വടക്കന്‍ കൊറിയ ആണവപരീക്ഷണങ്ങള്‍ നിര്‍ത്തി

Saturday 21 April 2018 11:11 am IST

സോള്‍: ആണവപരീക്ഷണങ്ങള്‍ നിര്‍ത്തിവച്ചതായി വടക്കന്‍ കൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്‍ പ്രഖ്യാപിച്ചു. തെക്കന്‍ കൊറിയന്‍ പ്രസിഡന്റുമായി ഈ മാസവും ഡോണള്‍ഡ് ട്രംപുമായി ജൂണിലും ചര്‍ച്ച നടക്കാനിരിക്കെയാണ് വടക്കന്‍ കൊറിയയുടെ നിര്‍ണ്ണായക തീരുമാനം ഉണ്ടായിരിക്കുന്നത്. ഇതോടൊപ്പം ആണവ പരീക്ഷണ ശാല അടച്ചുപൂട്ടുമെന്നും കിം പ്രഖ്യാപിച്ചിട്ടുണ്ട്. 

നേരത്തെ മിസൈല്‍ പരീക്ഷണങ്ങളുടെ പേരില്‍ വിമര്‍ശനമുയരുമ്പോഴും പുതിയ ഉപരോധം വരുമ്പോഴും അടുത്ത മിസൈല്‍ തൊടുത്ത് തിരിച്ചടിക്കുന്നതായിരുന്നു കിമ്മിന്റെ ശൈലി. എന്നാല്‍ ഇന്നു മുതല്‍ മിസൈല്‍ പരീക്ഷണങ്ങള്‍ നിര്‍ത്തിവയ്ക്കുമെന്നാണ് കിം ജോംഗ് ഉന്നിന്റെ പ്രഖ്യാപനം.

ഭരണകക്ഷിയായ കൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി മീറ്റിംഗിന് ശേഷമാണ് പ്രസിഡന്റ്  ഈ പ്രഖ്യാപനം നടത്തിയത്. അമേരിക്കയും സഖ്യരാജ്യങ്ങളും യുഎന്നും ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ക്കിടയിലും പിന്നോട്ട് പോകില്ലെന്ന് പ്രഖ്യാപിച്ചിരുന്ന കിം ജോംഗ് ഉന്നിന്റെ ഈ നടപടി ലോകരാജ്യങ്ങളെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ്. 

തെക്കന്‍ കൊറിയന്‍ പ്രസിഡന്റുമായും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായും നല്ല ബന്ധത്തിലേക്ക് നീങ്ങുന്ന വടക്കന്‍ കൊറിയ ചര്‍ച്ചയ്ക്കുള്ള അന്തരീക്ഷം കൂടുതല്‍ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് നിര്‍ണ്ണായക നടപടി എടുത്തിരിക്കുന്നതെന്നാണ് വിലയിരുത്തുന്നത്.

വടക്കന്‍ കൊറിയയുടെ നിലപാടിനെ തെക്കന്‍ കൊറിയയും അമേരിക്കയും ചൈനയും ജപ്പാനും സ്വാഗതം ചെയ്തു. ഇരുകൊറിയകള്‍ക്കുമിടയില്‍ ഹോട്ട്‌ലൈന്‍ ബന്ധം സുഗമമാക്കുന്നതിനും ജൂണില്‍ നടക്കാനിരിക്കുന്ന ട്രംപ് കിം ജോംഗ് ഉന്‍ കൂടിക്കാഴ്ചയേയും ഈ തീരുമാനം സ്വാധീനിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.