ഭാഗ്യം, മനോഹരം; മനോഹരന് ലോട്ടറിയില്‍ ഹാട്രിക്

Saturday 21 April 2018 12:00 pm IST

അമ്പലപ്പുഴ: ഭാഗ്യമാണെങ്കിലും മൂന്നുവട്ടം ഇങ്ങനെവന്ന് ഇടിച്ചു കയറിയാല്‍ ആര്‍ക്കും ഷോക്കേക്കും. പക്ഷേ, മനോഹരന് ഷോക്കടിച്ചില്ല, കാരണം മനോഹരന്‍ കറന്റ് കൈകാര്യം ചെയ്യുന്നയാളായതുകൊണ്ടാവും. 

ലോട്ടറി അടിച്ചുവെന്ന് കേട്ടപ്പോള്‍ ഷോക്കടിച്ചപോലെ വീണു പോയ കുഞ്ഞുണ്ണി എന്ന ഇന്നസെന്റ് കഥാപാത്രത്തിന്റെ കഥപോലെയല്ല മനോഹരന്റേത്. തുടര്‍ച്ചയായി മൂന്നുവര്‍ഷമാണ് കേരള ലോട്ടറിയുടെ ഒന്നാം സമ്മാനം മനോഹരന് കിട്ടിയത്, 2016, 17, 18 വര്‍ഷങ്ങളില്‍. 

മൂന്നാം തവണയും ഭാഗ്യദേവത തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് മനോഹരനും കുടുംബവും. തകഴി പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ പടഹാരം ലക്ഷ്മി ഗോകുലത്തില്‍ റിട്ട. കെഎസ്ഇബി ഓവര്‍സിയറാണ് മനോഹര(63)ന്‍. വെള്ളിയാഴ്ചത്തെ നിര്‍മ്മല്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം കൂടി കിട്ടിയപ്പോളാണ് ഹാട്രിക് ആയത്. 

ഒരേ നമ്പരില്‍പ്പെട്ട 12 ടിക്കറ്റുകളില്‍ 11 എണ്ണമാണ് മനോഹരന്‍ വാങ്ങിയത്. ഇതില്‍ എന്‍ ആര്‍ 212329 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ ലഭിച്ചത്. ഒരു ടിക്കറ്റ് മനോഹരന്‍ എത്തുന്നതിന് മുമ്പ് മറ്റാരോ വാങ്ങിയിരുന്നു. 

കെഎസ്ഇബിയില്‍ ജോലിയിലിരിക്കെ സ്ഥിരമായി ലോട്ടറി എടുക്കുന്ന ശീലം മനോഹരനുണ്ടായിരുന്നു. ചെറിയഭാഗ്യങ്ങള്‍ മുമ്പ് തന്നെ തേടിയെത്തിയരുന്നെങ്കിലും 2016, 2017, 2018 ലുമാണ് ഒന്നാം സമ്മാനങ്ങള്‍ തേടിയെത്തിയത്. 2016 ആഗസ്റ്റില്‍ പൗര്‍ണ്ണമി ലോട്ടറിയുടെ 65 ലക്ഷവും, 2017 നവംബറില്‍ നിര്‍മ്മല്‍ ലോട്ടറിയുടെ 70 ലക്ഷവും വീതമുളള ഒന്നാം സമ്മാനമാണ് ലഭിച്ചത്. ഇത് മകള്‍ ലക്ഷ്മിയുടെ വിവാഹാവശ്യത്തിനും മറ്റ് ചെലവുകള്‍ക്കുമായി വിനിയോഗിച്ചു.   

 

അമ്പലപ്പുഴ പടിഞ്ഞാറെ നടയിലെ ശ്രീവത്സം ലോട്ടറി ഏജന്‍സിയില്‍ നിന്നെടുത്ത ടിക്കറ്റുകള്‍ക്കാണ് മൂന്നുതവണയും ഒന്നാം സമ്മാനം നേടിയത്. ഒന്നാം സമ്മാനത്തിന് പുറമെ സമാശ്വാസ സമ്മാനമായ 10,000 രൂപ വീതവും മനോഹരനെടുത്ത ബാക്കി പത്ത് ടിക്കറ്റുകള്‍ക്ക് ലഭിക്കും. ലഭിക്കുന്ന തുക മകന്‍ സജിത്തിന്റെ ബിസിനസ് ആവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുമെന്നും മനോഹരന്‍ പറഞ്ഞു. വനജയാണ് ഭാര്യ.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.