതിനെതിരെ നാട്ടുകാര്‍ കര്‍മ്മസമിതി രൂപീകരിക്കുകയും സമരപരപാടികള്‍ക്ക് രൂപം നല്‍കുകയുമായിരുന്നു. ഗ്രാമപഞ്ചായത്ത് ഇടപെട്ട് നിര്‍മ്മാണ പ്രവൃത്തികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. പ്രശ്‌നത്തിന് ശാശ്വതപരിഹാരം ആവശ്യപ്പെട്ടാണ് കര്‍മ്മസമിതി ബഹുജനകൂട്ടായ്മ സംഘടിപ്പിക്കുന്നത്. തീര്‍ത്ഥവും തണ്ണീര്‍ത്തടവും സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കുകയെന്നതാണ് നാട്ടുകാരുടെ ആവശ്യം. മണ്ണിട്ട് നികത്തിയ ചതുപ്പ് പൂര്‍വ്വസ്ഥിതിയാലാക്കുക, കോണ്‍ക്രീറ്റ് റോഡും കെട്ടിടങ്ങളും പൊളിച്ചു മാറ്റുക, നീരുറവകളെ സ്വാഭാവികമായ രീതിയില്‍ സംരക്ഷിക്കുക, തണ്ണീര്‍ത്തട ഡാറ്റാ ബാങ്കിന്റെ ഈ സ്ഥലം ഉള്‍പ്പെടുത്തുകയും നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ കൊണ്ടു വരിക എന്നീ ആവശ്യങ്ങളും കര്‍മ്മസമിതി മുന്നോട്ടുവെയ്ക്കുന്നുണ്ട്. 22 ന് രാവിലെ 9 മണി മുതല്‍ കൊളച്ചേരി വയലിന്റെ ഇരുകരകളിലുമുള്ള ജനങ്ങള്‍ ചെറു ജാഥകളായി പാടിതീര്‍ത്ഥത്തിലേക്ക് പുറപ്പെടും. തീര്‍ഥത്തിന് സമീപം നടക്കുന്ന ബഹുജന കൂട്ടായ്മയില്‍ ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌ക്കാരിക മേഖലകളിലെ നിരവധിപേര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ കര്‍മ്മസമിതി ഭാരവാഹികളായ ശ്രീനീവാസന്‍ മാസ്റ്റര്‍, അരുണ്‍, സുമേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.