ഇരിട്ടി ടൗണിലെ കെഎസ്ടിപി റോഡ് വികസനം; കയ്യേറ്റം കണ്ടെത്താന്‍ താലൂക്ക് തല സര്‍വ്വെ ഒരാഴ്ച്ചക്കുള്ളില്‍ തുടങ്ങും

Saturday 21 April 2018 10:30 pm IST

 

ഇരിട്ടി: തലശ്ശേരി- വളവുപാറ കെഎസ്ടിപി റോഡ് വികസനത്തില്‍ ഉള്‍പ്പെട്ട ഇരിട്ടി ടൗണിലെ വികസനം സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കെ ടൗണിലെ റവന്യു ഭൂമി കയ്യേറ്റം കണ്ടെത്താന്‍ താലൂക്ക് തല സര്‍വ്വെ ഒരാഴ്ച്ചക്കകം തുടങ്ങും. പുതുതായി നിര്‍മ്മിക്കുന്ന ഇരിട്ടി പാലത്തിനോട് ചേര്‍ന്ന ഭാഗത്തെ റവന്യു ഭൂമി എത്രത്തോളം കയ്യേറി എന്ന് കണ്ടെത്താനാണ് സര്‍വ്വെ നടത്തുന്നത്. റോഡ് വികസനത്തിനായി കെഎസ്ടിപി ഏറ്റെടുത്ത ഭൂമിക്ക് പുറമെ റവന്യു ഭൂമി കയ്യേറി കെട്ടിടങ്ങള്‍ സ്ഥാപിച്ചതായും കണ്ടെത്തിയിരുന്നു. ഇരിട്ടി പാലം മുതല്‍ പയഞ്ചേരി വരെയുള്ള ഭാഗങ്ങളില്‍ ഇത്തരത്തില്‍ ചെറുതും വലുതുമായി കയ്യേറ്റങ്ങള്‍ സര്‍വ്വെയില്‍ കണ്ടെത്തിയിരുന്നു. കയ്യേറിയ ഭാഗങ്ങള്‍ തിരിച്ചു പിടിച്ചാല്‍ മാത്രമേ ടൗണ്‍ വികസനം യഥാര്‍ത്ഥ്യമാകു. എത്രത്തോളം കയ്യേറ്റമുണ്ടെന്ന് കണ്ടെത്താനാണ് താലൂക്ക് സര്‍വ്വെയറുടെ നേതൃത്വത്തില്‍ സര്‍വ്വെ നടത്തുന്നത്. കയ്യേററം പൂര്‍ണ്ണമായും ഒഴിപ്പിക്കുന്നത് പുതിയ സര്‍വ്വെയിലൂടെ സാധിക്കും. കയ്യേറിയ ഭാഗങ്ങള്‍ പൂര്‍ണ്ണമായും തിരിച്ച് പിടിച്ച് ടൗണ്‍ വികസനം യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യം ശക്തമാകുന്നുണ്ട്.

കെഎസ്ടിപി ഏറ്റെടുത്ത സ്ഥലം പ്രയോജനപ്പെടുത്തി നിലവിലുള്ള രീതിയില്‍ നിര്‍മ്മാണം നടത്തിയാല്‍ മതിയെന്ന് കാണിച്ച് വ്യാപാരി സംഘടനകള്‍ കെഎസ്ടിപിക്കും നഗരഭരണകൂടത്തിനും കത്ത് നല്‍കിയിരുന്നു. കയ്യേറ്റം ഒഴിപ്പിച്ചില്ലെങ്കില്‍ 20 വര്‍ഷം മുന്‍മ്പ് സ്ഥാപിച്ച ഓവുചാല്‍ നിലനിര്‍ത്തിക്കൊണ്ടുള്ള വികസനം മാത്രമാണ് ടൗണില്‍ നടപ്പാക്കാന്‍ പറ്റു. നിലവിലുള്ള ഒവുചാല്‍ മാറ്റി പുതിയവ സ്ഥാപിക്കണമെങ്കില്‍ കയ്യേറിയ റവന്യു ഭൂമി കൂടി പ്രയോജനപ്പെടുത്തണം. നേരത്തെ റോഡ് വികസനവുമായി ബന്ധപ്പെട്ട് നടന്ന ജനപ്രതിനിധികളുടേയും വ്യാപാരി സംഘടനകളുടേയും യോഗത്തില്‍ ഉണ്ടാക്കിയ തീരുമാനം കയ്യേറ്റം ഒഴിപ്പിക്കുന്നത് സംബന്ധിച്ച് വ്യാപാരികളുടെ നിലപാട് ഒരാഴ്ച്ചക്കുള്ളില്‍ അറിയിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍  വ്യാപാരികള്‍ അവരുടെ തീരുമാനം ബന്ധപ്പെട്ടവരെ അറിയിച്ചതല്ലാതെ പൊതുവായ തീരുമാനം ഉണ്ടായിട്ടില്ല. കയ്യേറ്റം ഒഴിപ്പിക്കുന്ന കാര്യത്തില്‍ നഗരസഭയും ബന്ധപ്പെട്ടവരും ഒളിച്ചുകളി തുടരുകയാണ്. റവന്യു ഭൂമി കയ്യേറിയ ചില കെട്ടിടം ഉടമകള്‍ വ്യാപാര സംഘടനകളെയും രാഷ്ട്രീയ നേതൃത്വങ്ങളെയും സ്വാധീനിച്ച് തങ്ങളുടെ കയ്യേറ്റം അവകാശമാക്കി മാറ്റാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.

നിലവിലുള്ള കയ്യേറ്റം പൂര്‍ണ്ണമായും ഒഴിപ്പിച്ച്് പുതിയ ഓവുചാല്‍ നിര്‍മ്മിച്ച് ടൗണ്‍ വികസനം യാഥാര്‍ത്ഥ്യമാക്കണമെന്ന് ഒരുവിഭാഗം വ്യാപാരികള്‍ ആഗ്രഹിക്കുന്നുണ്ട്. ഭാവിയില്‍ നാലുവരി പാതയിലേക്ക് മാറുമ്പോള്‍ ടൗണില്‍ പുതുതായി ഒന്നും ഏറ്റെടുക്കുകയോ പൊളിക്കേണ്ടതായോ വരില്ല. അതിനാല്‍ പരമാവധി വികസനം ഇതോടൊപ്പം പൂര്‍ത്തിയാക്കണമെന്നാണ് ഇവരുടെ  ആഗ്രഹം. എന്നാല്‍ കയ്യേറ്റം പൂര്‍ണ്ണമായും ഒഴിപ്പിക്കണമെന്ന ശക്തമായ നിലപാട് ബന്ധപ്പെട്ടവരില്‍ നിന്നും ഉണ്ടാകുന്നില്ല. 

ഇരിട്ടിയില്‍ പുതിയ പാലം നിര്‍മ്മിക്കുന്നതിനാല്‍ റോഡിന്റെ അലൈന്‍മെന്റില്‍ കാര്യമായ മാറ്റം ഉണ്ടായിട്ടുണ്ട്. ഇതുമൂലം പുതിയ പാലത്തിലേക്ക് ചേരും വിധം നിലവിലുള്ള റോഡിന്റെ ഘടനയിലും വലിയ മാറ്റം വരും. ഇതിനായി പാലത്തിന് സമീപഭാഗത്തെ  കെട്ടിടത്തിന്റെ പലഭാഗങ്ങളും പൊളിച്ചു മാറ്റണം.ഇതാണ് കയ്യേറ്റക്കാരെ ആശങ്കയിലാക്കുന്നത്. ഭരണ നേതൃത്വവും കയ്യേറ്റക്കാരെ സഹായിക്കുന്നതായുള്ള ആരോപണങ്ങളും ഉയരുന്നുണ്ട്. കയ്യേറിയ റവന്യു ഭൂമി തിരിച്ചു പിടിക്കാന്‍ കഴിഞ്ഞാല്‍ നഗരത്തില്‍ പുതിയ ഓവുചാലും പാര്‍ക്കിംങ്ങിനും സൗകര്യമൊരുങ്ങും. എന്നാല്‍ കയ്യേറ്റം ഒഴിപ്പിക്കാതിരിക്കുന്നതിനുള്ള അണിയറ നീക്കങ്ങളും നടക്കുന്നുണ്ട്.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.