ചര്‍ച്ച പരാജയം: നഴ്‌സുമാര്‍ അനിശ്ചിതകാല സമരത്തിന്

Sunday 22 April 2018 3:45 am IST

തിരുവനന്തപുരം: ശമ്പളപരിഷ്‌കരണ ഉത്തരവ് ഉടന്‍ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ട് ഏപ്രില്‍ 24 മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ അനിശ്ചിതകാല സമരം തുടങ്ങും. ലേബര്‍ കമ്മിഷണറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണിത്.

ഇനി സര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ലെന്ന് കമ്മിഷണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് ജാസ്മിന്‍ ഷാ അറിയിച്ചു. ആവശ്യങ്ങള്‍ പരിശോധിക്കാന്‍ ഒരു മാസത്തെ സമയം വേണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ മൂന്ന് മാസമായിട്ടും സര്‍ക്കാര്‍ ഒരു തീരുമാനവും എടുത്തിട്ടില്ല. ഇനി ചര്‍ച്ചയുമായി മുന്നോട്ട് പോകുന്നതില്‍ അര്‍ത്ഥമില്ലെന്നും ജാസ്മിന്‍ ഷാ പറഞ്ഞു.

24ന് ചേര്‍ത്തലയില്‍ നിന്ന് സെക്രട്ടറിയേറ്റിലേക്ക് വാക്ക് ഫോര്‍ ജസ്റ്റിസ് എന്ന മുദ്രാവാക്യവുമായി ലോംഗ് മാര്‍ച്ച് നടത്തും. സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ ആശുപത്രി നഴ്‌സുമാരും പണിമുടക്കി മാര്‍ച്ചില്‍ പങ്കുചേരും. നഴ്‌സുമാരുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് പ്രധാന ആവശ്യം.

ഇതുസംബന്ധിച്ച സുപ്രീംകോടതി ഉത്തരവ് പാലിക്കാന്‍ സര്‍ക്കാരും മാനേജുമെന്റുകളും തയ്യാറാകണമെന്നും യുഎന്‍എ ആവശ്യപ്പെട്ടു. ഈ വിഷയം ഉന്നയിച്ച് നഴ്‌സുമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തിവരികയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.