ബ്രൂസല്ലോസിസ്: കന്നുകാലികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് ഉടന്‍ ആരംഭിക്കും.

Friday 20 April 2018 10:34 pm IST

 

കണ്ണൂര്‍: ലോകത്തേറ്റവും വ്യാപകമായ ജന്തുജന്യരോഗമായ ബ്രൂസല്ലോസിസിനെ നേരിടാനുള്ള പ്രതിരോധ കുത്തിവെപ്പ് ഈ മാസം അവസാന വാരം തുടങ്ങും. ബ്രൂസല്ലോസിസ് മനുഷ്യരെയും മൃഗങ്ങളെയും ഒരുപോലെ ബാധിക്കുമെന്നതുകൂടാതെ മൃഗസമ്പദ്‌മേഖലക്ക് കടുത്ത നഷ്ടമുണ്ടാക്കുന്നു. ഈ രോഗം മൂലം ഇന്ത്യയില്‍ പ്രതിവര്‍ഷം 300 കോടിരൂപയുടെ നഷ്ടമുണ്ടാകുന്നതായി കണക്കാക്കപ്പെടുന്നു. നാലു മുതല്‍ എട്ടുമാസംവരെ പ്രായമുള്ള പശുക്കുട്ടി, എരുമക്കുട്ടി എന്നിവയെ ഒറ്റത്തവണ പ്രതിരോധകുത്തിവെപ്പിന് വിധേയമാക്കിക്കൊണ്ട് ഈ രോഗം സമയബന്ധിതമായി തടയാന്‍ സാധിക്കും. 

ആറ് മാസം മുതല്‍ എട്ടുമാസംവരെ ഗര്‍ഭിണികളായ കന്നുകാലികളില്‍ ഗര്‍ഭം അലസിപ്പോകുന്നതിന് ബ്രൂസല്ലോസിസ് കാരണമാകുന്നു. മൃഗങ്ങളെ നേരിട്ട് കൈകാര്യം ചെയ്യുന്ന കര്‍ഷകര്‍, വെറ്ററിനറി ഡോക്ടര്‍, ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍, അറ്റന്‍ഡര്‍, കശാപ്പുകാര്‍ തുടങ്ങിയവര്‍ ഏറ്റവും ഉയര്‍ന്ന രോഗസാധ്യതയുള്ള ഗണത്തില്‍ പെടുന്നു. വന്ധ്യത, ഗര്‍ഭച്ഛിദ്രം, മാള്‍ട്ടാ പനി, മെനിഞ്ചൈറ്റിസ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളാണ്  മനുഷ്യരില്‍ പൊതുവെ കാണുന്നത്. 

പദ്ധതി രണ്ട് ഘട്ടങ്ങളായാണ് മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്നത്. പശു-എരുമ കുട്ടികളിലെ പ്രതിരോധ കുത്തിവപ്പും കന്നുകാലികളില്‍ രോഗബാധ കണ്ടെത്തുന്നതിനുള്ള സ്‌ക്രീനിംഗ് എന്നിവയാണിവ. നാലു മുതല്‍ എട്ടു മാസംവരെ പ്രായമുള്ള പശുക്കുട്ടി, എരുമക്കുട്ടി എന്നിവയ്ക്ക് പ്രതിരോധകുത്തിവപ്പ് ലഭിക്കുന്നതുകൊണ്ട് ഗര്‍ഭച്ഛിദ്രം ഉണ്ടാകുന്നില്ല. 

മുതിര്‍ന്ന പശു-എരുമ എന്നിവയില്‍  രോഗത്തിന്റെ  സാന്നിദ്ധ്യം ഉണ്ടോയെന്നത് സ്ഥിരമായി നിരീക്ഷിക്കപ്പെടേണ്ടതുണ്ട്. ഇതിനായി പാല്‍, രക്തം എന്നിവ വര്‍ഷത്തില്‍ രണ്ടുപ്രാവശ്യം പരിശോധിക്കുന്നു. എല്ലാ ക്ഷീരസംഘങ്ങളില്‍ നിന്നും ഒരു മില്‍ക്ക് ക്യാനില്‍നിന്ന് ഒരു പാല്‍ സാമ്പിള്‍ വീതവും ഡയറി ഫാമുകളില്‍ നിന്ന് എല്ലാ പശുക്കളില്‍ നിന്നുള്ള പാല്‍ സാമ്പിളുകളും പരിശോധനക്ക് വിധേയമാക്കുന്നു. എല്ലാ ക്ഷീരസംഘങ്ങള്‍ക്കും ഡയറിഫാമുകള്‍ക്കും പാലിന്റെ പരിശോധന നിര്‍ബന്ധമാണ്. പാല്‍ സാമ്പിള്‍ പരിശോധനയില്‍ രോഗം കണ്ടെത്തിയാല്‍ അതിലുള്‍പ്പെടുന്ന കന്നുകാലികളുടെ രക്ത പരിശോധനയും നടത്തുന്നു. മൃഗാശുപത്രികളിലും സബ്‌സെന്ററുകളിലും കൃത്യമായി പശു-എരുമ കുട്ടികളുടെ ജനനം രേഖപ്പെടുത്തുന്നു. നാല്-എട്ട് മാസം വരെ പ്രായമുള്ള പശു-എരുമ കുട്ടികളെ പ്രത്യേക അറിയിപ്പ് നല്‍കി മൃഗാശുപത്രികളിലും സബ്‌സെന്ററുകളിലും മറ്റു നിര്‍ദ്ദിഷ്ട സ്ഥലങ്ങളിലുംവെച്ച് ക്യാമ്പുകളായോ ഭവനസന്ദര്‍ശനത്തിലൂടെയോ ചുമതലപ്പെട്ട ലൈവ്‌സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ കുത്തിവപ്പ് നടത്തുന്നു. ബ്രൂസല്ലോസിസ് കുത്തിവപ്പ് നല്‍കാത്ത പശുക്കുട്ടികളെ കന്നുകുട്ടി പരിപാലന പദ്ധതിയിലോ മറ്റ് പദ്ധതികളിലോ ഉള്‍പ്പെടുത്തുന്നതല്ല. ഈ കുത്തിവപ്പ് മൂലം കന്നുകാലികളിലോ മനുഷ്യരിലോ ഒരുവിധത്തിലുമുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകുന്നതല്ലെന്നും മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു. കുത്തിവെപ്പിനായി വെറ്ററിനറി ഡോക്ടര്‍മാക്ക് ഇന്നും ലൈവ്‌സറ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് 24നും പരിശീലനം നല്‍കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.