സന്തോഷ് മാധവന്‍ സി.പി.എം നേതാവുമായി ചേര്‍ന്ന് ബിനാമി ഭൂമി തിരിച്ചുപിടിക്കാന്‍ രംഗത്ത്

Sunday 22 April 2018 3:45 am IST

വൈക്കം: വര്‍ഷങ്ങള്‍ക്ക് മുമ്പ് ബിനാമി പേരില്‍ വാങ്ങിക്കൂട്ടിയ പാടശേഖരങ്ങള്‍ തിരികെ പിടിക്കാന്‍ വിവാദ സ്വാമി സന്തോഷ് മാധവന്‍ വടയാറില്‍ എത്തി. പഞ്ചായത്ത് അംഗം കൂടിയായ സി.പി.എം നേതാവിനൊപ്പമാണ് കര്‍ഷകരുടെ വീടുകള്‍ കയറിയിറങ്ങിയത്. സന്തോഷ് മാധവന്‍ എന്നപേരില്‍ വാങ്ങിയത് അഞ്ച് ഏക്കറില്‍ താഴെയുള്ള കൃഷിയിടം മാത്രമാണെങ്കിലും 160 ഏക്കറിലധികം  ബിനാമി പേരിലാണ് ഇയാള്‍ വാങ്ങിക്കൂട്ടിയിരുന്നത്. ഈ ഭൂമിയിലാണ് മൂന്നു വര്‍ഷത്തിലേറെയായി സര്‍ക്കാര്‍ സഹായത്തോടെ കര്‍ഷകര്‍ കൃഷിയിറക്കുന്നത്. കൃഷിയില്‍ നിന്ന് നല്ല വരുമാനവും ലഭിക്കുന്നുണ്ട്.

തുടര്‍ന്നും ഇവിടെ കൃഷിയിറക്കണമെങ്കില്‍ താനുമായി ധാരണ ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടാണ് സന്തോഷ് മാധവന്‍ എത്തിയത്. പുതിയ രൂപത്തിലും ഭാവത്തിലും എത്തിയ സന്തോഷ് മാധവനെ കണ്ട നാട്ടുകാര്‍ ആദ്യം ഒന്നമ്പരന്നു. എന്നാല്‍ പിന്നീട് സന്തോഷ് മാധവന്‍ തന്നെ വീട്ടുകാര്‍ക്ക് തന്നെ പരിചയപ്പെടുത്തി. താന്‍ പറയുന്ന കാര്യങ്ങള്‍ക്ക് വിശ്വാസ്യത ലഭിക്കാനാണ് സി.പി.എമ്മിന്റെ പഞ്ചായത്ത് അംഗത്തെ തന്നെ ഇയാള്‍ കൂടെക്കൂട്ടിയത്. സന്തോഷ് മാധവന്റെ കൂടെ പോയ പഞ്ചായത്ത് അംഗത്തോട് സി.പി.എം മൃദുസമീപനമാണ് സ്വീകരിക്കുന്നത്. 

ഇയാള്‍ക്ക് പാര്‍ട്ടി ഉന്നതന്റെ പിന്തുണയും ഉണ്ട്. സന്തോഷ് മാധവനുമായി വ്യവസ്ഥയൊന്നും ഉണ്ടാക്കാതെ തന്നെ കൃഷിയിറക്കാനാണ് കര്‍ഷകരുടെ തീരുമാനം. ഒരുകാലത്ത് വൈക്കത്തിന്റെ നെല്ലറകളായ വടയാര്‍ പാടശേഖരങ്ങള്‍ പലതും ബിനാമി പേരുകളിലാണ് നിലകൊള്ളുന്നത്. ഇവിടെ സി.പി.എമ്മിനെ കൂട്ടുപിടിച്ച് ഭൂമി തിരിച്ചുപിടിക്കാനാണ് സന്തോഷ് മാധവന്‍ എത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.