വര്‍ഷങ്ങള്‍ക്കുമുന്നേ വിത്തിട്ടു, കോണ്‍ഗ്രസ്സും ഇടതും വളമിട്ടു

Sunday 22 April 2018 4:00 am IST
മത-വര്‍ഗീയ നിലപാടുകളില്‍ നിന്നു കടുത്ത ഭീകരവാദത്തിലേക്ക് മുസ്ലീം സമൂഹത്തെ നയിക്കാനാണ് 80കള്‍ക്കുശേഷം കേരളത്തിലെ മുസ്ലീം സംഘടനകള്‍ പരിശ്രമിച്ചത്. ഇതില്‍ സുപ്രധാനമാണ് സിമിയുടെ രൂപീകരണവും അതിന്റെ പ്രവര്‍ത്തനവും.

മാപ്പിള ലഹളയ്ക്കുശേഷം മലപ്പുറം ജില്ലാ രൂപീകരണത്തിന്റെ മതപരമായ ഉള്ളടക്കത്തെ ചൂഷണം ചെയ്തുകൊണ്ട് മുസ്ലീം സമൂഹത്തെ വര്‍ഗീയമായി സംഘടിപ്പിക്കുകയായിരുന്നു മുസ്ലീംലീഗ്. ഭരണം നേടാനും നിലനിര്‍ത്താനുമുള്ള ഏണിപ്പടിയായി മുസ്ലീംലീഗിനെ ഉപയോഗിക്കുന്നതില്‍ ഇടതു-വലതു മുന്നണികള്‍ മത്സരിച്ചു. ഈ പ്രത്യേക രാഷ്ട്രീയ സമീപനമാണ് മുസ്ലീം വര്‍ഗീയതയ്ക്ക് വളക്കൂറുള്ള മണ്ണായി കേരളത്തെ പരിവര്‍ത്തിപ്പിക്കാന്‍ ഇടയാക്കിയത്. മത-വര്‍ഗീയ നിലപാടുകളില്‍ നിന്നു കടുത്ത ഭീകരവാദ നിലപാടുകളിലേക്ക് മുസ്ലീം സമൂഹത്തെ നയിക്കാനാണ് 80 കള്‍ക്കുശേഷം കേരളത്തിലെ മുസ്ലീം സംഘടനകള്‍ പരിശ്രമിച്ചത്. ഇതില്‍ സുപ്രധാനമാണ് സിമിയുടെ രൂപീകരണവും കേരളത്തിലെ അതിന്റെ പ്രവര്‍ത്തനവും.

സംഘടന എന്ന മാനദണ്ഡത്തില്‍ മറ്റു മുസ്ലീം സംഘടനകളുടെ അത്ര അംഗബലമോ സ്വാധീനമോ സിമിക്ക് ഉണ്ടായിരുന്നില്ലെങ്കിലും സമീപനങ്ങളിലും തന്ത്രങ്ങളിലുമുള്ള പ്രത്യേകതകളും തീവ്രസമീപനങ്ങളും കാരണം മുസ്ലീം മനസിനെ വര്‍ഗീയമായി മുന കൂര്‍പ്പിക്കുന്നതില്‍ ഈ സംഘടനക്ക് ഏറെ വിജയിക്കാന്‍ കഴിഞ്ഞു. ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി സംഘടന എന്ന നിലയില്‍ മൗമുദീയന്‍ ആശയസംഹിത മുസ്ലീം യുവാക്കളില്‍ അടിച്ചേല്‍പ്പിക്കാന്‍ 1977ല്‍ രൂപീകരിക്കപ്പെട്ട അതിന് കഴിഞ്ഞു. മതേതരഭരണം എന്ന ആശയത്തെ താത്വികമായി അംഗീകരിക്കാത്ത ജമാഅത്തെ ഇസ്ലാമിയുടെ ഉള്ളിലിരുപ്പ് പുറത്തു ചാടിയത് 80കളുടെ മധ്യത്തില്‍ അവര്‍ ആവിഷ്‌കരിച്ച പ്രത്യേക മുദ്രാവാക്യത്തില്‍ നിന്നാണ്.

'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ' എന്നായിരുന്നു സിമിയുടെ കുപ്രസിദ്ധമായ മുദ്രാവാക്യം. ഇന്ത്യയെ എവിടെ നിന്നോ മോചിപ്പിക്കണമെന്നും അവിടെ നിന്ന് അതിനെ ഇസ്ലാമിലേക്ക് എത്തിക്കണമെന്നും പറയുന്നതിലെ ഉദ്ദേശ്യം വ്യക്തമാണ്. ഈ മുദ്രാവാക്യം ഏറെ വിമര്‍ശിക്കപ്പെടുകയും വിവാദമാവുകയും ചെയ്തപ്പോള്‍ ഒ. അബ്ദുല്ല എഴുതിയ വിശദീകരണ ലഘുലേഖയില്‍ ഇങ്ങിനെ പറയുന്നു. ''ജനങ്ങളില്‍ ഭൂരിപക്ഷത്തിനും ഇസ്ലാമിന്റെ സന്ദേശമെത്തിച്ച് ചുരുങ്ങിയത് അവരില്‍ ഭൂരിഭാഗത്തിന്റെയും തെറ്റിദ്ധാരണകളകറ്റി അവരില്‍ നിന്ന് തന്നെ പ്രബോധക പ്രവര്‍ത്തകരുടേതായ ശക്തിയായൊരു ബഹുജന നിരയെ സജ്ജമാക്കി വേണം മോചനത്തെയും വിപ്ലവത്തെയും കുറിച്ചു സംസാരിക്കാന്‍. ഒരു വേള നാം ജീവിക്കുന്ന ഈ കാലഘട്ടത്തില്‍ ഒരിക്കല്‍ പോലും നമുക്കൊന്നും മോചനത്തെയോ വിപ്ലവത്തേയോ കുറിച്ച് സംസാരിക്കാന്‍ തന്നെ തരപ്പെട്ടില്ലെന്ന് വരും. ദീനിന്റെ അടിത്തറ പാകുക എന്നതാണ് നമ്മുടെ ചുമതല. നാം കെട്ടിടത്തിന്റെ തറ നിര്‍മ്മിക്കുന്നു, ദൈവം അനുഗ്രഹിച്ചെങ്കില്‍ നമുക്ക് ശേഷം വരുന്ന തലമുറകള്‍ കെട്ടിടം പണി പൂര്‍ത്തിയാക്കും എന്നതാണ് ഒ. അബ്ദുല്ല പ്രകടമാക്കുന്ന ആത്മവിശ്വാസം.  കിള കീറുന്നതിന് മുമ്പേ കുടിയിരിക്കലിന് ആളെ ക്ഷണിക്കരുതെന്ന ഉപദേശവും നല്‍കുന്നുണ്ട് ജനാബ് അബ്ദുല്ല. ചുരുക്കത്തില്‍ ഇസ്ലാമിക രാഷ്ട്രത്തെക്കുറിച്ച് പറയാറായിട്ടില്ല. പറയുന്നതിന് മുമ്പ് സമൂഹത്തെ ഇസ്ലാമിന്റെ ധാരയില്‍ എത്തിക്കണമെന്നര്‍ഥം.

1979ല്‍ ഇറാനില്‍ ഷാ ചക്രവര്‍ത്തിയെ പരാജയപ്പെടുത്തി ''ഇസ്ലാമിക വിപ്ലവം'' അരങ്ങേറിയത് ഭാരതത്തിലും ഏറെപ്പേരെ ആവേശം കൊള്ളിച്ചു. വിപ്ലവത്തിന് ആശയധാര പ്രദാനം ചെയ്ത അലീശരി അത്തിയുടെ പുസ്തകത്തിന് ഏറെ മലയാളം വിവര്‍ത്തനങ്ങള്‍ ഉണ്ടായി. 'ഇറാന്‍ വിപ്ലവ'ത്തിന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖൊമേനിയുടെ ജീവചരിത്രവും അദ്ദേഹത്തിന്റെ കൃതികളും മലയാളത്തില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു. ഇറാന്‍ വിപ്ലവത്തിനെ പിന്തുണക്കുന്നതിന്റെ അളവിലും സമയത്തിലുമുള്ള തര്‍ക്കത്തിന്റെ പേരില്‍ ജമാഅത്തെ ഇസ്ലാമിയും സിമിയും അകന്നു. ഇസ്ലാമിക വിപ്ലവം എപ്പോള്‍ ഇന്ത്യയില്‍ നടപ്പാക്കണം എന്നതിനെക്കുറിച്ച് മാത്രമായിരുന്നു ഇവരുടെ തര്‍ക്കം.

1985ലെ ഷാബാനു കേസിലെ വിധിയെ വര്‍ഗീയമായി ചേര്‍ത്തു വായിക്കാനാണ് മുസ്ലീംലീഗടക്കമുള്ള സംഘടനകള്‍ പരിശ്രമിച്ചത്. മുസ്ലീംലീഗിന്റെ രണ്ടു ഘടകങ്ങളും പിളര്‍പ്പൊഴിവാക്കി ഒന്നായതും 1985ല്‍ത്തന്നെ. ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലും ആശീര്‍വാദത്തിലും 1987ല്‍ ആരംഭിച്ച മാധ്യമം പത്രം നേരത്തെ ഒ. അബ്ദുല്ല സൂചിപ്പിച്ച നിലമൊരുക്കലിന്റെയും അടിത്തറ കെട്ടുന്നതിന്റെയും ഭാഗമായി വേണം കാണാന്‍. അടിയന്തരാവസ്ഥയില്‍ കനത്ത തിരിച്ചടികളേറ്റ തീവ്ര കമ്മ്യൂണിസ്റ്റ് പക്ഷം രാഷ്ട്രീയമായി വിരമിക്കലിന്റെ പക്ഷത്തായിരുന്നു. ഇവര്‍ക്ക് എഴുതാനും പറയാനും ഒപ്പിടാനുമുള്ള വേദിയൊരുക്കുകയാണ് ജമാഅത്തെ ഇസ്ലാമി ചെയ്തത്. 1990കളില്‍ കേരളത്തില്‍ കരുത്താര്‍ജിക്കുന്ന മുസ്ലീം തീവ്രവാദ നിലപാടുകള്‍ക്കും പുതിയ പ്രസ്ഥാനങ്ങളുടെ പിറവിക്കും 1980കളില്‍ നടന്ന ഇത്തരം സംഭവങ്ങള്‍ വഹിച്ച പങ്ക് ചെറുതല്ല.

കേരളത്തില്‍ ഇടം കിട്ടാത്ത മാവോയിസ്റ്റുകളും മൗദൂദിസ്റ്റുകളും ഒരേ തൂവല്‍ പക്ഷികളായി. ജമാഅത്തെ ഇസ്ലാമിയും സഹസംഘടനകളും പ്രസിദ്ധീകരണ വിഭാഗവും പത്രവും വാരികയും സൃഷ്ടിച്ച ആശയതലവും ആഗോളതലത്തില്‍ മുസ്ലീങ്ങള്‍ ഇരകളാക്കപ്പെടുന്നുവെന്ന പ്രചാരണവും കൊഴുപ്പിച്ച കാലത്തിലേക്കാണ് മദനി എന്ന തീതുപ്പുന്ന പ്രാസംഗികന്‍ കടുത്ത വര്‍ഗീയ നിലപാടുകളുമായി രംഗപ്രവേശം ചെയ്യുന്നത്.

(തുടരും...)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.