ബാങ്ക് തട്ടിപ്പ്: 150 പേരുടെ പാസ്‌പോര്‍ട്ട് തടയും

Sunday 22 April 2018 3:07 am IST

ന്യൂദല്‍ഹി: കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി തിരിച്ചടവുകള്‍ മുടക്കിയവരുടെ പാസ്‌പോര്‍ട്ടുകള്‍ തടഞ്ഞുവയ്ക്കണമെന്ന പിഎന്‍ബി അധികൃതരുടെ ആവശ്യം വിദേശകാര്യ മന്ത്രാലയം ശരിവച്ചു. ഇതാദ്യമായാണ് ഒരു ബാങ്ക് തിരിച്ചടവു മുടക്കിയവര്‍ക്കെതിരെ പാസ്‌പോര്‍ട്ട് തടഞ്ഞുവയ്ക്കണമെന്ന ആവശ്യമുയര്‍ത്തുന്നത്. ബാങ്കിന്റെ തീരുമാനം വിദേശകാര്യമന്ത്രാലയം ശരിവച്ചതോടെ തിരിച്ചടവു മുടക്കിയ 150 പേരുടെ പാസ്‌പോര്‍ട്ടുകള്‍ തടഞ്ഞുവയ്ക്കും. പിഎന്‍ബി തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ ബാങ്കുകളില്‍ നിന്നും 50 കോടിക്കു മുകളില്‍ വായ്പ എടുക്കുന്നതിന് പാസ്‌പോര്‍ട്ടിന്റെ കോപ്പി ഹാജരാക്കണമെന്ന് നിര്‍ദ്ദേശം വന്നിരുന്നു.

കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി വായ്പയെടുത്ത് തിരിച്ചടവു മുടക്കിയവര്‍ക്കെതിരെ ബാങ്ക് 37 എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനു പുറമേയാണ് 150 പേരുടെ പാസ്പോര്‍ട്ട് തടഞ്ഞുവയ്ക്കാന്‍ അനുമതി ബാങ്ക് വിദേശകാര്യ മന്ത്രാലയത്തോട് അനുമതി തേടിയത്. തിരച്ചടവ് മുടക്കിയ 1,084 പേരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടുണ്ടെന്നും 260 പേരുടെ ചിത്രം പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും പിഎന്‍ബി അറിയിച്ചു. 2017ല്‍ ബാങ്കുകള്‍കിട്ടാക്കടങ്ങള്‍ തിരിച്ചു പിടിക്കുന്ന മിഷന്‍ ഗാന്ധിഗിരി ആരംഭിച്ചത്.

ഇതിന്റെ ഭാഗമായി പിഎന്‍ബി ഉദ്യോഗസ്ഥര്‍ തിരിച്ചടവു മുടക്കിയവരുടെ വീടുകളിലും സ്ഥാപനങ്ങളിലും സന്ദര്‍ശിച്ചിരുന്നു. പൊതുജനങ്ങളുടെ പണമാണ്, ദയവായി തിരിച്ചടയ്ക്കണം എന്നെഴുതിയ പ്ലക്കാര്‍ഡുകളുമേന്തിയാണ് ബാങ്കിന്റെ റിക്കവറി ടീം സന്ദര്‍ശനം നടത്തിയത്. 100-150 കോടി ഇത്തരത്തില്‍ തിരിച്ചുപിടിക്കാനാണ് പിഎന്‍ബി ലക്ഷ്യംവയ്ക്കുന്നത്. ഫെബ്രുവരി 14നാണ് വജ്രവ്യാപാരി നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും 11,400 കോടിയുടെ തട്ടിപ്പു നടത്തി രാജ്യം വിട്ടത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.