നവജാത ശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍ കണ്ടെത്തി

Sunday 22 April 2018 3:15 am IST

കൊട്ടാരക്കര: നവജാത ശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍ തെരുവ് നായ കടിച്ചു കീറിയ നിലയില്‍ കണ്ടെത്തി. കൊല്ലം പുത്തൂരിന് സമീപം കാരിക്കല്‍ ഗുരുനാഥ മഹാദേവ ക്ഷേത്രത്തിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലാണ് സംഭവം.  മൂന്ന് ദിവസമായ കുട്ടിയുടെ മൃതദേഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചതാണെന്ന് കരുതുന്നു.

ഇന്നലെ രാവിലെ 7.30ന് മാംസക്കഷണങ്ങള്‍ തെരുവുനായ്ക്കള്‍ വലിച്ചുകീറുന്നത് കാരിക്കലിലെ കുടുംബശ്രീ യൂണിറ്റ്  സെക്രട്ടറി ദിവ്യയുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതിനെ തുടര്‍ന്ന് വാര്‍ഡ് മെമ്പറും പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റുമായ വി.രാധാകൃഷ്ണനെ അറിയിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് കൈയും കാലും വേറിട്ട നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെടുത്തത്.

ഉടന്‍തന്നെ പോലീസില്‍ വിവരം അറിയിച്ചു. പുത്തൂര്‍ പോലീസ് സ്ഥലത്ത് പരിശോധന നടത്തി. തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ആരോ ആളൊഴിഞ്ഞ പറമ്പില്‍ ഉപേക്ഷിച്ചതായാണ് പൊലീസിന്റെ പ്രാഥമികനിഗമനം. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.