കലക്‌ട്രേറ്റ് പടിക്കല്‍ കൂട്ട ധര്‍ണ്ണ നടത്തി കുടിശ്ശിക ക്ഷാമബത്ത ഉടന്‍ അനുവദിക്കണം: ഫെറ്റോ

Friday 20 April 2018 10:33 pm IST

 

കണ്ണൂര്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെറ്റോ(ഫെഡറേഷന്‍ ഓഫ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍സ്)യുടെ ആഭിമുഖ്യത്തില്‍ കലക്‌ട്രേറ്റ് പടിക്കല്‍ കൂട്ട ധര്‍ണ്ണ നടത്തി. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക,പെന്‍ഷന്‍ പ്രായം 60 ആയി ഏകീകരിക്കുക, ശബള പരിഷ്‌ക്കരണ കുടിശ്ശിക റൊക്കം പണമായി നല്‍കുക, വിലക്കയറ്റം തടയുക, തൊഴില്‍ക്കരം എടുത്തു കളയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ്ണ നടത്തിയത്. 

എന്‍ജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി.പീതാംബരന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 2017 ജൂലൈ മുതല്‍ 2018 ജനുവരി മുതലും ലഭിക്കേണ്ട രണ്ട്ഗഡു ക്ഷാമബത്ത ഉടന്‍ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇടതുമുന്നണിയുടെ പ്രധാന പത്രികയില്‍ വാഗ്ദാനം ചെയ്ത പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്ന വാഗ്ദാനം നടപ്പിലാക്കാന്‍ പിണറായി സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഫെഡറേഷന്‍ ഓഫ് എംപ്ലോയീസ് ആന്റി ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ കലക്‌ട്രേറ്റ് പടിക്കല്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം മതതീവ്രാദികളുടെ പറുദീസയായി മാറിയിരിക്കുകയാണ്. കേവലം ഒരു വാട്‌സ്ആപ്പ് സന്ദേശത്തിന്റെ പേരില്‍ നിശ്ചലമായ കാഴ്ചയാണ് കഴിഞ്ഞ ദിവസം കേരളം കണ്ടത്. മതതീവ്രവാദികള്‍ക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്ന സര്‍ക്കാരായി ഇടത് സര്‍ക്കാര്‍ മാറി. ഭരണത്തിന്റെ പിന്‍ബലമില്ലാതെ ഒരു പ്രസ്ഥാനം കേവലം ഒരു വാട്‌സ്ആപ്പ് സന്ദേശത്തിന്റെ മറവില്‍ അക്രമങ്ങള്‍ നടത്തുകയില്ലെന്നും, സര്‍ക്കാരും പോലീസും നല്‍കിയ പിന്തുണയിലാണ് കഴിഞ്ഞ ദിവസം നടന്ന അപ്രഖ്യാപിത ഹര്‍ത്താലില്‍ അക്രമികള്‍ അഴിഞ്ഞാടിയതെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ അധ്യാപക പരിഷത്ത് മേഖലാ പ്രസിഡണ്ട് എം.ടി.സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. എന്‍ജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡണ്ട് എം.ടി.മധുസൂദനന്‍, ദേശീയ അധ്യാപക പരിഷത്ത് ജില്ലാ പ്രസിഡണ്ട് മനോജ് മണ്ണേരി, കേരള പിഎസ്‌സി എംപ്ലോയീസ് സംഘ് മെമ്പര്‍ ഒ.കെ.രാഗേഷ്, കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് സംസ്ഥാന സമിതിയംഗം എസ്.പരമേശ്വരന്‍, ദേശീയ അധ്യാപക പരിഷത്ത് ജില്ലാ സമിതിയംഗം കെ.പി.സഞ്ജീവ് കുമാര്‍, എന്‍ജിഒ സംഘ് ജില്ലാ വൈസ് പ്രസിഡണ്ട് കെ.അശോകന്‍ എന്നിവര്‍ സംസാരിച്ചു. ഫെറ്റോ ജില്ലാ ജോയിന്റ് സിക്രട്ടറി കെ.കെ.സന്തോഷ് സ്വാഗതവും ജില്ലാ ട്രഷറര്‍ സി.രമേശന്‍ നന്ദിയും പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.